കണ്ണൂര്‍: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) കെ.നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കുമെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീത. ഇന്ന് ജില്ലാ കളക്ടറേറ്റിലെത്തിയ എ.ഗീത കളക്ടര്‍ അരുണ്‍ കെ.വിജയന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍, പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്ത്, എഡിഎമ്മിന്റെ ഡ്രൈവര്‍ ഷംസുദ്ദീന്‍ തുടങ്ങിയവരുടെ മൊഴിയെടുത്തു. അതേ സമയം വകുപ്പുതല അന്വേഷണം നടത്തുന്ന എ.ഗീത ഐഎഎസിന് മുമ്പാകെ മൊഴി നല്‍കാന്‍ പി.പി.ദിവ്യ സാവകാശം തേടി. പ്രശാന്തന്റെ മൊഴിയെടുത്തെന്നും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചെന്നും എ.ഗീത പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും മൊഴിയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും സംഭവിച്ച കാര്യങ്ങള്‍ ,പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയ ഫയല്‍ നടപടികള്‍, കൈക്കൂലി ആരോപണത്തിന്റെ വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിച്ചത്. വീഡിയോ തെളിവുകളുള്‍പ്പെടെ ശേഖരിച്ചെന്നും ഒരാഴ്ചക്കുളളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുമെന്നും എ. ഗീത പ്രതികരിച്ചു. എട്ട് മണിക്കൂറിലധികമാണ് കളക്ടറേറ്റ് ഹാളില്‍ മൊഴിയെടുപ്പ് നീണ്ടത്.

പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി കൈക്കൂലി കൊടുത്തെന്ന ആരോപണത്തില്‍ വിവി പ്രശാന്തന്റെ മൊഴിയെടുത്തു. കണ്ണൂരിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത് കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് വിവരങ്ങള്‍ തേടിയത്. പ്രശാന്തനോട് രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കി. കൈക്കൂലി നല്‍കിയ പണത്തിന്റെ ഉറവിടം, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി എന്നിവ അടക്കമാണ് ഹാജരാക്കാന്‍ അറിയിച്ചത്. രേഖകള്‍ പരിശോധിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. അതേസമയം, പ്രശാന്തന്റെ വിശദമായ മൊഴിയെടുപ്പ് പിന്നീട് നടക്കും.

നേരത്തേ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റിയാണ് എ. ഗീതയ്ക്ക് അന്വേഷണ ചുമതല കൈമാറിയത്. റവന്യു മന്ത്രി കെ. രാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അരുണ്‍ കെ.വിജയനെതിരെ കെ.നവീന്‍ ബാബുവിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. കളക്ടര്‍ എ.ഡി.എം. ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്ന് ഇവര്‍ കണ്ണൂരില്‍ നിന്നുള്ള അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. നവീന്‍ ബാബുവിന് അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു.

കൂടാതെ, നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത് കളക്ടര്‍ അരുണ്‍ കെ.വിജയന്‍ ക്ഷണിച്ചതിനാലാണെന്നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നത്. എ.ഡി.എമ്മിനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. രാഷ്ട്രീയതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. വീട്ടില്‍ രോഗിയായ അച്ഛന്‍, അമ്മ, മകള്‍, ഭര്‍ത്താവ് എന്നിവരുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം.

പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.

അതേസമയം, പിപി ദിവ്യക്കെതിരെ സിപിഎമ്മിന്റെ സംഘടനാ നടപടി ഉടന്‍ ഉണ്ടാവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയില്‍ നടപടി സ്വീകരിച്ചത്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാല്‍ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.

അതിനിടെ പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. പാര്‍ട്ടി പൂര്‍ണ്ണമായും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാന്‍ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു.