കണ്ണൂർ: ഒരുനൂറ്റാണ്ടിന്റെ ചരിത്രസ്പന്ദനങ്ങളുള്ള ഇരുണ്ട സെല്ലുകളിലേക്കും അറിയപ്പെടാത്ത സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതത്തിലേക്കുമുള്ള ഓർമ്മകളുടെയാത്രയൊരുക്കി കണ്ണൂർ സെൻട്രൽ ജയിൽ ചരിത്ര പ്രദർശനം. 1920 മുതലുള്ള രേഖകളിലാണ് അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനേകം സ്വാതന്ത്ര്യസമര സേനാനികളുടെ വിവരങ്ങളുള്ളത്.

ബ്രിട്ടിഷ് ഭരണകൂടം സ്വാതന്ത്ര്യ സമര, കമ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളെ അടിച്ചമർത്താനായി ഉപയോഗിച്ച കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലുകളും പ്രദർശനത്തിന്റെ ഭാഗമായി പൊതുജനത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. 1869ൽ സ്ഥാപിക്കപ്പെട്ട ഈ ജയിൽ വസൂരി പകർച്ചവ്യാധി കാലത്ത് ക്വാറന്റീൻ സെല്ലുകളായിരുന്നു. തടവുകാരെ ഇവിടെ പാർപ്പിച്ചതിനു ശേഷമാണു പ്രധാന ജയിലിലേക്കു മാറ്റുന്നത്.

.തടവുകാർക്കു കിടക്കാൻ ഒരടി പൊക്കത്തിൽ കല്ലുകൊണ്ടു കെട്ടിയ 'കട്ട' എന്നറിയപ്പെടുന്ന ജയിൽ കട്ടിലുമുണ്ട്. പ്രാഥമികാവശ്യങ്ങൾക്കായി അവർ ഉപയോഗിച്ചിരുന്നതാകട്ടെ ചെറിയ പാത്രങ്ങളും. കർഷക കലാപങ്ങളിൽ പങ്കെടുത്തവരെയുൾപ്പെടെ കുത്തിനിറച്ചു പാർപ്പിക്കാൻ മുകളിലത്തെ നില ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണു കരുതുന്നത്.

കയ്യൂർ രക്തസാക്ഷികളെ തൂക്കിക്കൊന്നതും കണ്ണൂർ സെൻട്രൽ ജയിലിലാണ്. 1991-ൽ സീരിയൽ കില്ലറായ മുതുകുറ്റി ചന്ദ്രനെന്ന റിപ്പർ ചന്ദ്രനാണ് അവസാനമായി ഇവിടെ നിന്നും തൂക്കിലേറ്റപ്പെട്ടയാൾ. രാഷ്ട്രപതി ദയാഹരജി തള്ളിയതിനു ശേഷമായിരുന്നു പുലർകാലെയുള്ള തൂക്കിലേറ്റൽ. ഇപ്പോഴും വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാർ കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്. എന്നാൽ ഇന്ത്യൻ സർക്കാർ സാർവദേശീയതലത്തിലുള്ള മാറ്റങ്ങൾക്കനുസരിച്ചു വധശിക്ഷയിൽ ഏറെ ഇളവുകൾ നൽകിയിട്ടുണ്ട്.

അതുകൊണ്ടു തന്നെ കണ്ണൂർ സെൻട്രൽ ജയിലിലെ തൂക്കുമുറിയും അടഞ്ഞുകിടക്കുകയാണ്. മുപ്പത്തിയാറോളം ഏക്കറിലാണ്ആയിരത്തിലേറെ അന്തേവാസികൾ പാർക്കുന്ന കണ്ണൂർ സെൻട്രൽ ജയിൽ പള്ളിക്കുന്നിൽ പരന്നു കിടക്കുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് തടവുകാരനായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അമ്മയ്ക്കു അസുഖമായതിനായ രണ്ടാഴ്‌ച്ചത്തേക്കുള്ള പരോൾ ലഭിക്കാനായി ആഭ്യന്തര സ്പെഷ്യൽ സെക്രട്ടറിക്ക് എഴുതിയ കത്ത്, എ.കെ.ജിയുടെകുറിപ്പുകൾ,

സി. അച്യുതമേനോൻ, എസ്.കെ പൊറ്റക്കാട് എന്നിവർ ജയിൽ സന്ദർശനവേളയിൽ എഴുതിയ അഭിപ്രായകുറിപ്പുകൾ, സ്വാതന്ത്ര്യസമരസേനാനികൾ ഇന്ത്യൻ പതാക ഉയർത്തിയതിന്റെ ചിത്രങ്ങൾ, ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് കയ്യൂർ സഖാക്കളെ തൂക്കിലേറ്റാനായി ഉത്തരവിട്ടതിന്റെ പകർപ്പ് ഇതൊക്കെ ജയിൽ പ്രദർശനത്തിലുണ്ടെന്ന് പ്രദർശനത്തിന്റെ ചുമതലക്കാരനായ അസി. പ്രിസൺ ഓഫീസർ പി.ബിനീഷ് പറഞ്ഞു.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കണ്ണൂർ സെൻട്രൽ ജയിലിന്റെ ചരിത്രം അറിയാനായി പ്രദർശനവേളയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളുമാണെത്തിയത്. കെ. കേളപ്പൻ, എ.കെ.ജി തുടങ്ങിയ ഒട്ടേറെ മഹാരഥന്മാർ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണ്ണൂർ ജയിൽ വാസമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി തലമുറകളുടെ ഓർമകൾ പേറുന്ന കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാനമായ കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥിരം മ്യൂസിയമുണ്ടാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.

ജയിൽ അന്തേവാസികൾ വരച്ച ചിത്രങ്ങളും കരകൗശല വസ്തുക്കളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വസൂരി, ചിക്കൻപോക്സ് രോഗങ്ങൾ വ്യാപകമായ കാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ മറ്റ് ജയിലുകളിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമ്പോൾ ക്വാറന്റൈൻ ചെയ്തിരുന്നതാണ് ഈ സെല്ലുകൾ. ഇവിടെ തടവുകാരെ പാർപ്പിക്കുന്നില്ലെങ്കിലും അക്കാലത്തെ തടവുകാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖകൾ ഇവിടെ സൂക്ഷിക്കുന്നുണ്ട്. കാലപ്പഴക്കത്തിൽ ചിലത് നശിച്ചു.

പൊതുജനങ്ങൾക്ക് അറിവ് പകരാനാണ് ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിച്ചതെന്ന് ജയിൽ സൂപ്രണ്ട് ഡോ. വിജയൻ പറഞ്ഞു. ജയിലിലെ പഴക്കംചെന്ന രജിസ്റ്ററുകളും മറ്റ് രേഖകളും ഡിജിറ്റലൈസ് ചെയ്യാൻ സംസ്ഥാന സർക്കാർ കണ്ണൂർ സർവകലാശാലയിലെ ലൈബ്രറി സയൻസ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബലക്ഷയം വന്ന ഈ കെട്ടിടം ചരിത്രസ്മാരകമായി സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശം ജയിൽ ഉദ്യോഗസ്ഥർ സർക്കാരിന് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.