- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കിയാലിന് തിരിച്ചടിയായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ചരക്കുവിമാന സർവീസുകൾ റദ്ദാക്കി; പുനരാരംഭിക്കാൻ തീവ്രശ്രമങ്ങളുമായി ദ്രാവിഡൻ ഏവിയേഷനും കിയാലും; കണ്ണൂരിന്റെ വാണിജ്യപ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റു
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ആദ്യഘട്ടത്തിൽ നടത്താനിരുന്ന കാർഗോ വിമാനസർവീസുകൾ റദ്ദാക്കിയത് കിയാലിന് തിരിച്ചടിയായി. ഓഗസ്റ്റ് 17,18 തീയ്യതികളിൽ നടത്താനിരുന്ന സർവീസുകളാണ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത്. ഷാർജ, ദോഹ എന്നിവടങ്ങളിലേക്കാണ് കാർഗോസർവീസുകൾ ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ കൊണ്ടു പോകേണ്ടിയിരുന്ന ചരക്കുകൾ മറ്റുവിമാനങ്ങളിൽ കയറ്റി അയക്കാൻ തീരുമാനമായിട്ടുണ്ട്. ഓണത്തേടനുബന്ധിച്ച് അടുത്തയാഴ്‌ച്ച സർവീസുകൾ നടത്താൻ തീവ്രശ്രമം നടത്തിവരികയാണ് കിയാൽ അധികൃതർ.
ഓണത്തിന്റെ ഭാഗമായി ഈമാസം 23-മുതൽ നാലുദിവസം സർവീസുകളുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ദ്രാവിഡൻ ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയാണ് കണ്ണൂരിൽ നിന്ന് കാർഗോസർവീസുകൾ നടത്തുന്നത്. ഗൾഫ് മലയാളികൾക്കു വേണ്ടി ഓണത്തിന് നാടൻ പച്ചക്കറികളും പൂക്കളും വാഴയിലയുമാണ് കയറ്റി അയക്കുന്നത്. കണ്ണൂരിന്റെ വാണിജ്യവികസനത്തിന് കുതിപ്പേകാൻ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കേരളത്തിലെ ആദ്യ കാർഗോ വിമാനസർവീസ് ചിങ്ങം ഒന്നിന് ഗൾഫ് രാജ്യങ്ങളിലേക്ക് ആരംഭിക്കാൻ തീരുമാനിച്ചത് കിയാലിന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ പര്യാപ്തമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
വടക്കെ മലബാറിന്റെ വാണിജ്യവളർച്ചയ്ക്കു കുതിപ്പേകാൻ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കേരളത്തിലെ ആദ്യ കാർഗോവിമാനസർവീസ് പുറപ്പെടുമെന്ന് ദ്രാവിഡയൻ ഏവിയേഷൻസർവീസ് കമ്പിനി മാനേജിങ് ഡയറക്ടർ ഉമേഷ് കാമത്ത് എം.ഡി കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്‌സ് ഹാളിൽ കഴിഞ്ഞയാഴ്‌ച്ച നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17-ന് വൈകുന്നേരം നാലുമണിക്ക് ഷാർജിയിലേക്കാണ് ആദ്യ സർവീസ് നടത്താൻ തീരുമാനിച്ചത്.
കാർഗോ സർവീസിനായി മാത്രം സംവിധാനമൊരുക്കിയ ബോയിങ് 737-700 വിമാനത്തിൽ 18 ടൺ ഭാരശേഷിയുണ്ട്. 18ന് രാത്രി ഒൻപതുമണിക്ക് ദോഹയിലേക്കാണ് അടുത്ത യാത്ര നിശ്ചയിച്ചിരുന്നത്. തുടക്കത്തിൽ രണ്ടു ഗൾഫ് രാജ്യങ്ങളിലേക്കാണ് ചരക്കുനീക്കം നടക്കുക. തുടർന്ന് യൂറോപ്പ്, ഏഷ്യ-പസഫിക്ക്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെക്കും സർവീസ് നടത്തുമെന്നും ഉമേഷ് കാമത്ത് അറിയിച്ചിരുന്നു. കൊച്ചി ആസ്ഥാനമായുള്ള ദ്രാവിഡയൻ ഏവിയേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ഓണാഘോഷത്തോടനുബന്ധിച്ചു ഈ മാസം 23-മുതൽ 27-വരെ തുടർച്ചയായി അഞ്ച് ദിവസം സർവീസ് നടത്താനും തീരുമാനിച്ചിരുന്നു.
കണ്ണൂരിന്റെ ടൂറിസം രംഗത്ത് കുതിപ്പേകുന്നതിന് ചെറുവിമാനങ്ങൾ, ഹെലികോപ്റ്റർ സർവീസും രണ്ടുഘട്ടമായി ആരംഭിക്കുമെന്ന് ഉമേഷ് കാമത്ത് മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. കണ്ണൂരിലെ ജി. എസ്. എ കണ്ണൂർ ഇന്റർ നാഷനൽ ഫ്രൈറ്റ് ഫോർവാഡിങ് ആൻഡ് ലോജസ്റ്റിക്‌സ് കമ്പിനി(കിഫാൽ)യാണ് കാർഗോസർവീസിന്റെ കണ്ണൂരിലെ നടത്തിപ്പുകാർ.
കേരളത്തിലെ ആദ്യ എയർ കാർഗോ സർവീസ് കണ്ണൂരിൽ ആരംഭിക്കുന്നതോടെ കൈത്തറി, ഖാദി, കരകൗശലം, വെങ്കലശിൽപനിർമ്മാണം, മൺപാത്ര നിർമ്മാണം, പായനിർമ്മാണം, മുളയുൽപന്നങ്ങൾ തുടങ്ങി ഉത്തരമലബാറിന്റെ പരമ്പരാഗത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് വിദേശവിപണി ലഭിക്കാൻ സഹായകരമാവുമെന്നും കണ്ണൂരിലെ തെയ്യങ്ങൾ ഉൾപ്പെടെയുള്ള അനുഷ്ഠാനകലാരൂപങ്ങൾ കാണാനും ഇവിടുത്തെ രുചിവൈവിധ്യമറിയാനും ധാരാളം വിനോദസഞ്ചാരികളെത്തുമെന്ന്പ്രതീക്ഷിക്കുന്നതായും ഉമേഷ് കാമത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതിനു ശേഷമാണ് ചരക്കുവിമാനങ്ങളുടെ സർവീസ് അവസാനനിമിഷത്തിൽ മുടങ്ങിയത്. ഇതുകിയാലിന്റെ പ്രതീക്ഷകൾക്ക് വൻതിരിച്ചടിയായിരിക്കുകയാണ്.