കണ്ണൂർ: നാഥനില്ലാകളരിയായി കണ്ണൂർ പള്ളിക്കുന്നിലെ സെൻട്രൽ ജയിൽ. തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവായതോടെ ജയിൽ സുരക്ഷയ്ക്കു തന്നെ വെല്ലുവിളിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജയിൽ ദിനത്തിൽ കാപ്പ തടവുകാർ ചേരിതിരിഞ്ഞാണ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച പകൽ 12.30നാണ് സംഭവം. ജയിൽ ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരും പുതിയതായി നിർമ്മിച്ച ജയിൽ ബ്ലോക്കിലെ കാപ്പ തടവുകാരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.

മൂന്നാം ബ്ലോക്കിലെ തടവുകാർ പുതിയെ ബ്ലോക്കിലെ കാപ്പ തടവുകാരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ഏറ്റുമുട്ടുകയുമായിരുന്നു. കാപ്പ തടവുകാരനായ തൃശൂർ സ്വദേശി വിവേക് വിൽസ (22)ന് പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.നേരത്തെ നിരവധി തവണ കാപ്പ തടവുകാർ തമ്മിലും മറ്റുബ്ളോക്കിലെ തടവുകാരുമായും ഏറ്റുമുട്ടലുണ്ടായിരുന്നു. തൃശൂർ സ്വദേശികളായ കാപ്പ തടവുകാരുടെ മർദ്ദനമേറ്റു ജയിലിൽ ബാർബറായി ജോലി ചെയ്തിരുന്നു ബിജെപി പ്രവർത്തനകന് പരുക്കേറ്റിരുന്നു.

ഇതിനെ തുടർന്ന് ബിജെപി പ്രവർത്തകരും സംഘം ചേർന്നു തിരിച്ചടിച്ചു. ആയിരത്തിലേറെ അന്തോവാസികൾ പാർക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ വൻസുരക്ഷാഭീഷണിയുണ്ടെന്ന് നേരത്തെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോർട്ടു നൽകിയിരുന്നു. ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്തിയ സംഭവത്തിൽ സുരക്ഷാവീഴ്ചപറ്റിയെന്ന വകുപ്പുതല അന്വേഷണറിപ്പോർട്ടിനെ തുടർന്ന് ജയിൽ സൂപ്രണ്ട് മാസങ്ങളായി സസ്പൻഷനിലാണ്.

ഇതോടെ നാഥനില്ലാ കളരിയായി മാറിയിട്ടുണ്ട് കണ്ണൂർ സെൻട്രൽ ജയിൽ. ഇവിടെ നിന്നും ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും കണ്ടെടുക്കുന്നത് സർവസാധാരണമാണ്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക് ഫോൺ ചെയ്തത് ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മദ്യവും ബീഡിയും കണ്ടെടുത്തു സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. കണ്ണൂർ ടൗൺ പൊലിസ് ജയിലിൽ എത്തി ഈ സാധനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയിലിന്റെ ഒൻപതാം മതിലിനു സമീപം ആശാരിപ്പണിയെടുക്കുന്ന സ്ഥാപനത്തിന് സമീപം വച്ചാണ് കഴിഞ്ഞ ദിവസം രണ്ടുകുപ്പി വോഡ്കാ മദ്യവും നാലുപാക്കറ്റ് ബീഡിയും കണ്ടെടുത്തത്. രാവിലെ തടവുകാരെ പുറത്തുവിടുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ വാർഡന്മാരാണ് ഇവ കണ്ടെത്തിയത്.

ലഹരിവസ്തുക്കൾ മറ്റാരോ പുറത്തു നിന്നും എറിഞ്ഞുകൊടുത്താണോയെന്നാണ് സംശയം. നേരത്തെ ജയിലിലെ പാചകമുറിയിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ സൂപ്രണ്ടിനെസസ്പെൻഡ് ചെയ്തിരുന്നു. ജയിലിനകത്തേക്ക് തുടർച്ചായി ലഹരിവസ്തുക്കൾ കടത്തുന്നത് കണ്ടെത്താനാവാതെ നട്ടം തിരിയുകയാണ് ജയിൽ വകുപ്പ് അധികൃതർ. ജയിലിനകത്തേക്ക് വരുന്ന പച്ചക്കറി വാഹനത്തിൽ കഞ്ചാവ് കടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. കാസർകോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിലായെങ്കിലും ആർക്കുവേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നു ഇതുവരെ വ്യക്തമായിട്ടില്ല.

ഒന്നര വർഷം മുൻപ് കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിലെ റോഡിനു മുൻവശത്തുള്ള ഫ്രീഡം ചപ്പാത്തി കൗണ്ടറിന്റെ ഓഫിസ് കുത്തിതുറന്ന് മേശവലിപ്പിലുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപ കവർന്നിരുന്നുവെങ്കിലും പ്രതികളെകണ്ടെത്താൻ ഇതുവരെ പൊലിസിനു കഴിഞ്ഞിട്ടില്ല.