- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണവീട്ടിൽ പോലും കൊടി പിടിച്ച രാഷ്ട്രീയതല്ല്; മനുഷ്യർക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയാത്ത നരകങ്ങളായി കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ; വിവാഹ വീടുകളിൽ അച്ചാറുകളുടെ നിറത്തെ ചൊല്ലി പോലും അടി; കല്ല്യാണം വിളിക്കലിനും കടമ്പകളേറെ; ബോംബു നിർമ്മാണ ഫാക്ടറികളിൽ കയറാനാവാതെ പൊലീസും
കണ്ണൂർ: തൊട്ടുുകൂട്ടായ്മയും തീണ്ടികൂടായ്മയും അയിത്തവും കേരളത്തിന്റെ ചരിത്രത്താളുകൾ ജാതിയുടെ പേരിൽ നടന്നതാണെങ്കിൽ രാഷ്ട്രീയത്തിന്റെ പേരിൽ ഇതൊക്കെ ഇപ്പോഴും നിലനിൽക്കുകയാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ. കഴിഞ്ഞ ദിവസം ഇരിക്കൂർ കുയിലൂരിലെ ബിജെപി പ്രവർത്തൻ എം.വി പ്രജിത്തിന്റെ(40) മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ടരാഷ്ട്രീയ തർക്കങ്ങൾ കൈയാങ്കളിയിലെത്തിയതാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. പാർട്ടി ഗ്രാമങ്ങളിൽ മരണവും വിവാഹവും ഉത്സവങ്ങളും ഗൃഹപ്രവേശനവും പിറന്നാൾ ആഘോഷങ്ങളുമൊക്കെ രാഷ്ട്രീയത്തിന്റെയും കൊടിയുടെയും നിറം നോക്കി മാത്രമാണ് നടക്കുന്നത്.
ഒരു ഗ്രാമത്തിൽ നിന്നും മറ്റൊരിടത്തേക്ക് ഇതര പാർട്ടിക്കാരായ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ട്രിപ്പെടുത്തു പോകാൻകഴിയാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. മരണവീടുകളിലെത്തുന്ന ആംബുലൻസുകൾക്കുമുണ്ട് രാഷ്ട്രീയ നിറം. പാർട്ടികളുണ്ടാക്കുന്ന ചെക്ക് പോസ്റ്റുകളിൽ നിരന്തരനിരീക്ഷണ സംവിധാനങ്ങളുണ്ട്. പുറമേ നിന്നുമൊരാൾക്ക് എത്തിപ്പെടാൻ കഴിയാത്ത ദുർഘടമാണ് ഈ കടമ്പകൾ. ഇങ്ങനെയെത്തുന്നവർ ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും വിധേയമാകേണ്ടി വരും. സംശയങ്ങളുടെ മുൾമുനയുള്ള രഹസ്യകണ്ണുകൾ ഇവർക്കു ചുറ്റും രഹസ്യമായി പറന്നു നടക്കും.
വന്നയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടെന്നു തോന്നിയാൽ കൈവിരൽ ഞൊടിക്കുന്നതിന് മുൻപെ വിവിധ സ്ഥലങ്ങളിൽ നിന്നായി എന്തിനും സജ്ജമായ നൂറുകണക്കിനാളുകൾ അവിടേക്ക് പറന്നെത്തും. പിന്നീട് അപരിചിതനെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി ഭേദ്യം ചെയ്യലാണ്. പാർട്ടി ഗ്രാമങ്ങളിൽ വാർത്ത റിപ്പോർട്ടു ചെയ്യാൻ മാധ്യമപ്രവർത്തകർക്കു പോലും കയറാൻ കഴിയില്ല. പൊലിസിന് പ്രവേശനമില്ലാത്ത നിരവധി പാർട്ടി ഗ്രാമങ്ങൾ ഇപ്പോഴും കണ്ണൂരിലുണ്ട്. അവിടെ നിയമവും നീതിയും നടപ്പിലാക്കുന്നത് പാർട്ടി നേതാക്കളും ഇവരുടെ കോടാലിക്കൈയായി പ്രവർത്തിക്കുന്ന ക്വട്ടേഷൻസംഘങ്ങളുമാണ്.
അടഞ്ഞ സ്വഭാവമുള്ള പാർട്ടി ഗ്രാമങ്ങളിലെ പുഴയോരങ്ങളിലുംആളൊഴിഞ്ഞ കെട്ടിടങ്ങളിലുമൊക്കെ നടക്കുന്നത് ബോംബു നിർമ്മാണങ്ങളും ആയുധപരിശീലനങ്ങളുമൊക്കെയാണ്. വൻകിട ബോംബു നിർമ്മാണ ഫാക്ടറികളും ഇതിൽ രാപ്പകൽ ജോലി ചെയ്യുന്ന പാർട്ടി തൊഴിലാളികളും കണ്ണൂരിലുണ്ട്. ചിലപ്പോഴുണ്ടാകുന്ന ബോംബ്സ്ഫോടനങ്ങളും കെട്ടുന്നവരുടെ കൈകാലുകൾ അറ്റു പോയതോ മരിച്ചതോയായ വാർത്തകളിലൂടെയാണ് ഈക്കാര്യം പുറംലോകം പലപ്പോഴും അറിയുന്നത്.ക്വാറികളിൽ നിന്നും ശേഖരിക്കുന്ന വെടിമരുന്നുകളാണ് ബോംബു നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.ആളൊഴിഞ്ഞതും അല്ലാത്തതുമായ വീടുകളിൽ നിന്നാണ് ഇതിന്റെ നിർമ്മാണം.
ഇത്തരംബോംബുകൾ നിർമ്മിച്ച വീടുകളിൽ നിന്നും മാറ്റുമ്പോഴൊ അബദ്ധവശാൽ വീണു പോകുമ്പോഴൊയാണ് ഉഗ്രസ്ഫോടനമുണ്ടാകുന്നു. മണ്ണിൽ ആഴത്തിൽ കുഴിച്ചിടുന്നതാണ് ബോംബുകൾസൂക്ഷിക്കുന്ന രീതി. ഇതുകൂടാതെ കുറ്റിക്കാടുകൾ, കലുങ്കുകൾ, ആളൊഴിഞ്ഞ വീടുകൾ, കെട്ടിടങ്ങൾ എന്നിവയൊക്കെ ബോംബുസംഭരണ കേന്ദ്രങ്ങളാണ്. ഓരോ പാർട്ടിക്കും അവരുടെതായ ബോംബു നിർമ്മാണ വിദഗ്ദ്ധരുണ്ട്, ഇവർക്ക് പ്രത്യേകം ശമ്പളവും ജീവിതസൗകര്യങ്ങളും സ്വസ്ഥമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും പാർട്ടി നേതൃത്വം ഒരുക്കി കൊടുക്കും. അബദ്ധവശാൽ കൊല്ലപ്പെടുകയാണെങ്കിൽ രക്തസാക്ഷിപട്ടികയിൽ ഉൾപ്പെടുത്തി കുടുംബസഹായ ഫണ്ടുകൾ പിരിക്കുകയും ബന്ധുക്കൾക്ക് പാർട്ടിസ്ഥാപനങ്ങളിൽ ജോലി നൽകി സംരക്ഷിക്കുകയും ചെയ്യും.
ബോംബു പൊട്ടി മരിക്കുന്നവരായല്ല എതിരാളികളുടെ ബോംബെറിൽ കൊല്ലപ്പെട്ടവരായാണ് വർഷം തോറും നടക്കുന്ന അനുസ്മരണ ചടങ്ങുകളിൽ ഇവരെ വിശേഷിപ്പിക്കുക, പാട്യം പഞ്ചായത്തിലെ പത്തായക്കുന്നിലും കതിരൂർ പുല്യോടുമൊക്കെ ഇത്തരത്തിൽ ജീവൻനഷ്ടപ്പെട്ടവർ പാർട്ടി രക്തസാക്ഷികളായാണ് അറിയപ്പെടുന്നത്. പത്തായക്കുന്നിൽ ബോംബു നിർമ്മാണത്തിൽ വിദഗ്ദ്ധനായ ഒരു പാർട്ടി പ്രവർത്തകനാണ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടത്. ഓടുന്ന ഓട്ടത്തിൽപോലും കൈവെള്ളയിൽ വെച്ചു ബോംബുണ്ടാക്കാൻ കഴിയുന്ന വിദഗ്ദ്ധാനായിരുന്നു ഈ യുവാവ്. ബോംബ് നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ മുറുക്കുന്നതിനിടെ കൈയിൽ നിന്നും പൊട്ടുകയും ദേഹമാസകലം പൊള്ളലേറ്റതിനെ തുടർന്ന് തൊട്ടടുത്ത കിണറ്റിലേക്ക് എടുത്തുചാടുകയും മരിക്കുകയുമായിരുന്നു. ബോംബ് നിർമ്മാണത്തിലെ പ്രൊഫഷനലായ ഇയാൾ എതിരാളികൾക്കു പോലും നിർമ്മിക്കുന്ന ബോംബുകൾ വൻവിലയ്ക്കു വിറ്റിരുന്നതായാണ് വിവരം. പാനൂരിന്റെ അതിർത്തി കടന്ന് നാദാപുരം, വാണിമേൽ ഭാഗം വരെ ഇയാൾ നിർമ്മിച്ച ബോംബുകൾക്ക് വൻഡിമാൻഡുണ്ടായിരുന്നു.
അച്ചാറിന്റെ നിറമേത്?
തലശേരി താലൂക്കിൽ മിക്ക രാഷ്ട്രീയസംഘർഷങ്ങളും തുടങ്ങുന്നത് വിവാഹവീടുകളിൽ നിന്നുള്ള തർക്കങ്ങളിൽ നിന്നാണ്.വിവാഹം നിശ്ചയിക്കുന്നതു മുതൽ തുടങ്ങുന്നു രാഷ്ട്രീയപ്പോര്. വ്യത്യസ്ത പാർട്ടിക്കാരായ കുടുംബങ്ങളിലെ അംഗങ്ങൾ വിവാഹത്തിലേർപ്പെടുത്തുന്നത് വളരെ അസാധാരണമായ കാര്യങ്ങളിലൊന്നാണ്. അതുപോലെ തന്നെയാണ് പ്രദേശങ്ങളും ഒരേ പാർട്ടിക്ക് തന്നെ സ്വാധീനമുള്ള രണ്ടു ഗ്രാമങ്ങളിൽ നിന്നുള്ളവർ മാത്രമേ സുരക്ഷാ പ്രശ്നമുള്ളതിനാൽ വിവാഹ ബന്ധങ്ങളിലേർപ്പെടാറുള്ളൂ. വളരെ അപൂർവ്വമായി ഇതിനു കടക വിരുദ്ധമായി ചെയ്യുന്നവർക്ക് രാഷ്ട്രീയ സംഘർഷമുണ്ടാകുന്ന വേളകളിൽഅങ്ങോട്ടുമിങ്ങോട്ടും പോകാൻ കഴിയാറില്ല.
പ്രദേശത്തിന്റെ നിറമനുസരിച്ചുമാത്രമേ രക്ഷിതാക്കൾ കുട്ടികളുടെ വിവാഹം നിശ്ചയിക്കാറുള്ളൂ. അതും പ്രാദേശിക നേതൃത്വത്തിന്റെ അനുമതി മുൻ്കൂട്ടി വാങ്ങിയതിനു ശേഷം മാത്രം.അങ്ങനെയെല്ലെങ്കിൽ പാർട്ടി അത്തരം വിവാഹങ്ങളിൽ സഹകരിക്കില്ല. വിവാഹ നിശ്ചയം മുതൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ദേശമുഖ്യനായ പാർട്ടി ലോക്കൽ നേതാവ് തന്നെയാണ്. എന്നാൽ വ്യത്യസ്ത പാർട്ടികൾ ഇടകലർന്നു ജീവിക്കുന്ന ഗ്രാമങ്ങളിൽ ഇത്തരത്തിൽ കാര്യങ്ങൾ മുൻപോട്ടു പോകാറില്ല.
പാർട്ടികൾ തമ്മിൽ നിരന്തരം മത്സരം നടക്കുന്ന ഇത്തരം സ്ഥലങ്ങളിൽ വിവാഹങ്ങളും മത്സരത്തിനുള്ള വേദിയിലാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നതും തലേന്നും പിറ്റേന്നുമായി സഹായിക്കുന്നതും ഓരോ പാർട്ടിയിലെ യുവാക്കളാണ്. ഇതിൽ സദ്യവിളമ്പുന്നതു ഒരു വിഭാഗമാണെങ്കിൽ മറുവിഭാഗം അങ്ങോട്ടു തിരിഞ്ഞു നോക്കില്ല.
പാചക ശാലയിൽ സഹായിക്കുന്നവർ മറ്റേ കൂട്ടരെങ്കിൽ മറുവിഭാഗവും വിട്ടു നിൽക്കും. അച്ചാറിന്റെ നിറത്തെ ചൊല്ലിയുള്ള തർക്കം പോലും പിന്നീട് രാഷ്ട്രീയ സംഘർഷത്തിലെത്തിയ സ്ഥലങ്ങളുണ്ട്. വടക്കെ മലബാറിന്റെ വെറൈറ്റിയായ പ്രഥമന് തേങ്ങാപ്പാൽ പിഴിയുന്നതിനെ ചൊല്ലിയുള്ള തർക്കവും സദ്യയ്ക്ക് ഇലവയ്ക്കാനും ഇലയെടുക്കാനും പപ്പടം വിളമ്പുന്നതിലുമുള്ള തർക്കം എന്നിവയൊക്കെ പിന്നീട് ബോംബെറിലും വടിവാൾ പ്രയോഗങ്ങളിലും കലാശിക്കുകയാണ്്. ഓരോ പാർട്ടിയിലെയും യുവാക്കൾ വ്യത്യസ്തമായ യൂനിഫോം അണിഞ്ഞാണ് വിവാഹത്തിനെത്തുക.
ഇരുപതിലേറെപ്പേർ തങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയാൻ വരുന്നത് പെട്ടന്നെന്നുണ്ടാകുന്ന അക്രമങ്ങളെ ഒന്നിച്ചു പ്രതിരോധിക്കാനാണ്്. ഇതുകൂടാതെ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും ഇവർ ഈ ഡ്രസ് കോഡ് ഉപയോഗിക്കുന്നു. തോട്ടടയിൽ വിവാഹവീട്ടിൽ നടന്ന ബോംബെറിൽകൊല്ലപ്പെട്ട യുവാവ് ധരിച്ചിരുന്നത് ഇളം നീല ഷർട്ടും മുണ്ടുമായിരുന്നു. ഇന്നോവയോ ട്രാവലറോ പോലുള്ള പ്രത്യേക വാഹനമാണ് ഇവർ വിവാഹ ആഘോഷചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഉപയോഗിക്കുക. വടിവാൾ, ബോംബ്,കത്തി , ഇരുമ്പ് ദണ്ഡ്, സൈക്കിൾ ചെയിൻ എന്നിവ ഇതിലുണ്ടാകും.വിവാഹവീട്ടിനരികെ റോഡരികിലാണ് ഇത്ത്രം വാഹനങ്ങൾ നിർത്തിയിടുക.
കല്യാണം വിളിയിലെ കടമ്പകൾ
കല്യാണം വിളയിലെ കടമ്പകളാണ് നേരിയ രാഷ്ട്രീയ ആഭിമുഖ്യമുള്ള പാർട്ടി ഗ്രാമങ്ങളിൽ കഴിയുന്ന രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കുന്നത്്. എതിർപാർട്ടിക്കാരനെ വിവാഹത്തിന് ക്ഷണിച്ചതിനാൽ തങ്ങൾ പങ്കെടുക്കില്ലെന്നു ലോക്കൽ നേതാവിന്റെ തിട്ടൂരമനുസരിച്ചു വീണ്ടും വിവാഹം ക്ഷണിക്കാൻ പോയ എതിർപാർട്ടിക്കാരന്റെ വീട്ടിൽ പോയി ദയവായി നിങ്ങൾ വിവാഹത്തിന്് പങ്കെടുക്കരുതെന്നു പറയേണ്ടി വന്നവരുണ്ട്.
നിങ്ങൾ വിവാഹത്തിൽ പങ്കെടുക്കുന്നതിൽ തന്റെ പാർട്ടിയിലെ നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നും അതു കൊണ്ടു വരാതിരിക്കണമെന്നുമുള്ള അഭ്യർത്ഥനയാണ് കൂത്തുപറമ്പിനടുത്തുള്ള ചിറ്റാരിപറമ്പിൽ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകനായ ഒരു പിതാവ് നടത്തിയത്. അടുത്ത കാലത്തായി നടന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. കണ്ണൂർ ജില്ലയിലെ പാർട്ടിഗ്രാമങ്ങളിൽ വിവാഹവും മരണവുമെല്ലാം രാഷ്ട്രീയകരുത്ത് പ്രകടിപ്പിക്കാനുള്ള വേദികളാണ്. ഇ്രിക്കൂർ കുയിലൂരിൽ ബിജെപിപ്രവർത്തകനായ യുവാവ് മരിച്ചപ്പോൾ കുടംുബാംഗങ്ങൾ തങ്ങളുടെ പാർട്ടിക്കാരാണെന്ന് പറഞ്ഞ് സി.പി. എം പ്രവർത്തകർ രംഗത്തുവരികയും കൂട്ട അടി നടക്കുകയും ചെയ്തിരുന്നു. ബിജെപി മുൻ ബൂത്ത്്് ഭാരവാഹിയായിരുന്ന യുവാവാണ് മരിച്ചത്.
എന്നാൽ ഇയാൾക്ക് അന്തിമോപചാരമർപ്പിച്ചു കൊണ്ടു ബിജെപി പ്രവർത്തകർ ശാന്തിമന്ത്രം ചൊല്ലുകയും പൂക്കൾ അർപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സി.പി. എം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് സി.പി. എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോയത്. ഇതു ചോദ്യം ചെയ്തുകൊണ്ടു ബിജെപി പ്രവർത്തകർ വിറകുകൊള്ളികളുമായി പിൻതുടരുകയും അവിടെ നിന്നും കൂട്ട അടി നടക്കുകയും ചെയ്തു. ഇരിക്കൂർ പൊലിസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിൻതിരിപ്പിച്ചത്. നാലു പൊലിസ് സ്റ്റേഷനുകളിലെ മുപ്പതോളം പൊലിസുകാരുടെ കാവലിലാണ് മൃതദേഹം ദഹിപ്പിച്ചത്.
അതിക്രമിച്ചു കടന്നാൽ ശിക്ഷിക്കപ്പെടും
പാർട്ടി ഗ്രാമങ്ങൾ കേ്രളസംസ്ഥാനത്തും ഇന്ത്യാമഹാരാജ്യത്തുമാണെങ്കിലും ഇന്ത്യയിലെ ഏതൊരു പൗരനും ഇവിടേക്ക് സ്വാതന്ത്ര്യത്തോടെ കയറിപോകാൻ കഴിയില്ല.വഴിനീളെ അപ്രഖ്യാപിത ചെക്ക് പോസ്റ്റുകൾ, രഹസ്യക്യാമറകൾ, റോഡിലെ ഹംപുകൾ, ചോദ്യം ചെയ്യൽ കേന്ദ്രങ്ങൾ എന്നിവ താണ്ടിവേണം പാർട്ടി ഗ്രാമങ്ങളിൽ പ്രവേശിക്കാൻ. റോഡുകളിലും വൈദ്യുതി തൂണുകളിലും ബസ് ഷെൽട്ടറുകളിലും പാർട്ടി സൂക്തങ്ങളും രകത്സാക്ഷി, ബലിദാനികളുടെ ചിത്രങ്ങൾ, കൊടിതോരണങ്ങൾ, പാറിക്കളിക്കുന്ന കൊടികൾ ചുവപ്പും കാവിയും അടിച്ച വീടുകൾ എന്നിവയൊക്കെ പാർട്ടി ഗ്രാമങ്ങളുടെ സവിശേഷതയാണ്, ഇത്തരം സ്ഥലങ്ങൾക്ക് അയോധ്യനഗർ,ചെങ്കോട്ടയെന്നൊക്കെ വിളിപേരുകളുമുണ്ടാകും വാവച്ചി മുക്ക്, ഉക്കാസ്മെട്ട, ഡയമണ്ട്് മുക്ക്,സി. എച്ച് നഗർ തുടങ്ങിയ വ്യത്യസ്ത പേരുകളിലാണ് പാർട്ടി ഗ്രാമങ്ങൾ അറിയപ്പെടുന്നത്.തൊട്ടടുത്ത ഗ്രാമങ്ങളാണെങ്കിൽ ശത്രുരാജ്യങ്ങളെപ്പോലെയാണ് ഇവിടെയുള്ളവർ കഴിയുന്നത്.
ഉദാഹരണത്തിന് പാട്യം കൊട്ടയോടിയിൽ നിന്നും പത്തായക്കുന്നിലേക്കും അവിടുന്ന് കൊങ്കച്ചിയിലേക്കും സി.പി. എം അനുഭാവിയായ ഒരു ഓട്ടോ റിക്ഷ ഡ്രൈവർക്ക് സർവീസ് നടത്താൻ കഴിഞ്ഞിരുന്നില്ല,ഇപ്പോൾ ഈക്കാര്യത്തിൽ ചെറിയ മാറ്റമുണ്ടായിരുന്നുവെങ്കിലും നേ്രത്തെ ഇത്ത്രം ട്രിപ്പുകൾ വാഹനത്തിന് നേരെ ചീറിപ്പാഞ്ഞുവരുന്ന ബോംബുകളെ പേടിച്ചു ഒഴിവാക്കിയിരുന്നു. ്പകൽ നേരങ്ങളിൽ അൽപം വ്യത്യാസമുണ്ടാകുമെങ്കിലും ര്ാത്രി യാത്ര അസാധ്യമാണ്. ഇതിനുസമാനമായി ബിജെപി ഗ്രാമമായ ചെറുവാഞ്ചേരിയിൽ നിന്നും അവരുടെ അനുഭാവിയായ ഒരു ഓട്ടോ, ഡ്രൈവർക്ക് തൊട്ടടുത്ത സി.പി. എം സ്വാധീന പ്രദേശമായ മുതിയങ്ങയിലോ, കാര്യാട്ടുപുറത്തേക്കോ, ചീരാറ്റയിലേക്കൊ സർവീസ് നടത്താൻ ് നേ്രത്തെ കഴിയുമായിരുന്നില്ല. ജനങ്ങൾക്ക് ഈ പ്രതിസന്ധിയുണ്ടാക്കുന്ന യാത്രാദുരിതം ചെറുതൊന്നുമല്ല. ചിലയിടങ്ങളിൽ പൊലിസിന്റെ സാന്നിധ്യത്തിൽ ഈ വിഷയത്തിൽ ഇരുവിഭാഗം പാർട്ടി നേതാക്കളും തമ്മിൽ ചർച്ച ചെയ്്തു പ്രശ്്നംപരിഹരിച്ചിരുന്നുവെങ്കിലും മിക്കയിടങ്ങളിലും മഞ്ഞുരുകിയിട്ടില്ല. നവംബർ മുതൽ മെയ്മാസം വരെയാണ് തലശേരി താലൂക്കിൽ അക്രമരാഷ്ട്രീയത്തിൽ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷി-ബലിദാന ദിനാചരണങ്ങൾ നടക്കാറുള്ളത്. ഈ സമയങ്ങളിൽ തന്നെയാണ് തെയ്യവും തിറയും വരുന്നതും.
കനലുണങ്ങാത്ത ഓർമകൾ വീണ്ടുമുണരുമ്പോൾ പലതെയ്യപറമ്പുകളും സംഘർഷഭൂമിയാവുകയാണ് ചെയ്യുന്നത്്. പാർട്ടികൊടികളും ബോർഡുകളും ഉയർത്താനും സ്റ്റാളുകൾ ഉണ്ടാക്കാനും കാവുകളിലെ നിയന്ത്രണം കൈയടക്കുന്നതിനുള്ള മത്്സരങ്ങളുമാണ് തെയ്യപറമ്പുകളിൽ രാഷ്ട്രീയ സംഘർഷമുണ്ടാക്കുന്നത്. ഇതു ബോംബെറിലും വടിവാൾ പ്രയോഗത്തിലും പിന്നീട് കലാശിക്കുകയാണ് പതിവ്. പന്ന്യന്നൂരിലെ തെയ്യപറമ്പിലെ ആർ. എസ്. എസ്്- കോൺഗ്രസ് തർക്കമാണ് ഒടുവിൽ വീടാക്രമണങ്ങളിലും വ്യാപക സംഘർഷത്തിലും കലാശിച്ചത്. ആർ. എസ്. എസ് നേതാവ് അനീഷിനും പാനൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിനും പരുക്കേറ്റു. ഇ്രുകാലുകളും തകർന്ന ഹാഷിം ഇപ്പോഴും ചികിത്സയിലാണ്. തെയ്യപറമ്പിൽ ആർ എസ്്. എസ് ബോർഡ് വെച്ചതിലുള്ള തർക്കമാണ് കോൺഗ്രസ് പ്രവർത്തകരുമായി രാഷ്ട്രീയ ഏറ്റുമുട്ടലിൽ കലാശിച്ചത്.
ഒന്നിച്ചു നിന്നാൽ അതിജീവിക്കാം
ചോരയും കണ്ണീരും വീണ ചരിത്രമുണ്ട് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾക്ക്. അരനൂറ്റാണ്ടിലേറെക്കാലമായി പകയുടെ പ്രുന്തുകളാണ് ഇവിടെ ആകാശങ്ങളിൽ വട്ടമിട്ടുപറക്കുന്നത്. ഉറ്റവർ നഷ്ടപ്പെട്ടവരുടെ വേദനയാൽ തീതിന്നുകഴിയുകയാണ് ഇവിടെയുള്ള ജനങ്ങൾ. മക്കൾ നഷ്ടപ്പെട്ട അമ്മമാരും ഭർത്താക്കാന്മാർ നഷ്ടപ്പെട്ട ഭാര്യമാരും അച്ഛൻ നഷ്ടപ്പെട്ട മക്കളും സഹോദരൻ നഷ്ടപ്പെട്ട സഹോദരിമാരുമൊക്കെ നിറകണ്ണുതുടയകക്കുന്നത്് ഇപ്പോഴുംകാണാം ഇവിടെ. പകയുടെ വിത്താണ് പുതുതലമുറയിൽപ്പോലും വളരുന്നത്. കൊന്നവന്റെയും കൊല്ലിച്ചവന്റെയും കണക്കുകൾ രക്തദാഹികളായ നേതാക്കളുടെ കൈയിൽ ഇപ്പോഴും ഭദ്രമാണ്. ആർക്കാണ് പാർട്ടി ഗ്രാമങ്ങളിൽ ജീവിക്കാൻ അവകാശമെന്ന് അവരാണ് തീരുമാനിക്കുന്നത്. 1957മുതൽ കണ്ണൂർ ജില്ലയിൽ നടമാടുന്ന കൊലക്കത്തി രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളും ചെറുതും വലുതുമായ ഇത്തരം നേതാക്കൾ തന്നെ.
കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയം തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറുന്ന യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ചു കൊണ്ടു അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ചില ഗ്രാമങ്ങളുണ്ട്. ഒരുകാലത്ത് സ്ഥിരം രാഷ്ട്രീയ കൊലപാതകങ്ങളും ബോംബേറും നടന്നിരുന്ന ആയിത്തറ മമ്പറം ഇപ്പോൾ ശാന്തമായത്് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെയും നാട്ടുകാരുടെയും ഇച്ഛാശക്തികാരണം. ഇവിടെ സംഘ്പരിവാരവും സി.പി. എമ്മും മറ്റും രാഷ്ട്രീയ പാർട്ടികളുമുണ്ട്. ബോംബും വാളും നടമാടിയിരുന്ന ഈ പ്രദേശം ഇപ്പോൾ ശാന്തമാണ്. എന്തെങ്കിലും ചെറിയ രാഷ്ട്രീയ തർക്കങ്ങളുണ്ടായാൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ചേർന്നുരൂപീകരിച്ച പ്രാദേശികസമിതി ഇടപെടുകയും പ്രശ്നത്തിന്്് പരിഹാരമുണ്ടാക്കുകയും ചെയ്യും. എല്ലാവർക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ തൊട്ടടുത്തുള്ള കണ്ണവത്തും മാനന്തേരിയിലും ചിറ്റാരിപറമ്പിലും ്രാഷ്ട്രീയ കൊലപാതകങ്ങൾ വരെ നടക്കുമ്പോൾ ആയിത്തറ മമ്പറം ശാന്തമാണ്. കണ്ണൂരിലെ പാർട്ടിഗ്രാമങ്ങൾക്ക് മാതൃകയാണ് എല്ലാവരും സമാധാനത്തോടെ അവരവരുടെ കൊടിയുമായി വസിക്കുന്ന ഈ ഗ്രാമം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്