- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുവെട്ടിച്ച് മുങ്ങുന്ന തടവുകാർക്ക് മുട്ടൻപണിയുമായി ജയിൽ അധികൃതർ; ഡിജിറ്റൽ ലോക്ക് വാച്ചണിയിച്ചാൽ മിനിട്ടുകൾ കൊണ്ടു പൊക്കും; സംസ്ഥാനത്ത് ആദ്യമായി മാതൃക പദ്ധതിയായി നടപ്പാക്കുന്നത് കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ
കണ്ണൂർ: കണ്ണൂരിൽ നിന്നും പൊലിസിനെയും ജയിൽഅധികൃതരെയും വെട്ടിച്ചു മുങ്ങുന്ന തടവുകാരായ പ്രതികൾക്ക് മുട്ടൻപണിയുമായി ജയിൽ അധികൃതർ. ജയിൽ അധികൃതരെയും കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്ന പൊലിസിനെയും വെട്ടിച്ചു കടന്നുകളയുന്ന തടവുകാരെ പൂട്ടാൻ പ്രത്യേക പദ്ധതിയുമായി അധികൃതർ രംഗത്തെത്തിയത്.
തടവുകാരെ ജയിലിലും പുറത്തും നിരീക്ഷിക്കുന്നതിന് ഡിജിറ്റൽ ലോക്ക് വാച്ച് പദ്ധതിയുമായി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്നത്. ജയിൽവകുപ്പിന്റെ പച്ചക്കൊടി ലഭിച്ചാൽ ട്രയൽ റണ്ണിങ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയിൽ അധികൃതർ. ജയിൽ ചാടിയാൽ തടവുകാരന്റെ കൈയിൽ ധരിപ്പിച്ച വാച്ച് അറിയിക്കും. പദ്ധതി പ്രാവർത്തികമായാൽ ഇന്ത്യയിലെ ആദ്യ സംരംഭമായിരിക്കും ഇത്. മാതൃക പദ്ധതി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്ന് ജയിൽ ഡിഐജി എംകെ വിനോദ്കുമാർ പറഞ്ഞു.
എസ്‌കോട്ട് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തടവുകാർ രക്ഷപ്പെടുന്നതിന് പരിഹാരമായാണ് വാച്ച് പരീക്ഷിക്കുന്നത്. തടവുകാർ പുറത്ത് പോകുമ്പോൾ കൈവിലങ്ങിന് പകരം വാച്ച് ധരിപ്പിക്കും. പരിധിക്ക് വെളിയിൽ പോയാൽ ട്രാക്കർ സിഗ്നൽ നൽകും. തടവുകാരന്റെ ജിപിഎസ് വിവരങ്ങൾ ട്രാക്കർ നിരീക്ഷണത്തിൽ ലഭിക്കും. ചലനം നിരീക്ഷിക്കുന്നത് ലൊക്കേഷനിലൂടെയാണ്. ലോഹം കൊണ്ട് നിർമ്മിച്ച വാച്ച് പ്രത്യേക താക്കോൽ കൊണ്ട് ലോക്ക് ചെയ്താണ് കെട്ടുക.
തടവുകാരെ പുറത്തുകൊണ്ടുപോകുമ്പോൾ രക്ഷപ്പെടാനോ ഉദ്യോഗസ്ഥരെ ആക്രമിക്കാനോശ്രമിച്ചാൽ ജയിലിനുള്ളിലെ സിസ്റ്റത്തിൽ ആ നിമിഷം അറിയും. പേര്, ജയിൽ നമ്പർ, ലൊക്കേഷൻ മാപ്പ്, ബാറ്ററിനില, ഹൃദയസ്പന്ദനം എന്നീ വിവരങ്ങൾ ഡേറ്റയിലുണ്ട്. മുഖം വെച്ച് ലോക്ക് ചെയ്യുന്ന സംവിധാനവും വാച്ചിലുണ്ടാകും.
കേരള പ്രിസൺ ട്രാക്കിങ് സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്. ലോറ എന്ന വൈഡ് ഏരിയ നെറ്റ് വർക്ക് സങ്കേതമാണ് ഉപയോഗിക്കുന്നത്. 2.47 ലക്ഷം രൂപയാണ് ട്രയൽ റണ്ണിങ്ങിന്റെ അടങ്കൽ തുക.പദ്ധതി ആഭ്യന്തരവകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും അനുമതി ലഭിച്ചാൽ ഉടൻ നടപ്പിലാക്കാനാണ് തീരുമാനം. കണ്ണൂരിൽ റിമാൻഡ് തടവുകാർ കോടതിയിൽ ഹാജരാക്കുമ്പോഴുംജയിലിനുള്ളിൽ നിന്നും തടവുചാടി പോകുന്നത് പൂർണമായും ഒഴിവാക്കാനാണ് ആധുനിക സാങ്കേതികവിദ്യയോടെ പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നിരവധി പ്രതികളാണ് ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കുമ്പോഴും രക്ഷപ്പെട്ടത്.ജയിലിനുള്ളിൽ നടന്ന ആത്മഹത്യകളും കുറവല്ല. ഇതിനു പുറമേ തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടലുകളും വർധിച്ചിരിക്കുകയാണ്. ഇതിനെല്ലാംപരിഹാരമായാണ് ഡിജിറ്റൽ ലോക്ക് വാച്ചുമായി ജയിൽ അധികൃതർ രംഗത്തുവന്നിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്