കണ്ണൂർ: കരുവഞ്ചാൽ പാലത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ച സ്ഥലം എം പി കെ സുധാകരന്റെ പേര് ശിലാഫലകത്തിലും ബാനറിലും ഉണ്ടായിരുന്നത് മറച്ചു വെച്ച സംഭവം വിവാദമാകുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് കെ.സുധാകരന്റെ പേര് ശിലാഫലകത്തിൽ നിന്നും മറച്ചുവെച്ചത്. എംപി പരിപാടിയിൽ പങ്കെടുക്കില്ലെന്ന വിവരം കിട്ടിയതിനെ തുടർന്നാണ് ശിലാഫലകത്തിൽ നിന്നും പേര് മറച്ചുവെച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ന്യായം സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ഇതു ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥരാണ് കെ.സുധാകരന്റെ പേര് മറച്ചു വെച്ചുള്ള സ്റ്റിക്കർ പതിപ്പിച്ചത്. സിപിഎമ്മിന്റെ പാർട്ടി പരിപാടിയല്ല , സർക്കാർ പരിപാടിയാണിതെന്ന ബോധ്യം എം പിയുടെ പേരു മറച്ച ഉദ്യോഗസ്ഥനുണ്ടാകണം. മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് ഇതു ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറയുമ്പോൾ മുകളിലിരിക്കുന്ന പൊതു മരാമത്ത് മന്ത്രിയാണോ മുഖ്യമന്ത്രിയാണോ അതോ സിപിഎമ്മിന്റെ ഏതെങ്കിലും ബ്രാഞ്ച് സെക്രട്ടറിയാണോ എന്ന കാര്യം ബന്ധപ്പെട്ടവർ തുറന്നു പറയണം.

കെ.സുധാകരനെന്ന പേരിനെ ഇത്രമേൽ ഭയപ്പെട്ടാൽ പിന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കണ്ണൂരിലൊരു പരിപാടിയിലും പങ്കെടുക്കാൻ കഴിയില്ല. കണ്ണൂരിലെ ജനങ്ങൾ തെരഞ്ഞെടുത്ത് പാർലമെന്റിലേക്കയച്ച അവരുടെ പ്രതിനിധിയാണ് കെ.സുധാകരൻ. മണ്ഡലത്തിലെ പൊതുപരിപാടികളിൽ സ്ഥലം എം പിയുടെ സാന്നിധ്യവും പങ്കാളിത്തവുമൊക്കെ സ്വാഭാവികമാണ്. ജനപ്രതിനിധികളുടെ രാഷ്ട്രീയം നോക്കിയല്ല അവരെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട ജനപ്രതിനിധി വന്നില്ലെങ്കിൽ ശിലാഫലകത്തിൽ നിന്ന് പേരു മറക്കണമെന്ന വ്യവസ്ഥയുണ്ടോയെന്നു അധികൃതർ വ്യക്തമാക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയമാവാം. അതവരുടെ വ്യക്തിപരമായ കാര്യം. അല്ലാതെ ഏതെങ്കിലും സിപിഎം ലോക്കൽ നേതാവിന്റെ വാക്കും കേട്ട് അടിമപ്പണി ചെയ്യുന്നവർ ശമ്പളം കിട്ടുന്നത് പാർട്ടി ഓഫീസിൽ നിന്നല്ലെന്ന് മനസിലാക്കിയാൽ കൊള്ളാമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.മന്ത്രി മുഹമ്മദ് റിയാസാണ് കരുവഞ്ചാൽ പാലം ശിലാസ്ഥാപന കർമ്മം ഉദ്ഘാടനം ചെയ്തത്. ഇരിക്കൂർ മണ്ഡലം എംഎൽഎ സജീവ്് ജോസഫ് ചടങ്ങിൽ പങ്കെടുത്തിരുന്നു.