- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'തടവുകാരോടു ചോദിച്ചിട്ടു മതി പരിശോധന' എന്ന നിര്‍ദ്ദേശം മുഴുവന്‍ ബ്ലോക്കുകളിലേയും സമഗ്ര പരിശോധന അട്ടിമറിച്ചു; മാംസഭക്ഷണം കഴിക്കാത്ത നൂറ്റന്‍പതോളം തടവുകാരുണ്ടെങ്കിലും മുഴുവനാളുകളുടെയും പേരില്‍ ഇറച്ചി വാങ്ങി അധികം വരുന്നത് സിപിഎം തടവുകാര്‍ക്കു നല്കുന്ന കരുതല്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിക്കുന്നത് എന്ത്? അടുക്കളകള്‍ വീണ്ടും സജീവമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മുഴുവന്‍ ബ്ലോക്കുകളിലും അധികൃതര്‍ സമഗ്ര പരിശോധന നടത്താത്തത് വിവാദത്തില്‍. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ മാത്രമാണു പരിശോധന നടന്നത്. മറ്റു ബ്ലോക്കുകളില്‍, 'തടവുകാരോടു ചോദിച്ചിട്ടു മതി പരിശോധന' എന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു..കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം തടവുകാര്‍ക്കായുള്ള രഹസ്യ അടുക്കളകള്‍ സജീവമാണെന്നും വെളിപ്പെടുത്തലുണ്ട്. സിപിഎം തടവുകാര്‍ കൂടുതലുള്ള 2, 4 ബ്ലോക്കുകളില്‍ വാട്ടര്‍ടാങ്കുകളുടെ അടിയിലായാണ് അടുക്കളകള്‍. മാംസഭക്ഷണം കഴിക്കാത്ത നൂറ്റന്‍പതോളം തടവുകാരുണ്ടെങ്കിലും മുഴുവനാളുകളുടെയും പേരില്‍ ഇറച്ചി വാങ്ങുകയും അധികം വരുന്നത് സിപിഎം തടവുകാര്‍ക്കു നല്‍കുകയും ചെയ്യുന്നുണ്ടെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ സ്വന്തക്കാരെ സംരക്ഷിക്കാനും മറ്റു ചിലരെ ബലിയാടാക്കാനും നീക്കം നടന്നുവെന്ന് വ്യക്തമാണ്. സിസിടിവിയുടെ ചുമതലയുണ്ടായിരുന്ന അസി. പ്രിസണ്‍ ഓഫിസറെ സസ്‌പെന്റ് ചെയ്തു. അന്ന് രാത്രി ആശുപത്രി ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു ഈ ഉദ്യോഗസ്ഥനെ. ഈ ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിയത് ഗൂഡാലോചനയാണെന്ന സംശയവും ഉണ്ട്. ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തിന് ശേഷം ഈ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. അസി. പ്രിസണ്‍ ഓഫിസര്‍മാരെ നിരീക്ഷിക്കേണ്ട ഇന്‍സൈഡ് ഗാര്‍ഡ് ഓഫിസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് 2 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരാണ്. ഇതിലൊരാളെ മാത്രമാണു സസ്‌പെന്‍ഡ് ചെയ്തത്. ഇതിനൊപ്പമാണ് അടുക്കള വാര്‍ത്തയും പുറത്തു വരുന്നത്.
പുറത്തുനിന്നെത്തിക്കുന്ന ഇറച്ചിയും മറ്റും സിപിഎം തടവുകാര്‍ പാചകം ചെയ്യുന്നതും ജയിലില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ചൂടാക്കുന്നതും രഹസ്യ അടുക്കളകളിലെ വിറകടുപ്പിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പു പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നീക്കം ചെയ്തതാണ് അനധികൃത അടുക്കളകള്‍. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളുടെ പോസ്റ്ററുകളും ജയിലില്‍ പതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരം പോസ്റ്ററുകളുടെ മറയിലാണ് പല തടവുകാരും മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതെന്നും പറയുന്നു. സെല്ലില്‍ കൊതുകുവലയ്ക്കു മീതെ മുണ്ട് വിരിച്ചശേഷം അതിനകത്തിരുന്നാണു ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്ന് ജയില്‍ ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സെല്ലിലെ ലൈറ്റുകള്‍ രാത്രി പ്രവര്‍ത്തിച്ചിരുന്നില്ല. ആറ് മാസമായി ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തല്‍. ജയില്‍ സൂപ്രണ്ടിനെതിരെ നടപടിക്കും ശുപാര്‍ശ. ഗോവിന്ദചാമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോ എന്നതില്‍ അന്വേഷണം വേണമെന്നും ജയില്‍ മേധാവിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പുലര്‍ച്ചെ 1.15നാണ് ജയില്‍ ചാടുന്നത്. ആദ്യം ഒരുതുണി പുറത്തേക്കിട്ടു. പിന്നീട് സെല്ലിന്റെ താഴ്ഭാഗത്തെ കമ്പി മുറിച്ച് മാറ്റി ആ വിടവിലൂടെ ഇഴഞ്ഞാണ് സെല്ലില്‍ നിന്ന് പുറത്തിറങ്ങുന്നത്.
പുറത്തിറങ്ങിയ ശേഷം മൂന്ന് തവണയായി തുണി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നത് കാണാം. പിന്നീട് പത്താം ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നു. അവസാനം വലിയ മതിലായ പുറംമതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. അപ്പോള്‍ സമയം 4.15 കഴിഞ്ഞിരുന്നു. ജയിലിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സെല്ലില്‍ ഗോവിന്ദച്ചാമി ഇല്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ മനസിലാക്കുന്നത്. തുടര്‍ന്ന് പ്രതിക്കായി കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പൊലീസ് നടത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ണൂര്‍ നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിലെ കിണറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടുന്നത്.
പ്രതിയെ വളരെ വേഗത്തില്‍ പിടിയിലായത് ആശ്വാസകരമാണെങ്കിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷ സംവിധാനങ്ങളുടെ സ്ഥിതി അതിദയനീയമാണെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒന്നരമാസമായികൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ജയില്‍ച്ചാട്ടം. ജയില്‍ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് നല്‍കിയ മൊഴി. പിടികൂടിയ ശേഷം ഗോവിന്ദചാമിയെ കൂടുതല്‍ സുരക്ഷയുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.