- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർണ്ണ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്താനുള്ള ധൃതിക്കിടെ പുകവരുന്നത് ഗൗനിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി; കണ്ണൂരിൽ കാർ കത്തി നശിച്ചത് ഷോർട്ട് സർക്യൂട്ട് കാരണമെന്ന് ആർടിഒ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; വിറങ്ങലിച്ച് കുറ്റിയാട്ടൂർ ഗ്രാമം
കണ്ണൂർ: കണ്ണൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ കാർ അപകടകത്തിന് കാരണം ഷോർട്ട് സർക്യൂട്ട് തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതയായി കണ്ണൂർ ആർ. ടി.ഒ ഉണ്ണിക്കൃഷ്ണൻ. വാഹനത്തിൽ നിന്നും നേരത്തെ തന്നെ പുക ഉയർന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൂർണ്ണ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്താനുള്ള ധൃതിക്കിടെ പുകവരുന്നത് ഗൗനിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി. ഇതു സംബന്ധിച്ചു ഹൈക്കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നും ആർ. ടി.ഒ അറിയിച്ചു.
ഇതിനിടെ കണ്ണൂരിൽ കാറുകൾ കത്തി അപകടമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചു വിശദീകരണം നൽകണമെന്ന് സംസ്ഥാനമനുഷ്യാവകാശകമ്മിഷൻ ഉത്തരവിട്ടു. സംസ്ഥാനഗതാഗത കമ്മിഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്ര ഏജൻസിയായ പൂനൈയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോ. ഓഫ് ഇന്ത്യ ഡയറക്ടറും മൂന്നാഴ്‌ച്ചക്കുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കാറുകളുടെ മെക്കാനിക്കൽ തകരാറാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിക്കണം. കണ്ണൂരിൽ കാർ കത്തി രണ്ടു പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് മരിച്ച ദമ്പതികൾക്ക് കുറ്റിയാട്ടൂർ ഗ്രാമം യാത്രാമൊഴിയേകി. കുറ്റിയാട്ടൂർ യുപി സ്‌കൂളിന് സമീപത്തെ കുഴിക്കൽ വിശ്വനാഥന്റെയും ശോഭനയുടെയും മകൾ റീഷ (25 ) ഉരുവച്ചാലിലെ താമര വളപ്പിൽ പരേതരായ ഗോപാലന്റെയും കൗസല്യയുടെയും മകൻ പ്രജിത്ത് (35) എന്നിവരായിരുന്നു മരിച്ചത്.
ഇരുവരുടെയും ഭൗതികശരീരം വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെ റിഷയുടെ വീട്ടിൽ എത്തിച്ച് പൊതു ദർശനത്തിന് ശേഷം പ്രജിത്തിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. രണ്ട് സ്ഥലത്തുമായി നാനാ തുറകളിൽപ്പെട്ട നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. അപകടത്തിൽപ്പെട്ട കാറിൽ ദമ്പതികളെ കൂടാതെ നാല് പേർ ഉണ്ടായിരുന്നു. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന നാല് പേരിൽ ശ്രീപാർവ്വതി മരിച്ച റീഷയുടേയും, പ്രജിത്തിന്റെയും മകളാണ്.
പ്രജിത്തിന്റെ സഹോദരങ്ങൾ: പ്രമോദ്, പ്രകാശൻ, പ്രശാന്തൻ, പ്രസന്ന, പരേതനായ പ്രദീപൻ. വിശ്വനാഥൻ-ശോഭന ദമ്പതികളുടെ മകളാണ് റീഷ.സംഭവത്തെ കുറിച്ചു പൊലിസും ഫോറൻസിക് വിഭാഗവും അന്വേഷണം നടത്തിവരികയാണ്.ശാസ്ത്രീയപരിശോധനയ്ക്കു ശേഷം സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ പൊലിസ് കമ്മിഷണർ അജിത്ത് കുമാർ അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്