- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ കൈത്തറി വിവാദത്തിന് ചൂട് പിടിക്കുന്നു; പാർട്ടിക്കുള്ളിൽ പട തുടരുമ്പോഴും പ്രതികരിക്കാതെ സിപിഎം; എം.ഡിയെ അസഭ്യം പറഞ്ഞ ജയിംസ്മാത്യുവിനെതിരെ നടപടിയുണ്ടായേക്കും; കോർപറേഷനെ തകർക്കുന്ന സുകുമാർ അരുണാചലം ഉന്നത നേതാവിന്റെ നോമിനിയെന്നും ആരോപണം
കണ്ണൂർ: തറിയുടെയും തിറയുടെയും നാടെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരിൽ തറിയുടെ കാലം അസ്തമിക്കുന്നു. 54 വർഷം പൂർത്തിയാക്കുന്ന സംസ്ഥാന കൈത്തറി വികസന കോർപറേഷൻ നാശത്തിന്റെ പടുകുഴിയിലേക്കുള്ള പ്രയാണത്തിലേക്കാണ്. വിൽപന ഷോറൂമുകൾ പൂട്ടിയും തൊഴിലാളികളെ വെട്ടിക്കുറച്ചും നിർമ്മിച്ച ഉൽപന്നങ്ങൾ കെട്ടിക്കിടുന്നും ഊർധശ്വാസം വലിക്കുകയാണ് കണ്ണൂരിന്റെ സ്വന്തം കൈത്തറി. സംസ്ഥാനത്ത ഹാൻവീവ് കോർപറേഷന്റെ ആസ്ഥാനംകണ്ണൂരാണെങ്കിലും ഒരു നല്ല ആസ്ഥാനം പോലും കോർപറേഷനില്ല.
മലബാർ കലക്ടറുടെ ബംഗ്ളാവിൽ പയ്യാമ്പത്ത് നേരത്തെ പ്രവർത്തിച്ച കോർപറേഷൻ ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടം പുരവസ്തു വകുപ്പിന് കൈമാറിയതോടെ ഇതിന്റെ പിന്നാമ്പുറത്ത് ഒരു പഴയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. കണ്ണൂർ നഗരത്തിലെ മിക്ക ഷോറൂമുകളും പൂട്ടിക്കഴിഞ്ഞിട്ടുണ്ട്. നിലവിൽ പ്രവർത്തിക്കുന്നവ എപ്പോൾ വേണമെങ്കിലും പൂട്ടാവുമെന്ന മട്ടിൽ ഇഴഞ്ഞു നീങ്ങുകയാണ്.
464ജീവനക്കാരും അയ്യായിരത്തിലധികം നെയ്ത്തുകാരുമുണ്ടായിരുന്ന സ്ഥാപനമാണ് ഹാൻവീവ്.
നിലവിൽ ആകെ 167-ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.ആൾക്ഷാമം കാരണം തങ്ങളുടെ ജോലിഭാരം ഇരട്ടിയായിരിക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്. ഷോറൂമുകളിൽ രണ്ടും മൂന്നും ജീവനക്കാരുള്ള സ്ഥാനത്ത് ഇപ്പോൾ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. വളരെ പരിമിതമായ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് 2004-ശേഷം നടപ്പിലാക്കിയ മൂന്ന് ശമ്പള പരിഷ്‌കരണവും ലഭിച്ചിട്ടില്ല. ഇവർക്കു ലഭിച്ചുവന്നിരുന്ന തുച്ഛമായ ശമ്പളം പോലും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.
പിണറായി സർക്കാരിന്റെ കാലത്ത് സി. ഐ.ടി.യുവും എടുക്കാചരക്ക്
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ സി.പി. എം ഭരിക്കുന്ന കോർപറേഷന് ഗുണപരമായ മാറ്റമുണ്ടാകുമെന്ന് തൊഴിലാളികൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലുംഒന്നുമുണ്ടായില്ല. ഒടുവിൽ സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചു സി.പി. എം നിയന്ത്രിത ട്രേഡ് യൂനിയനായ സി. ഐ.ടി.യുവിന് തന്നെ സമരരംഗത്തിറങ്ങേണ്ടി വന്നു.
2020 ഒക്ടോബർ 27- മുതൽ ഹെഡ് ഓഫീസിനു മുൻപിൽ സി. ഐ.ടി.യു അനിശ്ചിതകാലം തുടങ്ങിയെങ്കിലും സമരം തുടങ്ങി പന്ത്രണ്ടാമത്തെ ദിവസം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ താൽക്കാലികമായി സമരം നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് പുതിയ ഭരണസമിതി നിലവിൽ വരികയും യൂനിയൻ തുടർ സമരത്തിന്റെ ഭാഗമായി തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നു ചൂണ്ടിക്കാട്ടി നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ഒന്നുംപരിഗണിച്ചില്ല. തുടർന്നും ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും ഹാൻവീവ് പ്രവർത്തനം താളം തെറ്റുകയും ചെയ്തു. ഇതിനെതിരെ 2022 ഓഗസ്റ്റ് മാസത്തിൽ യൂനിയൻ പ്രത്യക്ഷ സമരത്തിന് നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ രണ്ടരമാസത്തെ ശമ്പള കുടിശിക നൽകാമെന്ന് മാനേജ് മെന്റ് സമ്മതിച്ചുവെങ്കിലും നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് സി. ഐ. ടി.യു കഴിഞ്ഞ ഡിസംബർ 14-ന് വീണ്ടും ഹെഡ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തിയത്.
ഈ ധർണ ഉദ്ഘാടനം ചെയ്ത സി.പി. എം ജില്ലാകമ്മിറ്റിയംഗവും കേരള സംസ്ഥാന വികസന കോർപറേഷൻ എംപ്ളോയിസ് യൂനിയൻ സംസ്ഥാന പ്രസിഡന്റുമായ ജയിംസ് മാത്യു തെണ്ടിയായ എം.ഡിയെ ശമ്പള കുടിശിക നൽകിയില്ലെങ്കിൽ ഓഫീസിൽ കാൽകുത്താൻ വിടില്ലെന്ന ഭീഷണി പ്രസംഗം നടത്തിയത് വിവാദമാവുകയും ചെയ്തു. സി.പി. എംകണ്ണൂർ ജില്ലാസെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദനാണ് ഹാൻവീവിന്റെ ചെയർമാൻ. സി.പി. എംഭരിക്കുന്ന സ്ഥാപനത്തിന്റെ ചുക്കാൻ പിടിക്കുന്ന എം.ഡി സുകുമാർ അരുണാചലത്തിനെതിരെ സി. ഐ. ടി. യു സമരത്തിനിടെയിൽ ജയിംസ് മാത്യു ഉപയോഗിച്ച ഭാഷാപ്രയോഗം പാർട്ടിക്കുള്ളിൽ ചർച്ചയായതോടെ പരാമർശം പിൻവലിച്ചുവെങ്കിലും പ്രതിഷേധത്തിന്റെ ചൂടും പുകയും അണഞ്ഞിട്ടില്ല.
സ്‌കൂൾ യൂനിഫോം പദ്ധതിയും പാളി
ഹാൻവീവിനെയും ഹാൻഡെക്സിനെയും നെയ്ത്തുകാരെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതിയെന്ന നിലയിലാണ് പിണറായി സർക്കാർ സ്‌കൂൾ യൂനിഫോം പദ്ധതി ആവിഷ്‌കരിച്ചതെങ്കിലും അതു തുടക്കത്തിലെ പാളുകയായിരുന്നു. ഇതിന്റെ പേരിൽ ഹാൻഡ്ലിങ് ചാർജായി ഹാൻവീവിന് നല്ലതുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. മുൻകാലങ്ങളിൽ ഗവ. സ്‌കൂൾ യൂനിഫോം വിതരണം ഹാൻഡ് വീവിലെ ജീവനക്കാരെയും ഹാൻവീവ് വാഹനം ഉപയോഗിച്ചുകൊണ്ടാണ് നടത്തിയിരുന്നുവെങ്കിൽ ഈ വർഷം ജീവനക്കാരെ പൂർണമായും മാറ്റി നിർത്തിക്കൊണ്ടു സ്വകാര്യ വ്യക്തിക്ക് പുറം കരാർ നൽകുകയാണ് ചെയ്തത്.
ഇതു കോർപറേഷന് ഭീമമായ കടബാധ്യത വരുത്തിയെന്നാണ് വിമർശനം. ഷോറൂമിലേക്ക് തുണിത്തരങ്ങൾ വിതരണം ചെയ്യുന്നതും വിലപ്രിന്റു ചെയ്യുന്നതും കളറിങ്ങ്, എംബ്രോയ്ഡറി മുതലായവ ഇപ്പോൾ പുറം കരാറുകാരനാണ് നൽകിവരുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി ഷോറൂമുകളിലേക്ക് വിതരണം ചെയ്യുന്ന ജോലിയും പുറംകരാറുകാർക്ക് നൽകുകയും കോർപറേഷൻ വാഹനങ്ങൾകട്ടപ്പുറത്താവുകയും ചെയ്തു.
ഇത്തരം പുറം കരാറുകൾ പൂർണമായും ഒരു സ്വകാര്യവ്യക്തിക്ക് മാത്രമാണ് നൽകുന്നതെന്നും ഇതിൽ അഴിമതിയുണ്ടെന്നുമാണ് സി. ഐ. ടി.യുവിന്റെ ആരോപണം. പുറം കരാർ മറിച്ചു നൽകുന്നതിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. സ്വകാര്യ വ്യക്തിയായ പുറംകരാറുകാരന് അഡ്വാൻസ് പേയ്മെന്റ് നൽകുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഇവർ ചോദിക്കുന്നു.ചൂരിദാർ നിർമ്മാണത്തിന് പുറംകരാർ നൽകിയത് ഒന്നും തന്നെ വിൽപനയോഗ്യമല്ലാത്തതാണെന്നും ആക്ഷേപമുണ്ട്.
എലികരളുന്നത് പന്ത്രണ്ട് കോടിയുടെ തുണിത്തരങ്ങൾ
പന്ത്രണ്ടു കോടിയുടെ തുണിത്തരങ്ങളാണ് കോർപറേഷൻ ഗോഡൗണിൽ കെട്ടിക്കിടന്ന് എലികരണ്ടു നശിക്കുന്നത്. ഇതു റിബേറ്റിൽ വിറ്റഴിച്ചു അതിൽ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ടു തൊഴിലാളികളുടെ ശമ്പള കുടിശിക നൽകി താൽക്കാലിക പരിഹാരം കാണണമെന്നു പലവട്ടം എം.ഡിയോടു ആവശ്യപ്പെട്ടതാണെന്നും എന്നാൽ വ്യവസായ വകുപ്പിലേക്ക് കത്തെഴുതാൻ പോലും എം.ഡി തയ്യാറാകുന്നില്ലെന്നും ജയിംസ് മാത്യു പറയുന്നു.
തൊഴിലാളികൾ ഉൾപ്പെടെ വിൽപനയിൽ പങ്കാളികളാകാമെന്നു പറഞ്ഞിട്ടും ഇതിനൊന്നും തയ്യാറാകാത്ത എം.ഡിയെ തെണ്ടിയെന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്നും ജയിംസ് മാത്യു ചോദിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്ന ചൂരിദാർ മെറ്റീരിയലുകളും സാരികളും ഉൾപ്പെടെ ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്.ഇതിന്റെ വിതരണാവകാശം പുറം കരാറുകാരന് നൽകിയതിനാൽ ഇവ വിതരണം ചെയ്യുന്നതിനായുള്ള അധിക തുക പുറംകരാറുകാരന് നൽകിയതു കൊണ്ടു ഹാൻവീവിന് അധിക ബാധ്യതയാണ് വരുത്തിവെച്ചത്.
അടച്ചുപൂട്ടിയ ഷോറൂമുകൾ നോക്കുകുത്തിയായി
മാനേജ്മെന്റിന്റെ തലതിരിഞ്ഞ നയങ്ങൾ കാരണം കോർപറേഷനിൽ ജോലി ചെയ്യുന്ന നാല് ലോഡിങ് തൊഴിലാളികൾക്ക് മാസങ്ങളായി കൂലികുടിശിക കിട്ടിയിട്ടില്ല. 2016-ൽ പേക്കർ വിഭാഗത്തിൽ ജോലി ചെയ്തുവന്നിരുന്ന അഞ്ചു ജീവനക്കാരെ പ്രമോഷൻ നൽകി സെയിൽസ് അസിസ്റ്റന്റുമാരായി നിയമിച്ചുവെങ്കിലും ആറുവർഷമായി അവർക്ക് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. 2019മുതൽ ഫാക്ടറിയിൽ തുച്ഛവരുമാനത്തിൽ വർക്കർ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഗ്രേഡിന് അർഹരാണെങ്കിലും ഇവർക്കും ഒരു ആനുകൂല്യങ്ങളും മാനേജ്മെന്റ് ഇതുവരെ നൽകിയിട്ടില്ല. കോർപറേഷനിൽ ജോലി ചെയ്തു വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങൾ വർഷങ്ങളായി നൽകാത്തതിനെതുടർന്ന് അത്തരം ജീവനക്കാർ നിലവിൽ കോടതിയെ സമീപിച്ചിരിക്കുകയാണ്.
കോർപറേഷന് കണ്ണൂർ, എർണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിൽ സ്വന്തം പേരിൽ കോടിക്കണക്കിന് ഭൂമി കൈവശമുണ്ട്. അതിൽ വൈവിധ്യവൽക്കരണം നടത്തി വരുമാനം വർധിപ്പിക്കണമെന്ന് സി. ഐ. ടി. യു നിർദ്ദേശിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ലെന്ന് ജയിംസ് മാത്യു ചൂണ്ടിക്കാണിക്കുന്നു. കണ്ണൂർ പ്രസ് ക്ളബിനു താഴെ ഹാൻവീവ് ഷോറൂം ലക്ഷകണക്കിന് രൂപ ചെലവു ചെയ്തു നവീകരിച്ചുവെങ്കിലും അതു പൂട്ടിയിട്ടിരിക്കുകയാണ്. ചിറക്കൽ കല്യാശേരി പ്രൊസസിങ് യൂനിറ്റുകളിലും ഒരു നവീകരണവും നടക്കുന്നില്ല.ഹാൻവീവിന് മാർക്കറ്റിങ് വിഭാഗമുണ്ടെങ്കിലും ഇവരെ കൊണ്ടു യാതൊരുപ്രയോജനവുമില്ലെന്നാണ് പരാതി. ഗവ.സ്ഥാപനങ്ങളിൽ നിന്നും ഓർഡർ ലഭിക്കുന്നുണ്ടെങ്കിലും ഇവ കൃത്യസമയത്ത് ഉൽപാദനം നടത്തി കൊടുക്കാനും കഴിയുന്നില്ല.
രണ്ടുലക്ഷം രൂപ ശമ്പളം വാങ്ങുന്ന എം.ഡിക്ക് തൊഴിലാളികളുടെ വേദനയറിയില്ല
രണ്ടുലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്ന എം.ഡി ഹാൻവീവിനു വേണ്ടി ഒന്നും ചെയ്യാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് സി. ഐ.ടി.യുവിന്റെ ആരോപണം. സുകുമാർ അരുണാചലത്തിന് കെ. എസ്. ആർ.ടി.സിയുടെ അധിക ചുമതല നൽകിയതിനാൽ ഹാൻവീവിന്റെ കാര്യത്തിൽ ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥനെ ഒഴിവാക്കി ഹാൻവീവിനും ഹാൻടെക്സിനും ഒറ്റ എം.ഡിയെയും സെക്രട്ടറിയെയും നിയമിക്കണമെന്നാണ് സി. ഐ.ടി.യുവിന്റെ ആവശ്യം. എൻ.ടി.സി മിൽ ഉദ്യോഗസ്ഥനായിരുന്ന സുകുമാർ അരുണാചലത്തിന് വൻ ശമ്പളം ഓഫർ ചെയ്തുകൊണ്ടാണ് ഹാൻവീവിലേക്ക് കൊണ്ടുവന്നത്.
എന്നാൽ തുടക്കത്തിലെ സ്ഥാപനത്തിലെ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടുമായാണ് ഇയാൾ മുൻപോട്ടുപോകുന്നത്. ഹാൻവീവിൽ പ്രൊഫഷനിലിസം കൊണ്ടുവരാനാണ് സുകുമാർ അരുണാചലത്തെ കൊണ്ടുവന്നതെന്നു വ്യവസായ വകുപ്പ് പറയുന്നുണ്ടെങ്കിലും ദൈനം ദിന പ്രവർത്തനം തന്നെ ഇപ്പോൾ അവതാളത്തിലായിരിക്കുകയാണ്. ഹാൻവീവിനെ നന്നാക്കാൽ ട്രേഡ് യൂനിയന്റെ ഉത്തരവാദിത്വമല്ലെങ്കിൽ കെടുകാര്യസ്ഥതയും പുഴുക്കുത്തും അവസാനിപ്പിച്ചു തൊഴിലാളികൾക്ക് മാന്യമായി ശമ്പളം നൽകാൻ തയ്യാറായില്ലെങ്കിൽ സി. ഐ.ടി.യു അനിശ്ചിതകാലസമരം തുടങ്ങുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.
ഇഴകീറി സി.പി. എമ്മിൽ വിഭാഗീയത
ഹാൻവീവിലുണ്ടായ പൊട്ടിത്തെറി കണ്ണൂരിലെ സി.പി. എമ്മിൽ വിഭാഗീതയുടെ അടിയൊഴുക്കുണ്ടാക്കിയിരിക്കുകയാണ്. ഹാൻവീവ് എം.ഡിയായ സുകുമാർ അരുണാചലം ഒരു ഉന്നത നേതാവിന്റെ നോമിനിയാണെന്നും ജില്ലയിലെ ചില പ്രമുഖ നേതാക്കൾ ഇയാളെ രഹസ്യമായി പിൻതുണയ്ക്കുന്നുവെന്നുമാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം.സി. ഐ.ടി.യു നേതാക്കൾ പരസ്യമായി ഭീഷണിയുമായി എം.ഡിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിൽ ഇതിനെതിരെ ചെയർമാൻ ടി.കെ ഗോവിന്ദനും അദ്ദേഹത്തെ അനുകൂലിക്കുന്ന ചില നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.കഴിഞ്ഞ കുറെക്കാലമായി സി.പി. എമ്മിൽ നിന്നും അകന്നുകഴിയുന്ന ജയിംസ് മാത്യു സജീവരാഷ്ട്രീയം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ട്രേഡ് യൂനിയൻ രംഗത്തു സജീവമാണ്.
എം.ഡിയെ തെണ്ടിയെന്നു വിളിച്ചു പ്രസംഗിച്ചതോടെ ജയിംസിനെതിരെ കണ്ണൂർ പാർട്ടിയിൽ അസ്വാരസ്യം പുകയുന്നുണ്ട്.സി.പി. എംസർക്കാർ ഭരിക്കുന്ന കാലയളവിൽ വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഹാൻവീവിനെതിരെ സി,. ഐ.ടി.യു സമരരംഗത്തിറങ്ങിയത് പിണറായി സർക്കാരിന്റെ പ്രതിച്ഛായ്ക്കു കോട്ടം വരുത്തുമെന്ന അഭിപ്രായം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. എന്നാൽ പാർട്ടി ഔദ്യോഗിക നേതൃത്വം ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹാൻവീവിൽ തൊണ്ണൂറു ശതമാനം നിയമനങ്ങളും നൽകിട്ടുള്ളത് സി.പി. എം പ്രവർത്തകരെ തന്നെയാണ്. അതുകൊണ്ടു തന്നെ ഹാൻവീവിലെ ഇപ്പോഴുള്ള പ്രശ്നങ്ങൾ കണ്ണൂരിലെ സി.പി. എമ്മിനുള്ളിലും വിവാദങ്ങളുടെ അനുരണനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്