കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രവാസിയാത്രക്കാരുടെ ലഗേജ് വൈകുന്നത് പ്രവാസി യാത്രക്കാരെ വെള്ളം കുടിപ്പിക്കുന്നു. വിവിധരാജ്യങ്ങളിൽ നിന്നും കണ്ണൂർ മൂർഖൻപറമ്പിലെ രാജ്യാന്തരവിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ ലഗേജുകളാണ് കിട്ടാൻ മണിക്കൂറുകളോളം വൈകുന്നത്. ഇതുസംബന്ധിച്ചു എയർലൈൻ കമ്പിനികൾക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു ഇവർ പറയുന്നു. സീസൻ തുടങ്ങിയിട്ടു മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കണ്ണൂർ വിമാനത്താവളത്തിന്റെ ശനിദശമാറിയില്ലെന്നതാണ് വസ്തുത. കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇക്കുറി കൂടുതൽ സർവീസ് നടത്തി കരകയറാമെന്ന പ്രതീക്ഷയിലായിരുന്നു കിയാൽ. എന്നാൽ യാത്രക്കാർ പിന്നോട്ടടിക്കുന്നത് കടുത്ത തിരിച്ചടിയായി.

ഇതിന് പ്രവാസികളുടെ ലഗേജ് പ്രശ്‌നം കടക്കം കാരണമാണെന്നതാണ് വസ്തുത. യാത്ര ചെയ്യുന്ന സമയത്ത് ലഗേജ് ചെക്ക് ഇൻ ചെയ്യാറുണ്ടെന്നും വിമാനം ഇറങ്ങി കാത്തിരുന്നാൽ ലഗേജ് കാണില്ലെന്നുമാണ് യാത്രക്കാർ പറയുന്നത്. ചിലസമയത്ത് കസംറ്റസ് പരിശോധനയ്ക്കായി ലഗേജുകൾ പിടിച്ചുവയ്ക്കാറുണ്ട്. എന്നാൽ ഭൂരിഭാഗം യാത്രക്കാരുടെയും ലഗേജുകൾ വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഫുൾസീറ്റു യാത്രക്കാരുള്ള സമയത്ത് ഈ പ്രശ്നം കൂടുതലാണെന്നാണ് യാത്രക്കാർ പറയുന്നത്. വിമാനത്തിന്റെ പരിധികഴിയുന്ന ലഗേജുകൾ അടുത്ത വിമാനത്തിലെത്തിക്കുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്. വിമാനത്താവളത്തിലിറങ്ങിയാലും മണിക്കൂറുകളോളം ലഗേജ് കാത്തിരിക്കേണ്ട അവസ്ഥയാണ് ഇതുകാരണം യാത്രക്കാർ നേരിടുന്നത്. എന്നാൽ ഈ വിവരം തങ്ങൾ യാത്രക്കാരെ അറിയിക്കാറുണ്ടെന്നാണ് എയർലൈൻ കമ്പിനികൾ നൽകുന്ന വിശദീകരണം.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ രാജ്യാന്തര സെക്ടറിൽ യാത്ര ചെയ്യുന്നവരുടെ ലഗേജുകൾ വൈകുന്നത് (ഓഫ്ലോഡ്) പ്രവാസി യാത്രക്കാരെ വിമാനത്താവളത്തിൽ നിന്നും അകറ്റുന്നുണ്ട്. കരിപ്പൂരും നെടുമ്പാശേരിയിലും ഈ പ്രശ്നമില്ലാത്തതിനാൽ അവിടേക്ക് ടിക്കറ്റെടുക്കുന്നതിനാണ് മിക്ക പ്രവാസിയാത്രക്കാരും താൽപര്യപ്പെടുന്നത്. ഓരോവർഷം കൂടുന്തോറും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സഞ്ചരിക്കുന്ന യാത്രക്കാരുടെ കുറവാണ് കിയാലിന്റെ ബാലൻസ് ഷീറ്റിലുള്ളത്. വിമാനത്താവളത്തിന്റെ നടത്തിപ്പിനെ ചോദ്യം ചെയ്യുന്ന രീതിയിൽ അതു വളർന്നുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്നവിവരം. പ്രവാസി യാത്രക്കാർ അടക്കം മുഖം തിരിഞ്ഞു നിൽക്കുന്നതാണ് ഇതിനെല്ലാം കാരണം.

കോവിഡ് പ്രതിസന്ധിവരിഞ്ഞുമുറുക്കിയപ്പോൾ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെങ്കിലും സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങൾ സാധാരണനിലയിലേക്ക് എത്തിയപ്പോൾ എന്തുകൊണ്ടു കണ്ണൂരിന് പിടിച്ചു നിൽക്കാൻ പോലും കഴിയാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. 2019-ഒക്ടോബറിൽ 1,36,279- പേരാണ് കണ്ണൂരിൽ നിന്ന് രാജ്യാന്തര സെക്ടറിൽ യാത്ര ചെയ്തിരുന്നത്. 2022-ൽ അതു
90,494 ആയി കുറഞ്ഞു. കൊവിഡിന് ശേഷം രാജ്യാന്തര യാത്ര പുനരാരംഭിച്ചുവെങ്കിലും അരലക്ഷത്തോളം യാത്രക്കാരുടെ കുറവാണുണ്ടായത്. ഇതിനു ശേഷം എല്ലാദിവസവും ഇതുതന്നെയാണ് അവസ്ഥയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

2020 ഒക്ടോബറിൽ 43,552 പേരും 2021-ൽ80,798 പേരുമാണ് കണ്ണൂർ വിമാനത്താവളം വഴിയാത്രചെയ്തത്. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ യാത്രക്കാരുടെ വർധനവ് അനുഭവപ്പെട്ടത് പ്രതീക്ഷയേകിയിരുന്നു. 96,673-പേരാണ് അന്ന് കണ്ണൂർ വഴി യാത്ര ചെയ്തത്. എന്നാൽ ഇതു ഓണം സീസണായതുകൊണ്ടുണ്ടായ മാറ്റമാണെന്നാണ് വിലയിരുത്തൽ. മറ്റുവിമാനത്താവളങ്ങളിലേക്കു ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ പ്രവാസി യാത്രക്കാർ കണ്ണൂരിനെ കൂടുതൽ ആശ്രയിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. ഇതു ശരിവയ്ക്കുന്ന വിധത്തിൽ ഒക്ടോബർ മാസത്തിൽ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു.

രാജ്യത്തെ വിമാനത്താവളങ്ങളിൽ പതിമൂന്നാംസ്ഥാനത്തുള്ള കണ്ണൂർ വിമാനത്താവളത്തെ യാത്രക്കാർ ഉപേക്ഷിക്കാൻ കാരണം ഉയർന്ന ടിക്കറ്റു നിരക്കാണെന്നാണ് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര, ആഭ്യന്തര സെക്ടറിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സഞ്ചരിക്കണമെങ്കിൽ ഉയർന്ന നിരക്കു തന്നെ കൊടുക്കേണ്ട സാഹചര്യമാണുള്ളത്. ഇതോടെയാണ് വടക്കൻ ജില്ലകളിലെ യാത്രക്കാർ തൊട്ടടുത്ത കരിപ്പൂരിനെയും മംഗളൂരിലെ ബജ്‌പെ വിമാനത്താവളത്തെയും ആശ്രയിച്ചു തുടങ്ങിയത്.