കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതിയും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സി.പി. എമ്മിന്റെയും കടുത്ത വിമർശകയുമായ സ്വപ്നാസുരേഷിനെ കുടുക്കാൻ വീണ്ടും കണ്ണൂരിലെ പൊലിസ്. ചോദ്യം ചെയ്യലിനായി തളിപറമ്പ് ഡി.വൈ. എസ്‌പിയുടെ മുൻപിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ഇതുമായി ബന്ധപ്പെട്ടു ശ്രീകണ്ഠാപുരം എസ്. ഐ ഖദീജ, സിവിൽ പൊലിസ് ഓഫിസർ സജിമോൻ എന്നിവരടങ്ങുന്ന പൊലിസ് സംഘം ബംഗ്ളൂരിലെത്തി സ്വപ്നാ സുരേഷിന് നോട്ടീസ് നൽകിയതായാണ് വിവരം.

സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് ലൈവ് നടത്തി നാട്ടിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്ന സി.പി. എം തളിപറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് നൽകിയ കേസിൽ ചോദ്യം ചെയ്യാനാണ് വരുന്ന ഡിസംബർ 22-ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്.

നേരത്തെ ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ സി.പി. എം പാർട്ടി കോട്ടയായ തളിപറമ്പിൽ ഹാജരാകുന്നത് തന്റെ ജീവന് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി എറണാകുളത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈയൊരാവശ്യം നിരാകരിച്ചിരുന്നു.

അതിനിടെ ആദ്യം നൽകിയ നോട്ടീസിന്റെ കാലാവധി കഴിയുകയും ചെയ്തു. ഇതേ തുടർന്നാണ് സ്വപ്നാസുരേഷിന് വീണ്ടും പൊലിസ് കേസ് നൽകിയത്. ഇതിനിടെ തനിക്കെതിരെ സ്വപ്നാസുരേഷ് ഉന്നയിച്ച ആരോപണങ്ങൾ മാനനഷ്ടമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ നൽകിയ മാനഷ്ട ഹർജി തളിപറമ്പ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

ഇതിനു പുറമെയാണ് സ്വപ്നാ സുരേഷിനെതിരെ മറ്റൊരു കുരുക്ക് കൂടി മുറുകുന്നത്. സ്വപ്നാ സുരേഷും ഇവരെ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്നും പിന്മാറാൻ കോടികൾ വാഗ്ദാനം ചെയ്തുവെന്നു സ്വപ്ന തന്നെ വെളിപ്പെടുത്തിയ ബിജേഷ് പിള്ളയുമാണ് കേസിലെ പ്രതികൾ. ബിജേഷിനെ നേരത്തെ കണ്ണൂർ സിറ്റിപൊലിസ് കാര്യാലയത്തിൽ നിന്നും ഈ പരാതിയിൽ ചോദ്യം ചെയ്തിരുന്നു. തളിപറമ്പ് ബക്കളം സ്വദേശിയാണ് ബിജേഷ് പിള്ള. ഇയാൾ സി.പി. എം സംസ്ഥാന സെക്രട്ടറിക്കായി ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നാണ് സ്വപ്നാസുരേഷ് തന്റെ ഫെയ്സ് ബുക്കിലൂടെ വെളിപ്പെടുത്തിയത്.