- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാനൂരിൽ പിണറായിയുടെ പൊലിസിനെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎം പ്രാദേശിക നേതൃത്വം; പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടു കടത്തിയതിനെതിരെ അപ്പീൽ നൽകും; പാർട്ടി അനുമതിയില്ലാതെയുള്ള പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത് നൂറോളം പേർ; കേസിന് പിന്നിൽ വിഭാഗിയതയോ?
കണ്ണൂർ: സി.പി. എം പ്രവർത്തകനെ കാപ്പ ചുമത്തി നാടുകടത്തിയതിൽ അണികളുടെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ അപ്പീൽ നടപടികൾ സ്വീകരിക്കാൻ പാർട്ടി നേതൃത്വം നീക്കം തുടങ്ങി. കാപ്പ ചുമത്തപ്പെട്ടതിനാൽ പുതുച്ചേരി സംസ്ഥാനത്തെ പള്ളൂരിൽ കഴിയുന്ന സി.പി. എം കെ.സി.കെ നഗർ ബ്രാഞ്ച് കമ്മിറ്റിയംഗം മീത്തലെ ചമ്പാട്ടെ കണിയാങ്കണ്ടി രാഗേഷ്(43) അടുത്ത ദിവസം തന്നെ കാപ്പ ബോർഡിന് മുൻപാകെ അപ്പീൽ നൽകും.
അപ്പീൽ പരിഗണിക്കാതെ വന്നാൽ ഹൈക്കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. നിയമനടപടി സ്വീകരിക്കാൻ ചമ്പാട് കെ.സി.കെ ബ്രാഞ്ച് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സ്ഫോടക വസ്തു കൈക്കാര്യം ചെയ്യൽ, ദേഹോപദ്രവം,വീടാക്രമിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ലഹള നടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായ സാഹചര്യത്തിൽ കാപ്പയിൽ പ്രതിഷേധിച്ച് പാർട്ടി ഗ്രാമമായ മീത്തലെ ചമ്പാട് പൊലിസിനെതിരെപാർട്ടി അണികൾ പ്രതിഷേധപ്രകടനം നടത്തിയതോടെയാണ് വിഷയത്തെ അതീവഗൗരവകരമായി സി.പി. എം നേതൃത്വം കണ്ടത്.
പാർട്ടിയുടെ അനുമതിയില്ലാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യുവാക്കൾ പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നതോടെ പ്രശ്നം പരിഹരിക്കാൻ പാർട്ടി നേതൃത്വം തന്നെ രംഗത്തിറങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന പൊലിസിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ അണികളെ മയപ്പെടുത്തി പ്രശ്നം രമ്യമായി പരിഹരിക്കാനാണ് പാർട്ടി ഏരിയാ നേതാക്കൾ രംഗത്തിറങ്ങിയത്. പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചതിനാണ് രാഗേഷിനെതിരെ കേസുണ്ടായിരിക്കുന്നതെന്നും രാഗേഷിനെതിരെ കാപ്പ ചുമത്തിയത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് പ്രവർത്തകർ പറയുന്നത്.
നവമാധ്യമങ്ങളിലൂടെ ഒരുവിഭാഗം രാഗേഷിന് അനുകൂലമായി ക്യാംപയിൻ നടത്തുന്നുണ്ട്. ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകരും അനുഭാവികളും പ്രതിഷേധ പ്രകടനം നടത്തിയത്. കാൽനൂറ്റാണ്ടായി പാർട്ടി അംഗത്വമുള്ള രാഗേഷ് പാർട്ടിക്കും നാട്ടിലെ യുവാക്കളുടെ സംരക്ഷണത്തിനുമല്ലാതെ വ്യക്തിപരമായ കാര്യങ്ങൾക്കല്ല കേസുകളിൽ പ്രതിയായതെന്ന പ്രചരണമാണ് അനുകൂലിക്കുന്നവർ നവമാധ്യമങ്ങളിലൂടെ നടത്തുന്നത്. എന്നാൽ പാർട്ടിക്കുള്ളിലെ വിഭാഗീയത എതിരാളികൾ മുതലെടുക്കുമോയെന്ന ആശങ്കയുള്ളതുകൊണ്ടാണ് അടിയന്തിര നടപടികളുമായി പാർട്ടി നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നത്.
എന്നാൽ പാനൂർ മേഖലയിൽ പൊലിസിനെതിരെയുള്ള സി.പി. എം പ്രവർത്തകരുടെ പ്രതിഷേധം പാർട്ടിക്കുള്ളിലെ വിഭാഗീയതകാരണമാണെന്ന വിലയിരുത്തലുമുണ്ട്. പ്രാദേശികമായി ഇരുവിഭാഗം പ്രവർത്തകർ രാഷ്ട്രീയേതര കാരണങ്ങളാൽ പോരടിക്കാൻ തുടങ്ങിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഒടുവിൽ പാർട്ടി ഭരിക്കുന്ന പൊലിസിനെതിരെ പ്രതിഷേധ പ്രകടനമായി അതുമാറുകയും ചെയ്തു. ഒരു വർഷം മുൻപ് വിഷുദിനത്തിൽ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ടു ചമ്പാട് സി.പി. എം പ്രവർത്തകർ രണ്ടു ചേരിയിലായി കലഹമുണ്ടായിരുന്നു.
പരസ്പരം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പൊലിസ് കർശന നടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് തെരുവു പോരാട്ടത്തിൽ നിന്നും ഇരുവിഭാഗവും പിൻതിരിഞ്ഞത്. എന്നാൽ ഇരുവിഭാഗവും തമ്മിലുള്ള സ്പർദ്ധ നിലനിന്നിരുന്നു. പൊലിസിന് രഹസ്യവിവരം നൽകിയെന്നു ആരോപിച്ചു ഒരു പാർട്ടി പ്രവർത്തകന്റെ വീടിനു നേരെ അക്രമവും നടന്നിരുന്നു. ചെടിച്ചട്ടികൾ തകർക്കുകയും വീടിന് നേരെ സ്ഫോടക വസ്തുക്കളെറിയുകയും ചെയ്തു.
ഈ സംഭവത്തിൽ പാനൂർ പൊലിസ് കേസെടുത്തിരുന്നു. പാർട്ടി ഏരിയാ നേതൃത്വം ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. ഈ സംഭവത്തിലാണ് സി. പി. എം കെ.സികെ ബ്രാഞ്ച് കമ്മിറ്റിയംഗവും ലോക്കൽ വളൻഡിയർ ക്യാപ്റ്റനുമായ ചമ്പാട് കണിയാൻ കണ്ടിയിൽ രാഗേഷിനെതിരെ ഒന്നിലേറെ കേസുകൾ വന്നതും കാപ്പ ചുമത്തപ്പെട്ടതും. സജീവ പാർട്ടി പ്രവർത്തകനായ രാഗേഷിനെതിരെ കാപ്പ ചുമത്തി നാടുകടത്തിയതിൽ പ്രതിഷേധിച്ചാണ് ചമ്പാട് ടൗണിൽ സ്ത്രീകളടക്കമുള്ള നൂറോളം പ്രവർത്തകർ പൊലിസിനെതിരെ പ്രതിഷേധപ്രകടനം നടത്തിയത്. ഇതിനു പ്രാദേശിക നേതൃത്വത്തിന്റെയും പിൻതുണയുണ്ടായിരുന്നുവെന്നാണ് സൂചന. കാപ്പ ചുമത്തിയതിൽ നിയമ നടപടി സ്വീകരിക്കുമെന്ന് സി. പി. എം ലോക്കൽ സെക്രട്ടറി കെ. ജയരാജൻ അറിയിച്ചിട്ടുണ്ട്.
ഇതിനെതിരെ അപ്പീൽ നൽകാനാണ് തീരുമാനം. എന്നാൽ കഴിഞ്ഞ ദിവസം പൊലിസിനെതിരെ നടന്ന പ്രതിഷേധ പ്രകടനം പാർട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ട. എന്നാൽ സി.പി. എം പ്രവർത്തകനെതിരെ കാപ്പ ചുമത്തിയതിൽ പ്രതിഷേധിച്ചു കൊണ്ടു നടത്തിയ പ്രകടനത്തിനെതിരെ കേസെടുത്തിട്ടില്ലെന്ന് പാനൂർ പൊലിസ് അറിയിച്ചു. പാനൂർ മേഖലയിലെ സി.പി. എം വിഭാഗീയതയിൽ ഏരിയാ, ജില്ലാ നേതൃത്വങ്ങൾ ഇടപടെണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ നിന്നും ശക്തമായിട്ടുണ്ട്.സി.പി. എം-ബിജെപി രാഷ്ട്രീയ സംഘർഷത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ട സ്ഥലങ്ങളിലൊന്നാണ് പാനൂരിലെ ചമ്പാട്.