കോട്ടയ്ക്കൽ: കണ്ണനിപ്പോൾ മനസ്സിൽ രണ്ട് ദൈവങ്ങളുണ്ട് അതിലൊരാൾക്ക് വേണ്ടി പ്രാർത്ഥിക്കാനായാണ് കൺകണ്ട ദൈവമായ അയ്യന്റെ സന്നിധാനത്തേക്ക് അയാൾ യാത്ര തിരിച്ചത്.അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട കണ്ണൻ ചക്രക്കസേരയിൽ ശബരിമലയിലേക്കു യാത്ര പോകുമ്പോൾ ലക്ഷ്യം ഒന്നുമാത്രമാണ്.അാരോറുമില്ലാത്ത നിസ്സഹായവസ്ഥയിൽ സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത വീട് നിർമ്മിച്ചു നൽകിയ 'സമീറ ടീച്ചർ'ക്കുവേണ്ടി മനസ്സുരുകി പ്രാർത്ഥിക്കണം.അതിനായാണ് പിരമിതികൾ ഏറെയുണ്ടായിട്ടും പതിനെട്ടാം പടി കടന്ന് അയ്യപ്പനെ കാണാനായി കണ്ണൻ ഇറങ്ങി തിരിച്ചത്.

തമിഴ്‌നാട് മുത്തുപേട്ട സ്വദേശിയായ കണ്ണൻ വർഷങ്ങൾക്കു മുൻപാണ് മലപ്പുറത്തെത്തിയത്.വിവിധയിടങ്ങളിൽ കെട്ടിട നിർമ്മാണ ജോലി ചെയ്തു. ലോറിയിൽ നിന്നു ലോഡ് ഇറക്കുന്നതിനിടെ അപകടം പറ്റി ഇടതുകാൽ നഷ്ടമായി. വലതു കാലിന്റെ സ്വാധീനവും കുറഞ്ഞു. ഇപ്പോൾ എടവണ്ണപ്പാറയിൽ ലോട്ടറി ടിക്കറ്റ് വിൽപനയാണ് ജോലി. ഭാര്യ വീടുകളിൽ ജോലിക്കു പോകുന്നുണ്ട്.

ഭാര്യയ്ക്കും 4 മക്കൾക്കുമൊപ്പം ഓമാനൂർ തടപ്പറമ്പിലെ ഷെഡിൽ കഴിയുന്നതിനിടെയാണ് കൊണ്ടോട്ടി ഗവ.കോളജ് അദ്ധ്യാപിക എംപി.സമീറ ദേവദൂതയായി മുന്നിൽ അവതരിച്ചത്. അവരും കോളജിലെ എൻഎസ്എസ് വിദ്യാർത്ഥികളും ചേർന്നു തടപ്പറമ്പിൽ സൗകര്യങ്ങൾ ഏറെയുള്ള വീട് 8 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ചുനൽകി.കൂടാതെ, ചക്രക്കസേരയും വാങ്ങിക്കൊടുത്തു 2016ൽ വീട് നിർമ്മാണം പൂർത്തിയായപ്പോഴേ കരുതിയതാണ് ദുരിത ജീവിതം മാറ്റിയെടുത്ത പ്രിയപ്പെട്ട അദ്ധ്യാപികയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന്. ഓരോ കാരണങ്ങളാൽ യാത്ര നീണ്ടുപോയി. കഴിഞ്ഞദിവസമാണ് കൊണ്ടോട്ടിയിൽ നിന്നു ശബരിമലയിലേക്കു യാത്ര പുറപ്പെട്ടത്.

തന്റെ സന്നിധാനത്തേയ്ക്കുള്ള യാത്രയ്ക്കിടെ പലരും പലവിധത്തിൽ സഹായിക്കുന്നതായി കണ്ണൻ പറഞ്ഞു.കോട്ടയ്ക്കലിലെ ഒരുകൂട്ടം യുവാക്കൾ കിലോമീറ്ററുകളോളം ദൂരം ചക്രക്കസേര തള്ളിക്കൊടുത്തു.ചിലർ പണം നൽകിയും സഹായിച്ചു.ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഭക്ഷണവും താമസവും.തേഞ്ഞിപ്പലം,കോട്ടയ്ക്കൽ,എടപ്പാൾ, തൃശൂർ വഴി യാത്ര ചെയ്ത് ഈ മാസാവസാനത്തോടെ സന്നിധാനത്ത് എത്താനാണ് തീരുമാനം.വൈകിയാൽ മകര ജ്യോതി കാണാനുകുമെന്നും ഉള്ളിലുണ്ട്.ട്രോളി ഉപയോഗിക്കാതെ പതിനെട്ടാംപടി നേരിട്ടു കയറണമെന്നാണ് ആഗ്രഹം.ബസിലാകും തിരികെ നാട്ടിലേക്കു മടങ്ങുക.