കണ്ണൂർ: കൂത്തുപറമ്പ്- തലശേരി റോഡിലെ പൊന്ന്യം ആറാംമൈലിൽ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ച് വെന്തുമരിച്ച ഓട്ടോഡ്രൈവറെയും യാത്രക്കാരനെയും തിരിച്ചറിഞ്ഞു. കൊളവല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഓട്ടോ ഡ്രൈവർ തൂവക്കുന്ന് കണ്ണങ്കോട് പിലാവുള്ളതിൽ പാറാട്ട് അഭിലാഷ് (38) യാത്രക്കാരൻ ഷജീഷ് എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പരേതനായ കണ്ണന്റെയും പൊക്കിയുടെയും മകനാണ് അഭിലാഷ്. ഭാര്യ ജാൻസി. മക്കൾ ഇഷാൻ,നയോമി, നയ്മിയ. പരേതനായ കുമാരന്റെയും ജാനുവിന്റെയും മകനാണ് ഷജീഷ്. സഹോദരങ്ങൾ ഷബീഷ്, ഷിജി, ഷൈമ.



കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. സി.എൻ.ജി ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിലെ ഇന്ധനം ചോർന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂത്തുപറമ്പ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. സ്ഥലത്ത് പൊലീസെത്തി പരിശോധന ആരംഭിച്ചു.

ഡ്രൈവർ അഭിലാഷ് സുഹൃത്തായ ഷജീഷിനെയും കൂട്ടി ആറാംമൈലിലെ സഹോദരിയുടെ വീട്ടിലേക്ക് പോയതാണെന്നാണ് സൂചന. ഇയാൾ എട്ടു മാസം മുമ്പാണ് പുതിയ സിഎൻജി ഓട്ടോറിക്ഷ വാങ്ങിയത്. ബസിടിച്ചു ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപ്പിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഒരാൾ മരണപെട്ടു. മറ്റൊരാളെ കൂത്തുപറമ്പിലെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. മരിച്ചവർ ആരെന്നു ആദ്യത്തെ ഒരുമണിക്കൂറിനുള്ളിൽ തിരിച്ചറിഞ്ഞിരുന്നില്ല.

മൃതദേഹങ്ങൾ പിന്നീട് പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി തലശേരി ജനറൽആശുപത്രി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂരിനെ നടുക്കിയ അപകടമാണ് നടന്നത്. മാസങ്ങൾക്കു മുൻപ് കണ്ണൂർജില്ലാ ആശുപത്രിക്കു സമീപത്തു നിന്നും കാറിന് തീപിടിച്ചു ദമ്പതികളായ രണ്ടു പേർ വെന്തുമരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുൻപെയാണ് മറ്റൊരു അപകടം കൂടി നടന്നത്.

സ്ഥലത്ത് പൊലിസും ഫയർഫോഴ്സും ക്യാംപ് ചെയ്യുന്നുണ്ട്. അപകടത്തെതുടർന്ന് ഈറൂട്ടിൽ വാഹന ഗതാഗതം മുടങ്ങി. തീപിടിത്തത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. തീ ആളിപടർന്നതിനാൽ തുടക്കത്തിൽ രക്ഷാപ്രവർത്തനം അസാധ്യമായി. കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സെത്തി വെള്ളം ഒഴിച്ചാണ് തീയണച്ചത്.അപ്പോഴെക്കും അതിനകത്തുണ്ടായിരുന്ന യാത്രക്കാർ
മരിച്ചതായാണ് വിവരം.

സംഭവമറിഞ്ഞു നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും പങ്കെടുത്തു. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും ക്യാംപ് ചെയ്യുന്നുണ്ട്.