- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ വാഹനത്തിന് ചുറ്റും മതിൽ കെട്ടി കരുതൽ! ഇത് സിനിമയിലെ കോമഡി രംഗമല്ല, പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; പൊളിക്കാനുള്ള വാഹനമെന്ന് അധികൃതർ
പയ്യന്നൂർ: സിനിമയിൽ കെട്ടിടത്തിന്റെ തൂണിനെ അകത്താക്കി കട്ടിൽ നിർമ്മിക്കുന്ന ജഗതിയുടെ ഒരു കോമഡി രംഗത്തിന് സമാനമായ സംഭവമാണ് പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. ആശുപത്രി കെട്ടിടത്തിന് സമീപം നിർത്തിയിട്ട സർക്കാർ വാഹനത്തിന് ചുറ്റും മതിൽ കെട്ടി സംരക്ഷണം ഒരുക്കി. ആര് കണ്ടാലും ചിരിച്ച് പോകുന്നു അധികൃതരുടെ ഈ 'ദീർഘവീഷണം'
സർക്കാർ നിയന്ത്രണത്തിലുള്ള കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ കണ്ണൂർ റീജനൽ മാനേജരുടെ കാര്യാലയത്തിനു മുന്നിൽ നിർത്തിയിട്ട വാഹനമാണു പുറത്തിറക്കാൻ കഴിയാത്ത വിധം മതിൽ കെട്ടിയത്. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് വലിയ ചുറ്റുമതിൽ നിർമ്മിക്കുമ്പോഴാണ് വാഹനം കയറ്റിയ വഴിയും മതിൽ കെട്ടിമുട്ടിച്ചത്. കാറിന് പോകാനുള്ള ഭാഗം അടച്ച തൊഴിലാളികൾ, പകരം ഇവിടെ ബൈക്കിന് പോകാനുള്ള വഴിയാണ് സജ്ജമാക്കിയത്.പക്ഷേ നിർമ്മിച്ചപ്പോഴൊന്നും ആർക്കും ഒരു പിഴവ് തോന്നിയിരുന്നില്ല.
കോവിഡ് കാലത്തെ സേവനത്തിനാണ് ആരോഗ്യ വകുപ്പിന്റെ കെഎൽ 01 എബി 5038 വാഹനം കൊണ്ടു വന്നത്. 2018ൽ ഫിറ്റ്‌നസ് കഴിഞ്ഞ വാഹനമായിരുന്നു ഇത്. 19 വർഷം പഴക്കമുണ്ട്. അതുകൊണ്ട് കോവിഡിനു ശേഷം വാഹനം പുറത്തിറക്കിയില്ല. ലേലം ചെയ്തു വിൽക്കാനുള്ള നടപടിയും എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തിലാണു വാഹനം ഇവിടെ കിടന്നു പോയത്. അതിഥി തൊഴിലാളികൾ മതിൽ നിർമ്മിക്കുമ്പോൾ വാഹനം പുറത്തേക്കെടുക്കാനുള്ള വഴിയൊരുക്കിയില്ല.
വാഹനം പുറത്തിറക്കുന്നതെങ്ങനെ എന്ന ചോദ്യം പരിസരവാസികൾ ഉയർത്തിയപ്പോഴാണ് അമളി പറ്റിയത് അറിയുന്നത്. മതിൽ സിമന്റ് തേച്ചു പൂർത്തിയാക്കിയതിനാൽ പൊളിച്ചു മാറ്റാനും പറ്റില്ല.
ബന്ധപ്പെട്ടവർ ഇപ്പോൾ ഉത്തരം കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചു കൊണ്ടുപോകാനുള്ളതല്ല. പൊളിച്ചു കൊണ്ടു പോകേണ്ടതാണ്. അതുകൊണ്ടാണു മതിൽ കെട്ടിയത്! വാഹനം പൊളിക്കണമെങ്കിൽ വർക്ക്‌ഷോപ്പിൽ എത്തണം. അതിന് വാഹനം പുറത്തേക്കെടുത്തേ തീരൂ. എന്തായാലും മതിൽക്കകത്തായ വാഹനവും അതിന് വഴിയൊരുക്കിയ ആരോഗ്യ വകുപ്പും ട്രോളർമാർക്കു കൊയ്ത്തായി മാറി.
മറുനാടന് മലയാളി ബ്യൂറോ