- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ കണ്ണൂരിൽ സൗകര്യങ്ങളേറെ; എല്ലാ കണ്ണും അബ്ദുള്ളക്കുട്ടിയിലേക്ക്; വടക്കൻകേരളത്തിന് ആശ്വാസമായി ഹജ്ജ് എംബാർക്കേഷൻ വിമാനത്താവളമായി അന്തിമപട്ടികയിൽ ഇടം നേടി കണ്ണൂർ; വിമാനത്താവളത്തിന് ഭൗതിക സാഹചര്യങ്ങൾ അനുകൂലമായേക്കും; തീർത്ഥാടകരിൽ നല്ലൊരു ശതമാനവും വടക്കൻ മലബാറുകാരെന്നത് അനുകൂലമായേക്കും
കണ്ണൂർ: കണ്ണൂർ ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാനുള്ള രാജ്യത്തെ കരടുപട്ടികയിൽ കണ്ണൂർ വിമാനത്താവളം ഉൾപ്പെട്ടതോടെ ഇനി കിയാലിന്റെ പ്രതീക്ഷ ഹജ്ജ് കമ്മിറ്റി ദേശീയ ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടിയിൽ. നേരത്തെ കണ്ണൂരിനെയും കരിപ്പൂരിനെയും ഹജ്ജ് എംബാർക്കേഷൻ വിമാനത്താവളമായ പരിഗണിക്കുമെന്ന് കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് അബ്ദുള്ളക്കുട്ടി അറിയിച്ചിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റികളിൽ നിന്നുള്ള നിർദ്ദേശം കൂടിപരിഗണിച്ചാണ് വിമാനത്താവളങ്ങളെ പരിഗണിക്കുകയെന്നു കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
മികച്ച സൗകര്യങ്ങളുള്ള കണ്ണൂരിനെ ഈക്കാര്യത്തിൽ പരിഗണിക്കാൻ അബ്ദുള്ളക്കുട്ടി ഇടപെട്ടാൽ കണ്ണൂർ വിമാനത്താവളത്തെ സംബന്ധിച്ചു ഇതു സുവർണാവസരമായി മാറും. മാത്രമല്ല ഹജ്ജ് തീർത്ഥാടനം നടത്തുന്നവരിൽ ഏറ്റവും കൂടുതൽ പേർ വടക്കെമലബാറിൽ നിന്നുള്ളവരായതിനാൽ ഈക്കാര്യവും പരിഗണിച്ചാൽ കണ്ണൂർ വിമാനത്താവളത്തിന് കൂടുതൽ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ മുഴുവൻ സൗകര്യവും ഏർപ്പെടുത്താൻ കണ്ണൂർ വിമാനത്താവളം സജ്ജമാണെന്ന് കിയാൽ അധികൃതർ അറിയിച്ചിട്ടുണ്ട്. തീർത്ഥാടകർക്കായി പ്രത്യേകം ചെക്ക് ഇൻ കൗണ്ടറുകൾ, പ്രാർത്ഥനാമുറി,വിശ്രമമുറി, വസ്ത്രം മാറുന്നതിനുള്ള സൗകര്യം ഇവയെല്ലാം ക്രമീകരിക്കും. നിലവിൽ നിർമ്മാണം പൂർത്തിയായ കിയാലിന്റെ അഡ്മനിസ്ട്രേറ്റിങ് ബിൽഡിങും പുതിയ കാർഗോ കോംപ്ളക്സും ഹജ്ജ് ഹൗസ് എന്ന രീതിയിൽ തീർത്ഥാടകർക്ക് വിട്ടു നൽകും.
അഡ്‌മിനിസ്ട്രേറ്റീവ് കോംപ്ളക്സിന് 22,000 ചതുരശ്ര അടിയും കാർഗോകോംപ്ളക്സിന് 58,000 ചതുരശ്ര അടിയും വിസ്തൃതിയുണ്ട്. കാർഗോ വിമാനങ്ങൾ വന്നു തുടങ്ങാത്തതിനാൽ പുതിയ കാർഗോകോംപ്ളക്സ് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് വിശാലമായ സൗകര്യവും കണ്ണൂർ വിമാനത്താവളത്തിൽ ലഭ്യമാണ്. ഡേ ഹോട്ടൽ, ലോഞ്ച് സൗകര്യങ്ങളും തീർത്ഥാടകർക്ക് പ്രയോജനപ്പെടുത്താം.
വലിയ വിമാനങ്ങൾക്ക് പറന്നിറങ്ങാൻ പറ്റുന്ന വിധത്തിൽ 3050 മീറ്റർ നീളമുള്ള റൺവേയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ മറ്റൊരു പ്രത്യേകത. കോവിഡ് കാലഘട്ടത്തിൽ വിദേശവിമാനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വൈഡ് ബോഡി വിമാനങ്ങൾ കണ്ണൂരിൽ ഇറങ്ങിയിരുന്നു. ഹാജിമാർക്കായി ചാർട്ടേഡ് ഫ്ളൈറ്റുകൾ ഏർപ്പെടുത്തുന്നതിന് ആഗോള ടെൻഡർ വൈകാതെ ക്ഷണിക്കും. കഴിഞ്ഞ തവണ നിരക്കുകളിൽ വലിയ ഇളവുകൾ നൽകിയ സൗദി എയർലൈൻസാണ് ഭൂരിഭാഗം സർവീസുകൾക്കും അനുമതി തേടിയത്. ഇവർ ഹജ്ജ് യാത്രക്കാരെ കൊണ്ടു പോകുന്നത് വൈഡ് ബോഡി വിമാനങ്ങളിലാണ്. ടാറ്റ ഏറ്റെടുത്ത സാഹചര്യത്തിൽ ഇത്തവണ എയർ ഇന്ത്യ ഉൾപ്പെടെ രാജ്യത്തെ എല്ലാവിമാനകമ്പിനികളും ടെൻഡറിൽ സജീവമായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിലുള്ള ഭൗതിക സാഹചര്യങ്ങളുടെ മികവാണ് ഇക്കുറി ഹജ്ജ് എംബാർക്കേഷൻ കേന്ദ്രമായി പരിഗണിക്കപ്പെടുന്നതിനായി പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. 97,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ കണ്ണൂരിനുണ്ട്. 3050 മീറ്റർ നീളമുള്ള റൺവേയിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് പറന്നിറങ്ങാൻ കഴിയും. 20 വിമാനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും കണ്ണൂരിലുണ്ട്. ആറ് എയ്റോ ബ്രിഡ്ജുകൾ, 24 ചെക്ക് ഇൻ കൗണ്ടറുകൾ, 32 എമിഗ്രേഷൻ കൗണ്ടറുകൾ, 16 വീതം കസ്റ്റംസ്‌കൗണ്ടർ, എസ്‌കലേറ്ററുകൾ,17 ലിഫ്റ്റുകൾ, ഇൻലൈൻ എക്സറേ, സെൽഫ് ബാഗേജ് ഡ്രോപ് സൗകര്യം, വിശാലമായ പാർക്കിങ് സൗകര്യം, 700 കാറുകൾ, 200 ടാക്സി, 25 ബസ് സർവീസുകൾ എന്നിവ കണ്ണൂരിലുണ്ട്.




