- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കണ്ണൂരിലെ ക്രിപ്റ്റോ കറൻസി സാമ്പത്തിക തട്ടിപ്പ്: സി പി എം പുറത്താക്കിയ പ്രാദേശിക നേതാക്കൾക്ക് അർജുൻ ആയങ്കിയുമായി ബന്ധം; ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചതു സൈബർ പോരാളിയോടുള്ള ആരാധന മൂത്ത്; കണ്ണൂരിലെ സി.പി. എം പ്രവർത്തകർക്ക് എതിരെയുള്ള ആരോപണങ്ങൾ ക്വട്ടേഷൻ ബന്ധങ്ങളിലേക്കും
കണ്ണൂർ: കോടികളുടെ സാമ്പത്തിക തട്ടിപ്പുനടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പെരിങോം ഏരിയാകമ്മിറ്റിക്ക് കീഴിലെ ലോക്കൽ നേതാക്കളെ പുറത്താക്കിയ സിപിഎം നടപടിയിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. പെരിങ്ങോം ഏരിയാ കമ്മിറ്റിക്ക് കീഴിലെ തിരുമേനി ലോക്കൽ കമ്മിറ്റിയംഗമായ സേവ്യർ പോൾ പാടിച്ചാൽ ലോക്കൽ കമ്മിറ്റിയംഗം റംഷാ, പെരിങ്ങോം ലോക്കൽ കമ്മിറിയംഗമായ എ. അഖിൽ, മടക്കാം പൊയിൽ ബ്രാഞ്ച് അംഗമായ കെ.സകേഷ് എന്നിവരെയാണ് വിവാദമുണ്ടായതിനെ തുടർന്ന് പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
ഇവരിൽ ചിലർക്ക് കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയും സി.പി. എം സൈബർ പോരാളിയുമായിരുന്ന അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ, മെയ്മാസങ്ങളിൽ കുറ്റാരോപിതനായ ഒരാളുടെ അരവഞ്ചാൽ കൊരങ്ങാടുള്ള വീട്ടിൽ സ്വർണക്കടത്ത് കേസിൽ പൊലിസ് തെരഞ്ഞുകൊണ്ടിരിക്കവേ പ്രതിയായ അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിലൂടെ ഉടലെടുത്ത ആത്മബന്ധമാണ് സാമ്പത്തിക തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് സൂചന.
പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട നാലുപേരും നേരത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയും ഡി.വൈ. എഫ്. ഐ പ്രാദേശിക നേതാക്കളായും സി.പി. എമ്മിലേക്ക് കടന്നുവന്നവരാണ്. സൈബർ പോരാളികളിലെ താരമായിരുന്ന അർജുൻ ആയങ്കിയുമായി പാർട്ടിക്കായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇവർ വ്യക്തിപരമായ അടുപ്പം പുലർത്തിയിരുന്നുവെന്നാണ് വിവരം.
കരിപ്പൂർ അന്തരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ടു സ്വർണം പൊട്ടിക്കൽ കേസിലെ പ്രതിയായ അർജുൻ ആയങ്കി ഇതിനു ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അരവഞ്ചാലിലെ വിജനമായ മലമുകളിൽ നിന്നും മലപ്പുറം എസ്. പി സുജിത്ത് ദാസിന്റെയും സംഘത്തിന്റെയും പിടിയിലാവുന്നത്. സി.പി. എമ്മിൽ നിന്നുതന്നെ ചോർന്ന രഹസ്യവിവരമനുസരിച്ചാണ് ആയങ്കിയെ പൊലിസ് വലയിലാക്കിയത്. അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ പരിയാരം കുളപ്പുറത്തെ കുന്നിന്മുകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾക്ക് ഈ പ്രദേശമായുള്ള ബന്ധത്തെ പറ്റിയുള്ള സംശയം പൊലിസിനുണ്ടാക്കിയത്.
ചെറുപുഴയിലെ കേരളാ കോൺഗ്രസ് നേതാവ് പരാതി നൽകിയതോടെയാണ് അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയ പാർട്ടിക്കാരായ നാലുപേർ കുടുങ്ങിയത്. കേരളാ കോൺഗ്രസ് നേതാവിന്റെ വിദ്യാർത്ഥിയായ മകനുമായി ചേർന്ന് ക്രിപ്റ്റോ കറൻസിയിലൂടെ കോടികളുടെ ഇടപാടുകൾ നടത്തിയതാണ് വിവാദമായത്. എൽ.ഡി. എഫ് ഘടകകക്ഷിനേതാവ് കൂടിയായ വിദ്യാർത്ഥിയുടെ പിതാവ് സിപിഎം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദന് നൽകിയ പരാതിയെ തുടർന്നാണ് ഈ കാര്യം പാർട്ടി ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്നത്.
ഘടകകക്ഷി നേതാവിന്റെ മകൻ സമീപ കാലത്ത് ബൈക്ക് അപകടത്തിൽപ്പെടുകയും അതിനു പിന്നിൽ സിപിഎം പ്രവർത്തകരുമായുള്ള 30 ലക്ഷത്തിന്റെ ഇടപാടുമായുള്ള തർക്കമാണെന്ന വിവരം സംശയിക്കുകയും ചെയ്തതോടെയാണ് സിപിഎം. സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന് പരാതി നൽകിയത് ഈ കാര്യത്തിൽ ചെയ്യാനുള്ളതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് ഘടകകക്ഷി നേതാവ് ഇക്കാര്യത്തെ കുറിച്ചു പ്രതികരിച്ചത്.
ആരോപണവിധേയരായ പാർട്ടി പ്രവർത്തകരുമായി തെറ്റിയതിനു ശേഷം വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കേരളാ കോൺഗ്രസ് നേതാവിന്റെ മകൻ ഇപ്പോഴും ചികിത്സയിലാണ്. വിദ്യാർത്ഥിയായ ഇയാളുടെ ഇരുകാലുകളും തകർന്നിട്ടുണ്ട്. വാഹനാപകടത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയർന്നിരുന്നുവെങ്കിലും പൊലീസിൽ പരാതി നൽകിയിട്ടില്ല. പുറത്താക്കപ്പെട്ട സിപിഎം പ്രവർത്തകർ കേരളാ കോൺഗ്രസ് നേതാവിന്റെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ 30 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ഈ പണം കൊണ്ടു പുറത്താക്കപ്പെട്ട സിപിഎം പ്രവർത്തകർ മലയോര മേഖലയിൽ ഉൾപെടെ ബിനാമി പേരിൽ ഭൂമി വാങ്ങി കൂട്ടിയതായും വിവരമുണ്ട്.
ഇതിനിടെ പാർട്ടിയിൽ നിന്നും പുറത്താക്കിയ പ്രാദേശിക നേതാക്കൾ സഹകരണസ്ഥാപനങ്ങളിൽ ജീവനക്കാരാണെന്നതും ഇവർ സഹകരണബാങ്കുകളെ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമാക്കി ഉപയോഗിച്ചതും സി.പി. എംകണ്ണൂർ ജില്ലാ നേതൃത്വത്തിന് ആശങ്കയുണ്ടായിട്ടുണ്ട്. ഇക്കാര്യം എൻഫോഴ്സ് ഡയറക്ടറേറ്റ് അന്വേഷിക്കുമോയെന്ന ആശങ്കയാണ് പാർട്ടിക്കുള്ളത്. പാർട്ടിപ്രവർത്തകർ നടത്തിയ തട്ടിപ്പിന് ഇരയായവർക്ക് പൊലിസിൽ പരാതി നൽകാമെന്നു സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും പരാതി നൽകാതിരിക്കാൻ പ്രാദേശിക നേതൃത്വം രഹസ്യമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. പണം നഷ്ടപ്പെട്ടവരുമായി കേസിന് പോകാതെ ഒത്തുതീർപ്പുണ്ടാക്കാമെന്നാണ് ഇവരുടെ വാഗദാനം.




