- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കണ്ണൂരിലെ മലയോരങ്ങളിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി; വൻകൃഷിനാശം; കരുവഞ്ചാൽ ടൗണിൽ വെള്ളം കയറി; ആലക്കോട് ഭാഗങ്ങളിൽ പുഴകൾ കരകവിഞ്ഞൊഴുകുന്നു; കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു; ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി
കണ്ണൂർ: പേമാരി കനത്തതോടെ കണ്ണൂർ ജില്ലയിലെ മലയോരങ്ങളിലെ രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കർണാടക വനമേഖലയിൽ പെയ്യുന്ന കനത്ത മഴയാണ് ഉരുൾപൊട്ടലിനു കാരണമായത്. വ്യാഴാഴ്ച രാവിലെ കാപ്പിമലയിലാണ് ഉരുൾപൊട്ടലുണ്ടായത്. വൈതൽകുണ്ടെന്ന എന്ന സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്.
വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം. ആളപായം ഒന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻപ് ഉരുൾ പൊട്ടിയ സ്ഥലങ്ങളിൽ ദുരന്ത സാധ്യത കണക്കിലെടുത്തു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. വൻ കൃഷിനാശമാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.
കരുവഞ്ചാൽ ടൗണിൽ വെള്ളം കയറി. ആലക്കോട് ഭാഗങ്ങളിലെ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. കാപ്പിമലയിലെ താഴ്‌വാരങ്ങളിൽ നിന്നും കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേന സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ചെറുപുഴ ഉദയംകാണാകുണ്ടിലും വ്യാഴാഴ്‌ച്ച ഉച്ചയോടെ ഉരുൾപൊട്ടി. ടാറിങ് ചെയ്യാത്ത റോഡ് ഒലിച്ചു പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ നാല് വൈദ്യുതി തൂണുകൾ കടപുഴകി വീണു. കണ്ണൂർ-കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശമായ വെള്ളരിക്കുണ്ട് മാലോം പുഞ്ചയിലും ഉരുൾ പൊട്ടി.
ബളാൽ പഞ്ചായത്തിലെ പുഞ്ച ചെത്തി പുഴതട്ടിലാണ് ഉരുൾ പൊട്ടിയത്. ചെറുവീട്ടിൽ കാവേരിയുടെ വീടിന്റെ മുറ്റത്ത് വ്യാഴാഴ്ച ഉച്ചയോടെ വലിയശബ്ദത്തോടെയാണ് ഉരുൾ പൊട്ടിയത്. ഈ സമയത്ത് കുട്ടികൾ ഉൾപ്പെടെ ഒൻപതുപേരുണ്ടായിരുന്നു. ഇവരെ മാറ്റിപാർപ്പിച്ചു. കനത്തമഴയിൽ ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തും കടവ് റോഡിലേക്ക് കൂറ്റൻപാറ ഇടിഞ്ഞുവീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. പാറ ഇടിഞ്ഞുവീഴുന്ന സമയത്ത് വാഹനങ്ങളൊന്നും ഇതുവഴി പോകാത്തതിനാൽ വൻദുരന്തമൊഴിവായി. ഫയർഫോഴ്സും, ദുരന്തനിവാരണ സേനയും ചേർന്ന് കൂറ്റൻ പാറ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

അതേ സമയം കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ രണ്ടാംദിവസവും കനത്ത മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. വൻകൃഷിനാശവും മലയോരമേഖലയിൽ ഉണ്ടായിട്ടുണ്ട്. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയിൽ കർണാടക വനമേഖലയിൽ ഉരുൾപൊട്ടി. കർണാടക വനമേഖലയായ കരാമരം തട്ട് ഭാഗത്താണ് ഉരുൾ പൊട്ടിയത്. ഇതുകാരണം ജില്ലയിലെ പുഴയിൽ മലവെള്ളം കയറി. പയ്യാവൂർ വണ്ണായിക്കടവ് പാലം മുങ്ങി, വഞ്ചിയം പുഴയും കരകവിഞ്ഞൊഴുകിയിട്ടുണ്ട്. ദുരന്തനിവാരണ അഥോറിറ്റി സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ പുഴയുടെ തീരപ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അഴീക്കോട് മൂന്നുനിരത്തിൽ ജനവാസ മേഖലകളിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് നാട്ടുകാരുടെ കൂടി സഹകരണത്തോടെ 13 വീടുകളിൽ നിന്ന് 57 പേരെ ഹിദായത്തുൽ സിബിയാൻ ഹയർസെക്കൻഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലും സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് അഴീക്കോട് മണ്ഡലത്തിൽ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തിൽ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.
അഴീക്കോട് പാലോട്ട് വയൽ ആർ കെ യു പി സ്‌കൂൾ, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാൻ ഹയർ സെക്കന്ററി മദ്രസ, ചിറക്കൽ രാജാസ് യു പി സ്‌കൂൾ, തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്‌കൂളിൽ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. അഴീക്കോട് വെള്ളം കയറിയ പ്രദേശങ്ങളിലെ 125 ഓളം പേരെ നിലവിൽ മാറ്റിപാർപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സാഹസികമായായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്യാമ്പുകൾ കെ വി സുമേഷ് എം എൽ എ സന്ദർശിച്ചു.
തലശ്ശേരി താലൂക്കിൽ തിരുവങ്ങാട്, കോടിയേരി എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാലാണ് ദുരിതബാധിതരെ മാറ്റി പാർപ്പിക്കാൻ മുബാറക് സ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചത് നിലവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മാത്രമാണ് ഇവിടെയുള്ളത്.
അതേസമയം വെള്ളാട് കാപ്പിമല വൈതൽക്കുണ്ടിൽ ഉരുൾപൊട്ടൽ. വൈതൽക്കുണ്ടിൽ പറമ്പിൽ ബിനോയുടെ സ്ഥലത്ത് 100 മീറ്ററോളം നീളത്തിൽ മണ്ണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ആളപായമില്ല.
വെള്ളക്കെട്ടിനെ തുടർന്ന് മുഴപ്പിലങ്ങാട് നൂറിലേറെ പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. എ ഡി എം കെ കെ ദിവാകരൻ സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകി. തുടർന്ന് ചാലുകീറി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
കോടിയേരി വില്ലേജ് പരിധിയിലെ പെട്ടിപ്പാലം കോളനിയിൽ രൂക്ഷമായ കടൽക്ഷോഭമുണ്ടായി. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മകളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനിടെ കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസിൽ പി പി ദിവാകരൻ കുഴഞ്ഞുവീണു മരിച്ചു. പയ്യന്നൂർ താലൂക്കിലെ കണിയേരി കെ പി കൃഷ്ണന്റെ വീടിനു മുകളിൽ കവുങ്ങ് വീണ് 30,000 രൂപയുടെ നാശനഷ്ടമുണ്ടായി. താഴെചൊവ്വ പുളുക്ക് പാലത്തിന് സമീപം വെള്ളം കയറിയതോടെ 10 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. പരിയാരം പൊയിൽ-കുറ്റ്യേരിക്കടവ് റോഡിന് സമീപം ഇബ്രാഹിം മൗലവിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. വെള്ളോറ വില്ലേജിലെ കുപ്പാടകത്ത് ജനാർദ്ദനനും കുടുംബവും താമസിക്കുന്ന വീടിനു മുകളിൽ മരം പൊട്ടിവീണ് വീടിന് ഭാഗികമായ നഷ്ടം സംഭവിച്ചു.
വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് തിമിരി വില്ലേജ് കോട്ടക്കടവിൽ കപ്പുവളപ്പിൽ സദാനന്ദനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി. തിമിരി വില്ലേജ് ഓഫീസ് താൽക്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ഇവിടെയുള്ള രേഖകൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വെള്ളാട് വെട്ടിമാരുതിലെ കളപ്പുരക്കൽ കാന്തമണിയുടെ വീട് ചുഴലി കാറ്റിലും മഴയിലും പൂർണമായി തകർന്നു.വാരം കൊമ്പ്രപീടികക്ക് സമീപത്ത് വെള്ളം കയറി ചുറ്റുമതിൽ തകരുകയും വീടുകൾ തകർച്ച ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്.
വടകര - തലശ്ശേരി ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന മീത്തലെ മുക്കാളിയിൽ മണ്ണിടിച്ചിൽ.ഏതാനും ദിവസങ്ങളായി ദേശീയ പാതയുടെ ഇരുവശങ്ങളിലും മണ്ണിടിയുന്നത്. പാതയുടെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ആഴത്തിൽ മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളിൽ മഴ പെയ്തതോടെ മണ്ണിടിയുകയായിരുന്നു.
ഇതോടെ പാതയുടെ കിഴക്ക് ഭാഗത്തുള്ള എട്ടോളം വീട്ടുകാർ ഭീതിയിലാണ്. പടിഞ്ഞാറ് ഭാഗത്ത് നിലവിലെ ദേശീയ പാതയിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ പോകുമ്പോൾ ചിലപ്പോൾ മണ്ണിടിയാനും സാദ്ധ്യതയുണ്ട്. രണ്ട് ദിവസം മുമ്പ് കെ കെ രമ എംഎൽഎ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. ഇന്നലെ വീണ്ടും മണ്ണിടിഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധിച്ചതിനെ തുടർന്ന് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരും നിർമ്മാണക്കമ്പനിയായ വാഗാഡിന്റെ ഉദ്യോഗസ്ഥരും ചോമ്പാല പൊലീസും സ്ഥലത്തെത്തി പാതയുടെ വശങ്ങളിൽ കോൺക്രീറ്റ് ഗാഡറുകൾ സ്ഥാപിക്കുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു.




