- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം ജയിലില്‍ പരിശോധന നടന്നില്ല; സെല്ലിലെ ലൈറ്റുകള്‍ രാത്രി പ്രവര്‍ത്തിച്ചിരുന്നില്ല; ആറ് മാസമായി ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തന ക്ഷമമല്ല; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വെളിച്ചത്തു കൊണ്ടുവന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയിലേക്ക്; ജയില്‍ സൂപ്രണ്ടിനെയും സസ്പെന്റ് ചെയ്തേക്കും; സിപിഎമ്മിന്റെ 'സ്വന്തം' ജയില്‍ സര്‍ക്കാറിന് നാണക്കേടായി
വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം ജയിലില്‍ പരിശോധന നടന്നില്ല
കണ്ണൂര്‍: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വെളിച്ചത്തു കൊണ്ടുവന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വന്‍ സുരക്ഷാ വീഴ്ച്ചയിലേക്കാണ്. ജീവനക്കാരുടെ കാര്യത്തില്‍ അടക്കം ഈ അലംഭാവം വ്യക്തമാണ്. വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്ന് ജയില്‍ ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സെല്ലിലെ ലൈറ്റുകള്‍ രാത്രി പ്രവര്‍ത്തിച്ചിരുന്നില്ല. ആറ് മാസമായി ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തല്‍. ജയില്‍ സൂപ്രണ്ടിനെതിരെ നടപടിക്കും ശുപാര്‍ശ.
ഗോവിന്ദചാമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോ എന്നതില്‍ അന്വേഷണം വേണമെന്നും ജയില്‍ മേധാവിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിറങ്ങി. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നാലെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. സംസ്ഥാന പോലീസ്,ജയില്‍ മേധാവിമാരും,ആഭ്യന്തര സെക്രട്ടറിയും,വിവിധ ജയിലുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ജയിലുകളില്‍ പരിശോധന കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശം ഇന്നലെത്തന്നെ ആഭ്യന്തര വകുപ്പ് നല്‍കിയിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥര്‍ക്കെതിര നടപടിയെടുത്തെങ്കിലും അതില്‍ ഒതുങ്ങാന്‍ സാധ്യതയില്ലെന്നാണ് സൂചന. ജയില്‍ വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഎമ്മിനും പിണറായിക്കും വലിയ നാണക്കേടാണ് ഗോവിന്ദച്ചാമി സംഭവം. ജയിലില്‍ സിപിഎം തടവുകാരുടെ ഭരണമാണെന്ന ആക്ഷേപം നിരന്തരം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് ജയില്‍ച്ചാട്ടം മറ്റൊരായുധമായി. ജയില്‍ ചാടാനുള്ള എല്ലാ സൗകര്യങ്ങളും ഗോവിന്ദച്ചാമിക്കു കിട്ടിയെന്നാണു വ്യക്തമാകുന്നത്.
ജയിലിലും സിസ്റ്റത്തിന്റെ തകരാറോയെന്ന പരിഹാസം സിപിഎമ്മിനുനേരെ ഉയര്‍ന്നു. ജയിലിലാകുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കു വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. അതു ശരിവയ്ക്കുന്ന സംഭവങ്ങള്‍ ജയിലില്‍ പതിവാണ്. സെല്ലുകളില്‍നിന്നു മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സിപിഎം നേതാക്കളായ ജയില്‍ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണു ജയിലില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കുന്നതെന്നാണു പ്രതിപക്ഷ ആരോപണം.
ഏറ്റവുമൊടുവില്‍ കാരണവര്‍ വധക്കേസിലെ ഷെറിന്റെ ജയില്‍ മോചനത്തിനു പിന്നിലും ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നു. വനിതാ ജയിലില്‍ ഷെറിനു ലഭിച്ച പരിഗണന ചര്‍ച്ചയായി. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം കൂടിയായതോടെ സെന്‍ട്രല്‍ ജയിലില്‍ കാര്യങ്ങള്‍ നേരായ രീതിയിലല്ലെന്നാണു വെളിപ്പെടുന്നത്. ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി നടത്തിയ ദീര്‍ഘനാളത്തെ ആസൂത്രണവും അതിന്റെ നിര്‍വഹണവും ജയില്‍വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ചയുണ്ടെന്നതിനു തെളിവാണ്. ദിവസങ്ങളെടുത്ത് അഴികള്‍ മുറിച്ചിട്ടും ആരും അറിഞ്ഞില്ല. സ്വാതന്ത്ര്യവും ഒത്താശയും ലഭിക്കാതെ അംഗപരിമിതനായ ഒരാള്‍ക്കു ജയില്‍ ചാടാന്‍ സാധിക്കില്ലെന്നു വ്യക്തം.
ആസൂത്രണത്തിനുള്ള അവസരം എങ്ങനെയുണ്ടായെന്ന ചോദ്യം പ്രസക്തം. പിടിയിലാകുമ്പോള്‍ ഗോവിന്ദച്ചാമിയുടെ കയ്യില്‍ ചെറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തല്‍. ഏഴര മീറ്റര്‍ ഉയരമുള്ള മതില്‍ചാടിയത് തുണികള്‍ കൂട്ടിക്കെട്ടി വടംപോലെയാക്കിയാണ്. അഴികള്‍ മുറിക്കാനുള്ള ഹാക്‌സോ ബ്ലേഡ് ജയിലിലെ വര്‍ക്ഷോപ്പിലേതാണ്. സിസിടിവി നിരീക്ഷണമുണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നു പറയുന്നത് ജയിലിലെ അരാജകത്വത്തിനു തെളിവാണ്.
പ്രത്യേക നിരീക്ഷണത്തോടെ പാര്‍പ്പിക്കേണ്ട കുറ്റവാളി തടവുചാടിയത്, ജയില്‍ നിയന്ത്രണം ഉദ്യോഗസ്ഥര്‍ക്കല്ലെന്ന ആരോപണം ശരിവയ്ക്കുന്നു. ഗോവിന്ദച്ചാമിയെപ്പോലൊരു കുറ്റവാളി ജയില്‍ ചാടിയ സാഹചര്യം സര്‍ക്കാര്‍ സ്ത്രീസുരക്ഷ പരിഗണിക്കുന്നില്ലെന്നതിനു തെളിവായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു. ഉത്തരവാദിത്തത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന് ഒഴിയാനാവില്ലെന്നും അവര്‍ പറയുന്നു. പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണെന്ന വാദവുമായാണ് സിപിഎം ഇതിനെ നേരിടുന്നത്.
ഇന്നലെ പുലര്‍ച്ചെ ഓന്നേകാലോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തുമണിക്കൂറിന് ശേഷമാണ് തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് പിടികൂടിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്. അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിന്റെ ഗ്രില്‍ അറുത്തുമാറ്റിയ ശേഷം ഏഴര മീറ്റര്‍ ഉയരമുള്ള മതിലില്‍ തുണികെട്ടിയായിരുന്നു ജയില്‍ചാട്ടം.