- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ യഥാര്‍ഥ ഉത്തരവാദി ആര്? ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി നല്‍കിയത് ചട്ടവിരുദ്ധമായി; ഗതാഗത കമ്മീഷണര്‍ പ്രയോഗിച്ചത് ഇല്ലാത്ത അധികാരം; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം
കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ യഥാര്‍ഥ ഉത്തരവാദി ആര്?
കണ്ണൂര്‍: സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടിയത് ഗതാഗതമന്ത്രിയുടെ നിര്‍ദേശ പ്രകാരമെന്ന് ആക്ഷേപം. കണ്ണൂരില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്‌കൂള്‍ ബസ് അപകട പശ്ചാത്തലത്തിലാണ് ഇത് വിവാദമായത്. ഡിസംബര്‍ മുതല്‍ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ സ്‌കൂള്‍ ബസുകള്‍ക്കാണ് ഏപ്രില്‍ വരെ കാലാവധി നീട്ടി നല്‍കിയത്. സ്‌കൂള്‍ മാനേജര്‍മാരുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. തീരുമാനം ചട്ടലംഘനമെന്നും ആരോപണം ഉയര്‍ന്നു.
ഫിറ്റ്‌നസ് അവസാനിച്ച സ്‌കൂള്‍ ബസുകള്‍ക്ക് ഗതാഗത കമ്മീഷണറാണ് ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കിയത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ആവശ്യ പ്രകാരം നീട്ടി നല്‍കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. പ്രവൃത്തി ദിവസങ്ങളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയാല്‍ സര്‍വ്വീസ് മുടങ്ങുമെന്നായിരുന്നു സ്‌കൂളുകളുടെ പരാതി.
സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കിയത് ഡിസംബര്‍ 18നാണ്. ഡിസംബര്‍ മുതല്‍ ഫിറ്റ്‌നസ് തീരുന്ന ബസുകളുടെ ഫിറ്റ്‌നസ് ഈ വര്‍ഷം ഏപ്രില്‍ വരെ നീട്ടുകയായിരുന്നു. ഫിറ്റ്‌നസ് പരിശോധനയും ഏപ്രിലില്‍ നടത്തിയാല്‍ മതിയെന്നും നിര്‍ദേശം നല്‍കി. ഈ ഉത്തരവിട്ടത് ഗതാഗതമന്ത്രിയുടെ രേഖാമൂലമുള്ള നിര്‍ദേശപ്രകാരമാണെന്ന് ഉത്തരവില്‍ തന്നെ പറയുന്നു.
ഫിറ്റ്‌നസ് കാലം ദീര്‍ഘിപ്പിക്കുന്നതുള്‍പ്പെടെ തീരുമാനിക്കേണ്ടത് കേന്ദ്ര മാനദണ്ഡ പ്രകാരമാണെന്നാണ് ചട്ടം. ഇത് ലംഘിക്കപ്പെട്ടെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ഫിറ്റ്‌നസ് കാലാവധി നീട്ടണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് വാളകം ജി വി എച്ച് എസ് എസ് സ്‌കൂളിന്റെ മാനേജര്‍ കൂടിയായ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഫിറ്റ്‌നസ് കാലാവധി നീട്ടാന്‍ തീരുമാനമെടുത്തത്.
ഗതാഗത വകുപ്പിന്റെ നടപടി ചട്ടവിരുദ്ധമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. വാഹനങ്ങളുടെ ഫിറ്റ്‌നസ് നീട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് അധികാരം. ഫിറ്റ്‌നസ് നീട്ടി നല്‍കാന്‍ മന്ത്രിക്കോ ഗതാഗത കമ്മീഷണര്‍ക്കോ അധികാരമില്ലാതിരിക്കെയാണ് നീട്ടി നല്‍കിയത്. ഫിറ്റ്‌നസ് കഴിഞ്ഞ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സും ലഭിക്കില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരില്‍ അപകടത്തില്‍ പെട്ട സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നുമാണ് വിവരം.