- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതോടെ പ്രതിസന്ധി
കണ്ണൂർ: സർക്കാർ ഏറ്റെടുത്ത പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ ഹൃദയാരോഗ്യ വിഭാഗത്തിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയത് ഇടതു സർക്കാരിനും ആരോഗ്യ മന്ത്രി വീണാ ജോർജും നാണക്കേടായി മാറുന്നു. രണ്ടാം പിണറായി സർക്കാരിനും ആരോഗ്യ വകുപ്പ് മന്ത്രിക്കുമെതിരെ കടുത്ത പ്രതിഷേധമാണ് രോഗികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുയരുന്നത്.
സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി സുപ്പർസ്‌പെഷ്യാലിറ്റി സൗകര്യത്തോടെ പ്രവർത്തിക്കുന്ന ആശുപത്രികളിലൊന്നാണിത്. ഇവിടെയാണ് ജീവൻ നിലനിർത്തുന്നതിനായി പാവപ്പെട്ട രോഗികൾ അധികൃതരുടെ കരുണയ്ക്കായി കേഴുന്നത്. എന്നാൽ സർക്കാരോ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജോ ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ മൂന്ന് കാത് ലാബുകൾ പ്രവർത്തന രഹിതമായതോടെയാണ് രോഗികൾ പെരുവഴിയിലായത്. ഇതോടെ ഹൃദയ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച രോഗികളെ കൂട്ടത്തോടെ ഡിസ് ചാർജ് ചെയ്തു. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായി മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 26 രോഗികളാണ് ഇവിടെ നിന്നും ഡിസ് ചാർജ് വാങ്ങി പോയത്. ആകെ കാർഡിയോളജി വിഭാഗത്തിലുള്ള 150 രോഗികളിൽ അടിയന്തര ചികിത്സ വേണ്ട രോഗികളെയാണ് ഡിസ്ചാർജ് ചെയ്തത്.
കാർഡിയോളജി വിഭാഗത്തിൽ ആകെയുള്ള മൂന്ന് കാത്ത് ലാബുകളിലൊന്ന് 15 വർഷം കഴിഞ്ഞതിനാൽ ഉപയോഗ ശൂന്യമായ നിലയിലാണ്. 12 വർഷം പഴക്കമുള്ള രണ്ടാമത്തെ കാത്ത് ലാബ് എസി പ്‌ളാന്റ് പ്രവർത്തിക്കാതെ വന്നതോടെ കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിക്കുന്നില്ല. രണ്ടര വർഷം മുൻപ് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കാത്ത് ലാബിന്റെ ഫ്‌ളൂറോസ്‌കോപ്പിക് ട്യൂബ് ഒരാഴ്‌ച്ച മുൻപ് തകരാറിലായതോടെയാണ് ആൻജിയോ പ്‌ളാസ്റ്ററി ചെയ്യാൻ സാധിക്കാതെ പ്രവർത്തനങ്ങൾ പൂർണമായി നിലച്ചത്. തകരാറിലായ ട്യൂബിന് പകരം പുതിയ ട്യൂബ് ഫ്രാൻസിൽ നിന്നും കൊണ്ടുവരേണ്ടതുണ്ട്. ഇതു വൈകുമെന്നതിനാൽ മെഡിക്കൽ കോളേജ് അധികൃതർ ഇടപ്പെട്ട് സിംഗപ്പൂരിൽ നിന്നും പുതിയ ഫ്‌ളൂറോസ്‌കോപ്പിക് ട്യൂബ് വിമാന മാർഗം കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അണു പ്രസരണം കാരണം ഇതു മാറ്റിയിടുന്നതിന് ആറ്റോമിക് എനർജി വകുപ്പിന്റെ അനുമതി കൂടി ലഭിക്കണം. ഈ മാസം 30 മുതൽ മാത്രമേ ഇതു പ്രവർത്തിപ്പിക്കാൻ കഴിയുവന്നാണ് അധികൃതർ പറയുന്നത്. ഇതിനാലാണ് അടിയന്തിര ചികിത്സ ആവശ്യമുള്ള 26 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ഇവർക്ക് വലിയ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുക മാത്രമേ രക്ഷയുള്ളു. കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായി മുടങ്ങിയതോടെ നിലവിൽ 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ എ.സി പ്‌ളാന്റിന്റെ പണി നടന്നു വരുന്ന ബി കാത്ത് ലാബ് പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ് അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ താൽക്കാലികമായി രണ്ട് ഒന്നര ടൺ എ.സികൾ ഘടിപ്പിച്ച് രണ്ടു ദിവസത്തിനകം അത്യാവശ്യമായുള്ള സർജറികൾക്ക് കാത് ലാബ് പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ 20ടൺ എ.സി പ്‌ളാന്റിന്റെ നിർമ്മാണ ജോലികൾ രണ്ടു മാസത്തിനകം പൂർത്തീകരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇതിന് പുറമേ പ്‌ളാൻ ഫണ്ടിൽ നിന്നും പുതിയ കാത് ലാബ് വാങ്ങുന്നതിന് നാലുകോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കക ഈ പുതിയ കാത് ലാബ് കൂടി ലഭിക്കുന്നതോടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. എന്നാൽ സമയബന്ധിതമായ അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നതിൽ അധിക്യതർ കാണിച്ച അലംഭാവമാണ് ഇത്രയും ഗുരുതരമായ അവസ്ഥയിലേക്ക് കാർഡിയോളജി വിഭാഗം മാറാൻ കാരണമെന്ന് ജനകീയാരോഗ്യ പ്രവർത്തകർ പറഞ്ഞു.
ആശുപത്രി നവീകരണപ്രവൃത്തികൾ നീണ്ടതോടെ ബൈപ്പാസ് സർജറികൾ പൂർണമായും മുടങ്ങിയിട്ട് എട്ടു മാസം പിന്നിടുകയാണ്. ഓപ്പറേഷൻ തിയേറ്ററിന്റെ നവീകരണം എവിടെയുമെത്താതെ നീളുന്നതാണ് ബൈപ്പാസ് സർജറികൾ മുടങ്ങാൻ കാരണമായത്. ഇതോടെ കണ്ണൂർ, കാസർഗോഡ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമാണ് ഇതോടെ ഇല്ലാതായത്. പാവപ്പെട്ട രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവഴിച്ച് ശസ്ത്രക്രിയക്ക് വിധേയമാകേണ്ട സ്ഥിതിയാണിപ്പോൾ.