മുഴക്കുന്ന്:പാനൂർ ചമ്പാട്ടെ പ്രതിഷേധത്തിനിടെ പാർട്ടി ഗ്രാമമായ മുഴക്കുന്നിലും പൊലിസിനെതിരെ പ്രതിഷേധവുമായി സി.പി. എം പ്രവർത്തകർ. ഇതോടെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ തന്നെ പൊലിസിനെതിരെ പാർട്ടി പ്രവർത്തകരിൽ പ്രതിഷേധം വ്യാപകമാവുകയാണ്. സൈബർ പോരാളിയായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി ജയിലിൽ അടച്ച പൊലിസ് നടപടിക്കെതിരെ പാർട്ടി ഗ്രാമമായ മുഴക്കുന്നിൽ പ്രതിഷേധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

മുഴക്കുന്ന് പൊലിസ് നിയമനടപടികൾ സ്വീകരിക്കുന്നതിൽ വിവേചനം കാണിക്കുന്നുവെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. വിയ്യൂർ സെൻട്രൽ ജയിലിൽ മാസങ്ങളായി തടവിലാണ് ആകാശ് തില്ലങ്കേരി. ഇതിനിടെയാണ് മുഴക്കുന്ന് പൊലിസിനെതിരെ പരസ്യപ്രതിഷേധവുമായി സി. പി. എം പ്രവർത്തകർ രംഗത്തിറങ്ങിയത്. വധശ്രമക്കേസിൽ പിടികൂടിയ പ്രതിക്ക് രക്ഷപ്പെടാൻ പൊലസ് അവസരം ഒരുക്കിയെന്നു ആരോപിച്ചു സി.പി. എം പ്രവർത്തകർ തിങ്കളാഴ്‌ച്ചരാത്രി മുഴക്കുന്ന് പൊലിസ് സ്റ്റേഷൻ വളഞ്ഞതാണ് പുതിയ സംഭവവികാസം.

കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ച പ്രതി കുതറി ഓടി രക്ഷപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് പൊലിസ് സ്റ്റേഷൻ ഉപരോധിച്ചത്ണ പാലപ്പള്ളിയിൽ കഴിഞ്ഞ ജൂലായ് 14-നുണ്ടായ സംഘർഷത്തിൽ 308-വകുപ്പ് ചേർത്ത് ഏതാനും ബിജെപി പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. കേസിൽ പ്രതിയായ അനിലിനെ തിങ്കളാഴ്‌ച്ച വൈകിട്ടാണ് പൊലിസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. ജീപ്പിൽ നിന്ന് ഇറക്കി സ്റ്റേഷനിലേക്ക് കയറുന്നതിനിടെയാണ് ഇയാൾ കടന്നു കളഞ്ഞതെന്ന് പൊലിസ് പറയുന്നു. അതേ സമയം പൊലിസും ബിജെപി പ്രവർത്തകരും ഒത്തുകളിച്ചു

പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്ന് ആരോപിച്ചാണ് സി.പി. എം പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞു പ്രതിഷേധിച്ചത്.സി.പി. എം പ്രവർത്തകനെ ആക്രമിച്ച കേസിൽ വധശ്രമത്തിന് കേസെടുത്ത പ്രതിയാണ് സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലിരിക്കവെ രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലിസിന് ഗുരുതര വീഴ്‌ച്ചയുണ്ടായെന്നു സി.പി. എം പ്രാദേശിക നേതൃത്വം ആരോപിച്ചു.

നേരത്തെ പാനൂർ ചമ്പാട് സി.പി. എം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തിയെന്നു ആരോപിച്ചു സി.പി. എം പ്രവർത്തകർ കഴിഞ്ഞ ദിവസം മേലെ ചമ്പാട് പൊലിസിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിനു മുൻപാണ് മുഴക്കുന്നിലും പൊലിസിനെതിരെ പ്രതിഷേധം പാർട്ടി അണികളിൽ ശക്തമായത്.