- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പെട്രോള്‍ പമ്പ് അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; അനുമതി നല്കിയപ്പോള് അത് അഴിമതിയുമായി! വിജിലന്‍സിന് പരാതി നല്‍കാതെ യാത്ര ചടങ്ങില്‍ ദിവ്യയുടെ സൂപ്പര്‍ ഷോ; അപമാനഭാരത്താല്‍ ഉപഹാരം ഏറ്റുവാങ്ങിയ കണ്ണൂര്‍ എഡിഎം; നാണക്കേട് ആത്മഹത്യയായോ? നവീന്‍ ബാബുവിന്റെ മരണം വിവാദത്തില്‍
കണ്ണൂര്‍: യാത്രയയപ്പ് സമ്മേളനത്തിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി വിമര്‍ശിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്ത കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കുമ്പോള്‍ അത് വിവാദമായി മാറും. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഭാവിയിലെ സിപിഎം അധികാര കേന്ദ്രമായി മാറുമെന്ന് ഏവരും കരുതുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എഡിഎമ്മിനെതിരെ നടത്തിയത് സമാനതകളില്ലാത്ത ആരോപണമായിരുന്നു. അതും എഡിഎമ്മിന്റെ യാത്രയപ്പ് ചടങ്ങില്‍. നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കണ്ണൂര്‍ തളാപ്പിലെ താമസസ്ഥലത്താണ് ഇന്ന് നവീന്‍ ബാബുവിനെ രാവിലെ അദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച്ച വൈകിട്ട് കണ്ണൂര്‍ കലക്ടറുടെ ചേംബറില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാലതാമസം വരുത്തിയതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എ.ഡി.എമ്മിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. എ.ഡി.എം സ്ഥലം മാറി പോകുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഒസി അനുവദിച്ചത് അഴിമതിയതാണെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ദിവ്യ പറഞ്ഞിരുന്നു.
ഈ കാര്യം നാലു ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ തന്റെ പ്രസംഗം കഴിഞ്ഞതിന് ശേഷം ബഹിഷ്‌കരിച്ചു പുറത്ത് പോയത്. കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്കാണ് എ.ഡി.എം.കെ. നവീന്‍ ബാബു സ്ഥലം മാറി പോകേണ്ടിയിരുന്നത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനായിരുന്നു ഉദ്ഘാടകന്‍ ഇതിനിടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി കയറി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അകാരണമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
അപമാന ഭാരത്തിന്‍ വ്രണിത ഹൃദയനായാണ് എ.ഡി.എം. കലക്ടറില്‍ നിന്നും ഉപഹാരം സ്വീകരിച്ച ശേഷം മടങ്ങിയത്. കേരളത്തിലെ ചരിത്രത്തില്‍ പോലും യാത്രയപ്പ് ചടങ്ങില്‍ ഒരു ഉദ്യോഗസ്ഥനെ പരിഹസിക്കുകയെന്ന തലത്തില്‍ ആരും പെരുമറായിട്ടില്ല. നവീന്‍ ബാബുവിനെതിരെ അഴിമതി പരാതിയുണ്ടായിരുന്നുവെങ്കില്‍ പിപി ദിവ്യയ്ക്ക് വിജിലന്‍സിനെ അറിയിക്കാമായിരുന്നു. സിപിഎം നേതാവിന്റെ പരാതി വിജിലന്‍സ് ഗൗരവത്തില്‍ തന്നെ എടുക്കും. എന്നാല്‍ അതൊന്നും ചെയ്യാതെ ബ്ലാക് മെയില്‍ രാഷ്ട്രീയമാണ് കണ്ണൂരിലെ യാത്രയയ്പ്പ് വേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയത്. ഇതില്‍ കളക്ടര്‍ അടക്കം പ്രതിഷേധത്തിലായിരുന്നു. ഇതിനിടെയാണ് നവീന്‍ ബാബുവിന്റെ മരണം.
അഴിമതി ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പിപി ദിവ്യ പത്രസമ്മേളനം നടത്തുമെന്നും സൂചനയുണ്ടായിരുന്നു. പിണറായി സര്‍ക്കാരിന് കീഴില്‍ അഴിമതി നടക്കുന്നുവെന്ന ഗുരുതര ആരോപണമാണ് പിപി ദിവ്യ ഉന്നയിച്ചത്. ഇത് സര്‍ക്കാരിനും തലവേദനയായി മാറുമായിരുന്നു. ഉപതിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിന് വടികൊടുത്ത പിപി ദിവ്യയ്‌ക്കെതിരെ സിപിഎമ്മില്‍ പോലും എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെല്ലാം പുതിയ മാനം നല്‍കുന്നതാണ് എഡിഎമ്മിന്റെ മരണം. ഇനി തെളിവുകള്‍ പുറത്തു വിടേണ്ടത് ദിവ്യയുടെ അനിവാര്യതയായി മാറുകയാണ്. തെളിവുകളില്‍ വ്യക്തതയില്ലെങ്കില്‍ വിവാദങ്ങള്‍ പുതിയ തലത്തിലെത്തും.
പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. രാവിലെയോടെയാണ് മരണം സ്ഥിരീകരിക്കുന്നത്.