കണ്ണൂർ: വധശ്രമക്കേസിൽ പത്തുവർഷം ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം. പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ളോക്കിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച്ച രാത്രി ഏറെ വൈകിയാണ് ഫൈസലിനെ കണ്ണൂരിലെത്തിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് മുഹമ്മദ് ഫൈസലുമായി കവരത്തിയിൽ നിന്നുള്ള ഹെലികോപ്റ്റർ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്.

രണ്ടു ഹെലികോപ്റ്ററുകളിലായി പൊലിസുകാരടക്കം എട്ടുപേരാണുണ്ടായിരുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഫൈസലിനെ ആറുമണിയോടെ പുറത്തെത്തിച്ച ശേഷം കേരളാ പൊലിസിന്റെ വാഹനത്തിൽ കേരള, ലക്ഷദ്വീപ് പൊലിസിന്റെ കാവലിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു.

2009-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കവരത്തി ജില്ലാസെഷൻസ് കോടതി ജഡ്ജ് കെ. അനിൽകുമാർ മുഹമ്മദ് ഫൈസലിനെയും ബന്ധുക്കളെയും ഉൾപ്പെടെ നാലുപേരെ ശിക്ഷിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതിവിധിയിലുണ്ട്. മറ്റുവിവിധ വകുപ്പുകളിലായി അഞ്ചു വർഷം തടവുകൂടി പ്രതികൾക്കു കോടതി വിധിച്ചെങ്കിലും ഇതു ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാലാണ് ശിക്ഷ പത്തുവർഷത്തിൽ ഒതുക്കിയത്. കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ച്ച വരുത്തിയ മുൻകവരത്തി സ്റ്റേഷൻ ഇൻസ്പെക്ടർ എംപി നജ്മുദ്ദീനെതിരെ വകുപ്പുതല നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസിലെ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ.എംപിയുടെ ജ്യേഷ്ഠൻ ആന്ത്രോത്ത് പടിപ്പുര ഹൗസിൽ നുറൂൽ അമീനാണ് കേസിലെ ക്കന്നാം പ്രതി. മൂന്നാം പ്രതി ആന്ത്രോത്ത് പടിപ്പുരഹൗസിൽ മുഹമ്മദ് ഹുസൈൻ തങ്ങളും നാലാം പ്രതി ആന്ത്രോത്ത് ഷേക്കരിയമ്മാട ഹൗസിൽ മുഹമ്മദ് ബഷീർ തങ്ങളും മുഹമ്മദ് ഫൈസലിന്റെ അടുത്ത ബന്ധുക്കളാണ്.

2009- ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. എം സെയ്ദിന്റെ മരുമകൻ പടന്നയിൽ മുഹമ്മദ് സ്വാലിഹിനെ മുഹമ്മദ് ഫൈസലും മറ്റു പ്രതികളും ചേർന്ന് അക്രമിച്ചെന്നാണ് കേസ്. മർദ്ദനത്തിലും മാരകായുധങ്ങൾ കൊണ്ടുപയോഗിച്ചുള്ള അക്രമണത്തിലും സാലിഹിലും ഗുരുതരമായി പരുക്കേറ്റിരുന്നു. കോൺഗ്രസ് അനുഭാവികളുടെ ഷെഡ് തകർത്തതുമായി തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 32- പേരാണ് പ്രതിചേർത്തിരുന്നത്.

ഇതിൽ ആദ്യ നാലുപ്രതികൾക്കാണ് ശിക്ഷ ലഭിച്ചത്. പ്രൊസിക്യൂഷനു വേണ്ടി സ്പെഷ്യൽ സ്പെഷ്യൽ പ്രൊസിക്യൂഷനു വേണ്ടി കെ. എ ജിബിൻ ജോസഫ് ഹാജരായി. എന്നാൽ തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ഫൈസൽ പറഞ്ഞു. 2014- മുതൽ ലക്ഷദ്വീപ് എംപിയാണ് മുഹമ്മദ് ഫൈസൽ. വിധികേൾക്കാൻ കവരത്തി കോടതി പരിസരത്ത് ജനക്കൂട്ടമെത്തിയിരുന്നു.