- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ കോർപറേഷനിലെ പൊടി ശല്യവും റോഡുതകർച്ചയും മറയാക്കി കോൺഗ്രസ് ഭരണസമിതിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി സിപിഎം; എം.വിജയരാജൻ സമരം നടത്തേണ്ടത് കണ്ണൂരല്ല, കൊച്ചിയിലാണെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്; ബ്രഹ്മപുരം കമ്പനിയെ ചൊല്ലി കണ്ണൂരിലും പോര്
കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ തകർന്ന റോഡുകളെ ചൊല്ലി സി.പി. എം-കോൺഗ്രസ് പോരു തുടങ്ങി. ബ്രഹ്മപുരത്തെ പുകയുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിലായ സി.പി. എം കണ്ണൂർ കോർപറേഷനിൽ പൈപ്പിടുന്നതിനായി വെട്ടിപൊളിച്ച റോഡുകളിൽ നിന്നുയരുന്ന പൊടിയും ഗതാഗതതടസവും ഉയർത്തിക്കാട്ടിയാണ് കോർപറേഷനെതിരെ യുദ്ധപ്രഖ്യാപാനം നടത്തുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച മേയർ ടി.ഒ മോഹനനെ ഒതുക്കുന്നതിനായി അഴിമതി ആരോപണങ്ങളുടെ പ്രളയം തന്നെ സി.പി. എം ഉയർത്തുന്നുണ്ട്.
കണ്ണൂർ കോർപ്പറേഷനിലെ തകർന്ന റോഡുകളും അഴിമതി ഭരണവും വിവേചനവും ഉയർത്തിക്കാട്ടി മാർച്ച് 16ന് എൽ. ഡി. എഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസ് ഉപരോധിക്കുമെന്ന് എം.വി ജയരാജൻ പറഞ്ഞു.
യുഡിഎഫ് ഭരണത്തിൽ കണ്ണൂർ കോർപ്പറേഷനിൽ വികസനമല്ല, അഴിമതിയാണ് നടക്കുന്നത്. ഒരു വർഷത്തിലധികമായി റോഡുകൾ മുറിച്ചിട്ടതിന്റെ ഫലമായി തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നിരവധി അപകടങ്ങൾ ഉണ്ടായി. പലർക്കും പരിക്കുപറ്റി. എന്തിനുമേതിനും സർക്കാറിനെ കുറ്റപ്പെടുത്തുന്ന മേയർക്ക് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 25ലധികം സമരങ്ങൾ നടത്തിട്ടും യാതൊരു കൂസലുമില്ല.
റോഡുകൾ മാത്രമല്ല, കോർപ്പറേഷന്റെ കീഴിലുള്ള രണ്ട് സ്റ്റേഡിയങ്ങളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റി. ജവഹർസ്റ്റേഡിയം നവീകരിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചിട്ടും അത് നഷ്ടപ്പെടുത്തി. കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ട് നന്നാക്കുന്നില്ല. അതിനെ ചോദ്യം ചെയ്ത ചില ഫുട്ബോൾ ടീമുകൾക്ക് വിലക്ക് ഏർപ്പെടുത്തി. സ്റ്റേഡിയം കോംപ്ലക്സിലെ കട മുറികൾ പലതും അപകടഭീഷണിയിലാണ്. കോൺക്രീറ്റുകൾ തകർന്ന് വീഴുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. ചേലോറ ശ്മശാനത്തിന്റെ പണി ഇതുവരെ കോർപറേഷൻപൂർത്തീകരിച്ചില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഏച്ചൂർ പാർക്ക് ആർക്കും ഉപയോഗിക്കാൻ കഴിയാത്തവിധത്തിലാണ്. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ.യുടെ പ്രാദേശിക വികസനനിധിയിൽ നിന്നും 25 ലക്ഷം രൂപ ചെലവിൽ പണിത വാരം ഫിഷ് മാർക്കറ്റ് മലിനജലം ഒഴുക്കാനാവശ്യമായ നിർമ്മാണ പ്രവൃത്തി കോർപ്പറേഷൻ നടത്താത്തതുകൊണ്ട് ഉപയോഗിക്കാൻ കഴിയുന്നില്ല. 92 ലക്ഷം രൂപയാണ് കക്കാട് പുഴ സൗന്ദര്യവൽക്കരണത്തിന് ചെലവഴിച്ചത്. പുഴയുടെ സൗന്ദര്യം നശിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്തത്.
ഈ പ്രവർത്തനങ്ങളിൽ അഴിമതിയല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. മഞ്ചപ്പാലത്ത് സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. കളിസ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത് എന്നതിനാൽ പകരം ഗ്രൗണ്ട് നിർമ്മിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ആ വാഗ്ദാനം ലംഘിക്കപ്പെടുകയും മഞ്ചപ്പാലം നിവാസികളെ വഞ്ചിക്കുകയുമാണ് മേയർ ചെയ്തത്. തെരുവുനായ്ക്കൾ ജനങ്ങളെ ഉപദ്രവിക്കുന്ന കാര്യവും വിജനസ്ഥലങ്ങളിലെ പന്നി ശല്യവും കൗൺസിൽ യോഗത്തിൽ ഉന്നയിച്ചപ്പോൾ കൗൺസിലർമാരെ പരിഹസിക്കുന്ന മേയറെയാണ് കണ്ടത്. ഒന്നരക്കോടി രൂപ സർക്കാറും എംഎൽഎ. പ്രാദേശിക വികസന ഫണ്ടും നൽകിയതിനെ തുടർന്ന് പണിത ആറ്റടപ്പ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡയാലിസിസ് കേന്ദ്രം മാസങ്ങളോളം അടച്ചുപൂട്ടിയത് കോർപ്പറേഷൻ ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്.
എൽഡിഎഫ് സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനമെമ്പാടും ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിച്ചതോടെ വീടുകളിലേക്ക് പാചകവാതകം എത്തിക്കുന്ന പദ്ധതി കണ്ണൂരിലും ആരംഭിച്ചു. എന്നാൽ 'കാണേണ്ടവരെ കാണേണ്ടവിധം കാണാത്തതിനാൽ' പദ്ധതിക്ക് തടസ്സം നിൽക്കുകയാണ് കോർപ്പറേഷൻ. ഈ പദ്ധതിയുടെ പേര് പറഞ്ഞ് ഒൻപതുഡിവിഷനുകളിൽ റോഡ് നിർമ്മാണം നിർത്തിവെച്ചു. ചില ഡിവിഷനുകളിൽ കഴിഞ്ഞ രണ്ട് കൊല്ലത്തിനുള്ളിൽ ഒരു പദ്ധതിയും അനുവദിച്ചില്ല. ഇപ്പോൾ റോഡുമില്ല, ഗ്യാസുമില്ലെന്നതാണ് അവസ്ഥയെന്ന് ജയരാജൻ കുറ്റപ്പെടുത്തി.
കോർപ്പറേഷൻ ഓഫീസിൽ 2023 ഫെബ്രുവരി അഞ്ചിന് വിജിലൻസ് റെയ്ഡ് നടന്നു. അഴിമതിയുടെ ചെളിക്കുണ്ടിലാണ് കോർപ്പറേഷനെന്നു തെളിയിക്കുന്ന നിരവധി രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. കരാറുകാർക്കും വ്യാപാരികൾക്കും നിശ്ചിത തുക മാസപ്പടിയായി നിശ്ചയിച്ചിട്ടുണ്ട്. ചില സ്റ്റാന്റിങ് കമ്മിറ്റി ചെയർമാാർക്ക് പണം വാങ്ങാൻ ദല്ലാളന്മാരുണ്ട്. പണം നൽകിയില്ലെങ്കിൽ കാര്യം നടക്കാതെ തിരിച്ചുപോകേണ്ടിവരുന്ന ദുരനുഭവവുമാണുള്ളത്. നിർമ്മാണ പ്രവൃത്തികൾക്ക് കരാർ നൽകിയശേഷം അതിൽ 90 ശതമാനവും വിവിധ കാരണങ്ങൾ പറഞ്ഞ് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിച്ച് അംഗീകാരം നൽകുകയാണ്.
ഇത്തരത്തിൽ കരാറുകാരെ സഹായിച്ചതിന് 'തിരിച്ച് സഹായവും' ലഭിക്കുന്നുണ്ട്. 52 കോടി രൂപയാണ് സർക്കാർ ഗ്രാന്റ്. അതിനുപുറമേ തനത് വരുമാനം 24.44 കോടി രൂപ വരും. 76 1/2 കോടി രൂപ വരുമാനമുള്ള കോർപ്പറേഷനായിട്ടും മാർച്ച് മാസം പൂർത്തീകരിക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കുമ്പോൾ 20 ശതമാനമാണ് പദ്ധതി ചെലവ്. കോർപ്പറേഷൻ വികസന മുരടിപ്പിലേക്കാണ്. എട്ട് സ്ഥലങ്ങളിൽ എംഎൽഎ. ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ കത്തുകൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഭിന്ന ശേഷിക്കാർക്കുള്ള സംയോജിത പുനരധിവാസ പദ്ധതിയും മേൽപ്പാലവും സിറ്റി റോഡ് പദ്ധതിയും സ്റ്റേഡിയം നവീകരണവുമുൾപ്പെടെ സർക്കാരും എംഎൽഎ.യും അനുവദിച്ച ഫണ്ട് പ്രകാരമുള്ള എല്ലാ പദ്ധതികൾക്കും കോർപ്പറേഷൻ തടസം നിൽക്കുകയാണ്.
വാതിൽപ്പടി സേവന പദ്ധതി, അതിദരിദ്രരെ കണ്ടെത്തി മൈക്രോ പ്ലാൻ തയ്യാറാക്കുന്ന പദ്ധതി, ലൈഫ് പദ്ധതി, എന്നീ സർക്കാർ പദ്ധതികൾ കണ്ണൂർ കോർപ്പറേഷനിൽ നടപ്പാക്കുന്നില്ല. ചേലോറയിലെ ഖരമാലിന്യ പരിപാലന പ്ലാന്റും മഞ്ചപ്പാലത്തെ ദ്രവമാലിന്യ സംസ്‌കരണ പ്ലാൻും സർക്കാർ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളാണ്. എന്നാൽ മാലിന്യസംസ്‌കരണ പ്ലാന്റിനെക്കുറിച്ച് മുഖ്യമന്ത്രിക്കെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് മേയർ ഉന്നയിക്കുന്നത്. ആദ്യം കരാറെടുത്ത കമ്പനി തുക വർദ്ധിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ 17-11-2020ന് മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് സാൻട്ര ്കമ്പനിയെ ഒഴിവാക്കിയത്. വസ്തുത ഇതായിരിക്കെ മുഖ്യമന്ത്രിക്കെതിരെ അപവാദം പ്രചരിപ്പിച്ച മേയർ മാപ്പുപറയുകയാണ് വേണ്ടതെന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു. എന്നാൽ ജയരാജൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ അതിശക്തമായ പ്രതികരണമാണ് കോൺഗ്രസ് നേതൃത്വം നടത്തുന്നത്.
കണ്ണൂർകോർപ്പറേഷനെതിരെ ദുരാരോപണങ്ങൾ ഉന്നയിച്ച് സമരം നടത്താൻ തുനിയുന്ന എം.വി ജയരാജനും കൂട്ടരും കൊച്ചിൻ കോർപ്പറേഷനിലേക്കാണ് ആദ്യം മാർച്ച് നടത്തേണ്ടതെന്ന് ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് തിരിച്ചടിച്ചു. അവിടെ കോർപ്പറേഷൻ ഭരണത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം ജനങ്ങൾ ശ്വാസം കിട്ടാതെ കൊച്ചി വിട്ട് പോവുകയാണ്. സോൺട്രഎന്ന വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിയെ രക്ഷിക്കാൻ ബ്രഹ്മപുരത്ത് തീയിട്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് സർക്കാരിനെയും കൊച്ചിൻ കോർപ്പറേഷനെയും സി പി എം പാർട്ടിയെയും ആകെ മൂടിയ അഴിമതിയുടെ വലിയ പുക മറച്ച് വെച്ച് ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കണ്ണൂർ കോർപ്പറേഷനെതിരെ ആരോപണങ്ങളും സമരങ്ങളുമായി രംഗത്ത് വരുന്നത് പൊതു ജനം പുച്ഛിച്ചു തള്ളുന്നതാണ്.
കോർപ്പറേഷൻ പരിധിയിലെ താളിക്കാവ്, കാനത്തൂർ ഡിവിഷനുകളിലെ റോഡുകൾ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നെറ്റ് വർക്ക് പ്രവൃത്തിക്കായി കീറിയതാണ് എന്ന് എല്ലാവർക്കും അറിയാം. അത് മാർച്ച് 31 നുള്ളിൽ പുനഃസ്ഥാപിക്കുമെന്ന് മേയർ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പ്രകാരം പ്രവൃത്തികൾ നടന്നുവരികയുമാണ്. പലയിടത്തും ടാറിങ് നടപടികൾ ദ്രുതഗതിയിൽ നടക്കുകയാണ് എന്ന് ഇന്നത്തെ മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതുമാണ്. പ്രവൃത്തി സമയബന്ധിതമായി നടക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ സി പി എം സമര നാടകവുമായി വരികയാണ്. ജവഹർ സ്റ്റേഡിയം സംബന്ധിച്ച കാര്യങ്ങൾ മേയർ നേരത്തേ പലതവണ വ്യക്തമാക്കിയതാണ്. ജവഹർ സ്റ്റേഡിയം ചുളുവിൽ സ്പോർട്സ് കൗൺസിലിന്റെ പിടിയിലാക്കാനുള്ള ഗൂഡതന്ത്രം മനസ്സിലാക്കിയാണ് കിഫ്ബി ഫണ്ട് വഴിയുള്ള പദ്ധതി നടപ്പിലാക്കാത്തത്. കോർപ്പറേഷന്റെ കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി വരെ ഈ നിർദ്ദേശം നിരാകരിച്ചതുമാണ്. ഇപ്പോൾ കോർപ്പറേഷന്റെ തനതുഫണ്ടുപയോഗിച്ച് അവിടെ നിർമ്മാണ പ്രവൃത്തികൾ നടന്നുവരികയാണെന്നും മാർട്ടിൻ ചൂണ്ടിക്കാട്ടി. ചേലോറ ശ്മശാനം വൈദ്യുതീകരണത്തിനുള്ള ടെണ്ടർ നൽകിയിട്ടുണ്ട്. അത് പൂർത്തിയായാൽ അവിടെ പ്രവർത്തനം ആരംഭിക്കും. ഇതിനായുള്ള ജനകീയ കമ്മിറ്റിക്ക് നേരത്തേ തന്നെ രൂപം കൊടുത്തിട്ടുണ്ട്.
ചേലോറ പാർക്കിന്റെ ഫെൻസിംഗിനുള്ള ടെണ്ടർ വിളിച്ചിട്ടുണ്ട്. അത് പൂർത്തിയായാൽ ഉദ്ഘാടനം നടത്തും. വാരം ഫിഷ് മാർക്കറ്റ് എംഎൽഎയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ഡിസൈൻ മത്സ്യ വ്യാപാരത്തിന് അനുയോജ്യമല്ലാത്തതിനാലാണ് അവിടെ പ്രവർത്തനം നടക്കാത്തത്. അത് കോർപ്പറേഷന്റെ ചെലവിൽ രൂപമാറ്റം വരുത്തേണ്ട അവസ്ഥയാണ് ഉള്ളത്. അതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കക്കാട് പുഴ മലിനീകരണത്തിനെതിരെ ജനകീയ കൂട്ടായ്മ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ട പദ്ധതി നടപ്പിലാക്കുന്നതോടെ കക്കാട് പുഴ കൂടുതൽ നന്നായി പരിപാലിക്കാൻ കഴിയും.
മഞ്ചപ്പാലത്ത് പ്ലാന്റ് വരുന്നതിനെ എതിർത്തത് സി പി എമ്മാണ്.പടന്നപ്പാലത്തിന്റെ ദുരിതം അനുഭവിക്കുന്ന നാട്ടുകാർക്ക് യാതൊരു പ്രശ്നവുമില്ല. അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയുമായ ഗോവിന്ദൻ മാഷ് തന്നെ പല വേദികളിലും പാർട്ടിക്കാരാണ് എതിർത്തതെന്നു തുറന്ന് പറഞ്ഞതാണ്. കോർപ്പറേഷന്റെ ഇച്ഛാശക്തി കൊണ്ട് പ്ലാന്റിന്റെ പ്രവൃത്തി 90 ശതമാനത്തോളം പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുവേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എ ബി സി പദ്ധതിയുടെ അവസ്ഥ എന്താണെന്ന് ജയരാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിക്കണം. ഇതിനായി നൽകേണ്ട വിഹിതം കോർപ്പറേഷൻ നൽകിയിട്ടുണ്ട്. സർക്കാർ പോലും തെരുവുനായ്ക്കളുടെ കാര്യത്തിൽ വ്യക്തമായ ധാരണയില്ലാതെ ഇരുട്ടിൽ തപ്പുകയാണ്.
ആറ്റടപ്പ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനം കോവിഡ് കാലത്ത് ജില്ലാ ഭരണകൂടം ഏറ്റെടുത്തതാണ്. കോർപ്പറേഷൻ തിരികെ ലഭിച്ചപ്പോൾ അവിടെ വലിയ തുകയുടെ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നു. സർക്കാരിന്റെ തന്നെ നിലവിലുള്ള നയപ്രകാരം റോട്ടറി പോലുള്ള സന്നദ്ധസംഘടനകളെ ഏൽപ്പിക്കാൻ ശ്രമിച്ചപ്പോൾ അതിനെ എതിർത്തത് സി.പി എമ്മിന്റെ കൗൺസിലർമാരാണ്. ഡയാലിസിസ് കേന്ദം അടുത്ത ദിവസം തന്നെ ട്രയൽ റൺ നടത്തി തുറന്നു കൊടുക്കും. അവിടെ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മോദിയെ പോലെ ജയരാജനും അദാനിക്കുവേണ്ടി വാദിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യാതൊരുവിധ അനുമതിയും കൂടാതെ റോഡുകൾ വെട്ടിപ്പൊളിക്കാൻ ഗെയിലിന് അനുമതി നൽകിയതിനെയാണ് യു.ഡി.എഫ് എതിർത്തത്. സാധാരണ ജനങ്ങൾക്ക് കുടിവെള്ള കണക്ഷൻ എടുക്കുന്നതിനുവേണ്ടി റോഡ് കീറുന്നതിന് പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫീസ് ഈടാക്കുമ്പോഴാണ് അദാനിക്കുവേണ്ടി ഇത്തരത്തിൽ സൗജന്യം ചെയ്യുന്നത്. വിജിലൻസ് റെയ്ഡിനെപ്പറ്റി ജയരാജൻ പറയുമ്പോൾ എൽ.ഡി.എഫ് ഭരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും കോർപ്പറേഷനുകളിൽ നടന്ന നികുതി തട്ടിപ്പും ബാങ്ക് അക്കൗണ്ടിലെ തട്ടിപ്പും മറന്നുപോകരുത്. മാലിന്യ സംസ്‌കരണത്തിന്റെ മറവിൽ നടത്തിയ അഴിമതിയുടെ പേരിൽ കൊച്ചി കോർപ്പറേഷനെ ഹൈക്കോടതി പോലും വിമർശിച്ചതാണ്.
സർക്കാരിന്റെ പല നിയന്ത്രണങ്ങളും പദ്ധതി അംഗീകരിക്കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനുമുള്ള എല്ലാ കാലതാമസത്തെയും അതിജീവിച്ച് ഈ വർഷം നാൽപ്പത് ശതമാനം പദ്ധതി പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും 80 ശതമാനത്തിനു മുകളിൽ ചെലവഴിച്ചിട്ടുണ്ട്. സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം മിക്ക തദ്ദേശസ്ഥാപനങ്ങളും ഈ വർഷം ഫണ്ട് വിനിയോഗത്തിൽ വളരെ പിറകിലാണ്. സോൺടയുടെ പേരിൽ സി പി എം ഭരിക്കുന്ന കൊച്ചിൻ കോർപ്പറേഷൻ അഴിമതിയുടെ മാലിന്യത്താൽ നാറുമ്പോൾ കണ്ണൂർ കോർപ്പറേഷൻ സോൺട എന്ന തട്ടിപ്പു കമ്പനിയെ അകറ്റി നിർത്തി വളരെ നല്ല രീതിയിൽ ചേലോറയിൽ മാലിന്യ നീക്കം പുരോഗമിക്കുന്നുണ്ട്. 50 ശതമാനത്തോളം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം അവിടം സന്ദർശിച്ച് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പണമുണ്ടാക്കാൻ സി പി എം ഏതുകൊള്ളരുതായ്മകളും ചെയ്യുമെന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഇപ്പൊ നടക്കുന്ന സംഭവ വികാസങ്ങൾ നമുക്ക് കാണിച്ചു തരുന്നത് . സോൺടയുടെ പേരിൽ സർക്കാരും, സി പി എമ്മും പാർട്ടി ഭരിക്കുന്ന കോർപ്പറേഷനുകളും ആകെ നാറി നിൽക്കുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം സമര നാടകങ്ങളുമായി സി പി എം മുന്നോട്ട് വരുന്നത് എന്നത് ജനങ്ങൾക്ക് നന്നായി മനസ്സിലാകുമെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്