- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശദുരന്തമായി മാറുമോ കണ്ണൂർ വിമാനത്താവളം: കോവിഡിൽ നിന്നും കരകയറിയിട്ടും സീസണിലും തിരിഞ്ഞു നോക്കാതെ വ്യോമയാന യാത്രക്കാർ; ശനിദിശമാറാതെ യാത്രക്കാരുടെ കുറവുമായി കിയാലിന്റെ ബാലൻസ് ഷീറ്റും
കണ്ണൂർ:സീസൻ തുടങ്ങിയിട്ടു മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കണ്ണൂർ വിമാനത്താവളത്തിന്റെ ശനിദശമാറിയില്ല. കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇക്കുറി കൂടുതൽ സർവീസ് നടത്തി കരകയറാമെന്ന പ്രതീക്ഷയിലായിരുന്നു കിയാൽ. എന്നാൽ യാത്രക്കാർ പിന്നോട്ടടിക്കുന്നത് കടുത്ത തിരിച്ചടിയായി. ഓരോവർഷം കൂടുന്തോറും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സഞ്ചരിക്കുന്ന യാത്രക്കാരുടെ കുറവാണ് കിയാലിന്റെ ബാലൻസ് ഷീറ്റിലുള്ളത്.വിമാനത്താവളത്തിന്റെ നടത്തിപ്പിനെ ചോദ്യം ചെയ്യുന്ന രീതിയിൽ അതു വളർന്നുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്നവിവരം.
കോവിഡ് പ്രതിസന്ധിവരിഞ്ഞുമുറുക്കിയപ്പോൾ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെങ്കിലും സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങൾ സാധാരണനിലയിലേക്ക് എത്തിയപ്പോൾ എന്തുകൊണ്ടു കണ്ണൂരിന് പിടിച്ചു നിൽക്കാൻ പോലും കഴിയാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. 2019-ഒക്ടോബറിൽ 1,36,279- പേരാണ് കണ്ണൂരിൽ നിന്ന് രാജ്യാന്തര സെക്ടറിൽ യാത്ര ചെയ്തിരുന്നത്. 2022-ൽ അതു
90,494 ആയി കുറഞ്ഞു. കൊവിഡിന് ശേഷം രാജ്യാന്തര യാത്ര പുനരാരംഭിച്ചുവെങ്കിലും അരലക്ഷത്തോളം യാത്രക്കാരുടെ കുറവാണുണ്ടായത്. ഇതിനു ശേഷം എല്ലാദിവസവും ഇതുതന്നെയാണ് അവസ്ഥയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.2020 ഒക്ടോബറിൽ 43,552 പേരും 2021-ൽ80,798 പേരുമാണ് കണ്ണൂർ വിമാനത്താവളം വഴിയാത്രചെയ്തത്. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ യാത്രക്കാരുടെ വർധനവ് അനുഭവപ്പെട്ടത് പ്രതീക്ഷയേകിയിരുന്നു.
96,673-പേരാണ് അന്ന് കണ്ണൂർ വഴി യാത്ര ചെയ്തത്.എന്നാൽ ഇതു ഓണം സീസണായതുകൊണ്ടുണ്ടായ മാറ്റമാണെന്നാണ് വിലയിരുത്തൽ. മറ്റുവിമാനത്താവളങ്ങളിലേക്കു ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ പ്രവാസി യാത്രക്കാർ കണ്ണൂരിനെ കൂടുതൽ ആശ്രയിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.ഇതു ശരിവയ്ക്കുന്ന വിധത്തിൽ ഒക്ടോബർ മാസത്തിൽ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു.രാജ്യത്തെ വിമാനത്താവളങ്ങളിൽ പതിമൂന്നാംസ്ഥാനത്തുള്ള കണ്ണൂർ വിമാനത്താവളത്തെ യാത്രക്കാർ ഉപേക്ഷിക്കാൻ കാരണം ഉയർന്ന ടിക്കറ്റു നിരക്കാണെന്നാണ് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
രാജ്യാന്തര, ആഭ്യന്തര സെക്ടറിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സഞ്ചരിക്കണമെങ്കിൽ ഉയർന്ന നിരക്കു തന്നെ കൊടുക്കേണ്ട സാഹചര്യമാണുള്ളത്. ഇതോടെയാണ് വടക്കൻ ജില്ലകളിലെ യാത്രക്കാർ തൊട്ടടുത്ത കരിപ്പൂരിനെയും മംഗളൂരിലെ ബജ്പെ വിമാനത്താവളത്തെയും ആശ്രയിച്ചു തുടങ്ങിയത്. ടിക്കറ്റു നിരക്കിൽ കുറവുവരുത്തി ആകർഷണീയമായ ഓഫറുകളുമായ നെടുമ്പാശേരിയും തിരുവനന്തപുരവും രംഗത്തുവന്നതോടെ കണ്ണൂർ ജില്ലയിൽ ഇറങ്ങേണ്ട യാത്രക്കാർപോലും പ്ളാൻ മാറ്റിതുടങ്ങി. പ്രവർത്തനം തുടങ്ങി ഒൻപതുമാസം കൊണ്ടു പത്തുലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ച കണ്ണൂർ രാജ്യാന്തരവിമാനതാവളം ഇപ്പോൾ നിലനിൽപ്പിനായി തന്നെ മല്ലടിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്