- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീന്‍ ബാബു കേസിലെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാക്കിയ ചീത്തപ്പേര് തീര്‍ത്ത് 'കണ്ണൂര്‍ സ്‌ക്വാഡ്'; വളപട്ടണത്തെ അയല്‍വാസി കള്ളനെ കുടുക്കിയത് അണുവിട തെറ്റാത്ത ചടുല നീക്കങ്ങളുമായി; കീച്ചേരി കേസ് തെളിയിച്ചതും ബോണസായി: താരമായി കമ്മിഷണര്‍ അജിത്കുമാറും സംഘവും; കയ്യടി നേടി കണ്ണൂര്‍ പോലീസ്
നവീന്‍ ബാബു കേസിലെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാക്കിയ ചീത്തപ്പേര് തീര്‍ത്ത് 'കണ്ണൂര്‍ സ്‌ക്വാഡ്
കണ്ണൂര്‍: എഡിഎം നവീന്‍ബാബു കേസിന്റെ അന്വേഷണത്തില്‍ കേരളാ പോലീസ് ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ഇതിന് കാരണം രാഷ്ട്രീയമായ ഇടപെടലുകള്‍ തന്നെയായിയിരുന്നു. സിപിഎം നേതാവിനെ രക്ഷിക്കാന്‍ പോലീസിന് അന്വേഷണത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടി വന്നുവെന്ന വികാരം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതിനിടെ ഇത്തരം വിവാദങ്ങളെ അതിജീവിച്ച് വീണ്ടും കരുത്തു തെളിയിക്കുകയാണ് കണ്ണൂര്‍ പോലീസ്. രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതിരുന്ന മോഷണം കേസില്‍ അതിസമര്‍ഥമായാണ് പോലീസ് മോഷ്ടാവിലേക്ക് എത്തിയത്. ഒരു മോഷണ കേസ് അന്വേഷിച്ച കണ്ണൂര്‍ പോലീസ് രണ്ട് കേസുകളാണ് തെളിയിച്ചത്. കീച്ചേരിയിലെ മോഷണ കേസ് തെളിയിച്ചത് കണ്ണൂര്‍ സ്‌ക്വാഡിന് ബോണസായി മാറി.
പഴുതടച്ച അന്വേഷണമാണ് നാടിനെ നടുക്കിയ കവര്‍ച്ചാ കേസിലെ പ്രതിയെ പിടികൂടാന്‍ ഇരുപതംഗ കണ്ണൂര്‍ സ്‌ക്വാഡ് നടത്തിയത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ എ.സി.പി. ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയായ ലിജീഷ് മോഷണം നടന്നതിന് ശേഷം നാട്ടില്‍ തന്നെ നിന്നത് പൊലിസിന് ആശയകുഴപ്പമുണ്ടാക്കി. കേസ് അന്വേഷണത്തിന്റെ ഭാഗമായി 115സി.ഡി.ആര്‍ ശേഖരിച്ചു.
ജയിലില്‍ നിന്നുള്‍പ്പെടെ 67 മോഷ്ടാക്കളുടെ മൊഴിയെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 215 പേരെ ചോദ്യം ചെയ്തു. കോഴിക്കോട് മുതല്‍ മംഗ്‌ളൂര് വരെയുള്ള റെയില്‍വെ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്വങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ വീട്ടില്‍ നിന്നും ലഭിച്ച ഒരു സി.സി.ടി വി ദൃശ്യത്തില്‍ നിന്നാണ് കഷണ്ടിയുള്ള ആളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. വെല്‍ഡിങ് തൊഴിലാളിയായ ലിജീഷിലേക്ക് അന്വേഷണ സംഘമെത്തിയത്. മൂന്ന് മാസം മുന്‍പ് ഗള്‍ഫില്‍ നിന്നെത്തിയ ലിജീഷ് വെല്‍ഡിങ് ജോലിയെടുത്ത് നാട്ടില്‍ ഒതുങ്ങി കൂടുകയായിരുന്നു. നേരത്തെ കിച്ചേരിയിലും മോഷണം നടത്തിയത് ലിജേഷാണെന്ന് വിരലടയാളം പരിശോധിച്ചപ്പോള്‍ തെളിഞ്ഞതോടെ പൊലിസ് മോഷ്ടാവിലേക്ക് എത്തുകയായിരുന്നു.
നവംബര്‍ 20ന് അരി വ്യാപാരിയായ അഷ്‌റഫിന്റെ മന്നയിലെ കവര്‍ച്ച വീട്ടില്‍ കവര്‍ച്ച നടത്തിയ ലിജീഷ് പിറ്റേ ദിവസം രാത്രിയും വീട്ടിലെത്തിയതായി കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാര്‍ സ്ഥിരീകരിച്ചു. മോഷണത്തിനിടെ വെച്ച ടൂള്‍ മറന്നു വെച്ചത് എടുക്കാനാണ് ഇയാള്‍ വീണ്ടുമെത്തിയത്. എന്നാല്‍ ഇതു എടുക്കാനാവാതെ മടങ്ങുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്നു ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷത്തിനാല്‍പ്പതിനായിരം രൂപയും 267 പവന്‍ സ്വര്‍ണവും വീടിന്റെ കട്ടിലിനടിയിലും വെല്‍ഡ് ചെയ്ത് ലോക്കറുണ്ടാക്കിയും പ്രത്യേക രീതിയില്‍ യൂറോപ്യന്‍ ക്‌ളോസ്റ്റുണ്ടാക്കിയുമാണ് സൂക്ഷിച്ചിരുന്നത്. ഇതുപൊലിസ് കണ്ടെത്തിയിട്ടുണ്ട്.
മന്നയില്‍ അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നിന്നും മോഷണം പോയ ഒരു കോടിയിലേറെ രൂപയുടെയും 300 പവന്‍ ആഭരണങ്ങളുടെയും സ്രോതസ് അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ വളപട്ടണം പൊലിസ് സ്റ്റേഷനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കവര്‍ച്ചാ കേസ് അന്വേഷണം പൂര്‍ത്തിയായതിന് ശേഷമാണ് അന്വേഷണം നടത്തുക പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിനു ശേഷം തെളിവെടുപിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ്.പി അറിയിച്ചു.
വളപട്ടണത്ത് വീട് കുത്തിതുറന്ന് 300 പവനും ഒരു കോടിയും മോഷ്ടിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റിന് നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. അജിത്ത് കുമാര്‍ അറിയിച്ചു.
സിസിടിവി ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസിലായെന്നതും ഡമ്മി ഉപയോഗിച്ച് ഡെമോ നടത്തിയെന്നും ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ വിരലടയാളങ്ങളും നിര്‍ണായകമായെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറല്‍ എസ്പി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി തിരിച്ചുവെച്ചിരുന്നു.
എന്നാല്‍, മുറിയൂടെ ഉള്ളിലേക്കായിരുന്നു അബദ്ധത്തില്‍ തിരിച്ചുവെച്ചത്. മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവെച്ച ഈ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കേസില്‍ മോഷണം നടന്ന വീട്ടുടമസ്ഥന്‍ അഷ്‌റഫിന്റെ അയല്‍ക്കാരനായ ലിജീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 250 പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. 35 ലോഡ്ജുകളില്‍ പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ചശേഷം മിനിഞ്ഞാന്ന് ചോദ്യം ചെയ്യാന്‍ ലിജീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ലിജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.വിരലടയാളങ്ങള്‍ ശേഖരിച്ചപ്പോള്‍ കീച്ചേരിയിലെ പ്രതിയുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. തെളിവുകള്‍ ഒന്നൊന്നായി നിരത്തിയതോടെ ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പ്രതി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തുമണിയോടെ തന്നെ പ്രതിയുടെ വീട്ടില്‍ നിന്ന് മോഷണവസ്തുക്കള്‍ കണ്ടെടുത്തു. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്. സഞ്ചിയിലാക്കിയാണ് മോഷണ വസ്തുക്കള്‍ വീട്ടില്‍ നിന്ന് കൊണ്ടുപോയത്.
ഇതേ സഞ്ചിയില്‍ തന്നെയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കീച്ചേരിയിലെ മോഷണ കേസിലും ലിജീഷ് പ്രതിയാണ്. മറ്റു കേസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്. പണവും സ്വര്‍ണ്ണവും ഉണ്ടെന്ന് അറിഞ്ഞാണ് വീട്ടില്‍ കയറിയത് വീട്ടുകാരുമായി മോഷ്ടാവിന് വലിയ അടുപ്പം ഇല്ല. ആദ്യ ദിവസം 40 മിനുട്ട് കൊണ്ട് മോഷണം നടത്തി. മാസ്‌ക് ധരിച്ചാണ് മോഷണത്തിനെത്തിയിരുന്നത്. മോഷണം നടന്നശേഷം വീട്ടിലെത്തി മാസ്‌കും വസ്ത്രവും കത്തിച്ചുകളഞ്ഞു.മോഷണം കഴിഞ്ഞശേഷം കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ഉളി തിരിച്ചെടുക്കാന്‍ വന്നിരുന്നെങ്കിലും കിട്ടിയിരുന്നില്ല.
ഇത്തരത്തില്‍ തിരിച്ചുവരുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ഇത് പിന്നീട് പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. മോഷണ ശേഷം പ്രതി വീട്ടിലേക്കാണ് പോയത്. അഷ്‌റഫിന്റെ വീടിന് പിന്നിലാണ് ലിജീഷിന്റെ വീട്. ഡോഗ് സ്‌ക്വാഡ് റെയില്‍വെ ട്രാക്കിലൂടെ പോയി ലിജീഷിന്റെ വീടിന് സമീപം എത്തിയിരുന്നു. മോഷണം നടന്ന സമയത്തോ മറ്റോ പ്രതി റെയില്‍വെ ട്രാക്ക് വഴി പോയിരിക്കാമെന്നും പൊലീസ് പറഞ്ഞു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത 1.21 കോടിയുടെ നോട്ടുകെട്ടുകളും 267 പവന്റെ സ്വര്‍ണാഭരണങ്ങളും ചുവന്ന വലിയ സ്യൂട്ട് കേയ്‌സിലാണ് പൊലീസ് കൊണ്ടുവന്നത്. പ്രതിയെയും മോഷണ മുതലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊലീസ് പ്രദര്‍ശിപ്പിച്ചു. നഷ്ടമായ സ്വര്‍ണവും പണവും അതേ അളവില്‍ തിരിച്ചുകിട്ടിയോ എന്ന കാര്യം ഉള്‍പ്പെടെ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
മോഷണം നടത്താനെത്തുമ്പോള്‍ ലോക്കര്‍ ഉണ്ടെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും അലമാര പരിശോധിച്ചപ്പോള്‍ ലോക്കറിന്റെ താക്കോല്‍ കണ്ടെത്തിയെന്നുമാണ് പ്രതി മൊഴി നല്‍കിയതെന്നും കണ്ണൂര്‍ എസിപി ടികെ രത്‌നകുമാര്‍ പറഞ്ഞു. അങ്ങനെയാണ് ലോക്കര്‍ തുറന്നുള്ള മോഷണം നടന്നത്. ലോക്കര്‍ സ്വന്തമായി ഉണ്ടാക്കാന്‍ കഴിവുള്ള ആളാണ് പ്രതി. പ്രത്യേക രീതിയില്‍ മാത്രം തുറക്കാവുന്ന ലോക്കര്‍ അതുകൊണ്ടുതന്നെ എളുപ്പത്തില്‍ തുറന്നു. രാത്രി വീട്ടുകാര്‍ ഉറങ്ങിയതിനുശേഷമാണ് ആണ് മോഷണ മുതലുമായി വീട്ടിലേക്ക് പോയതെന്നും പ്രതി മൊഴി നല്‍കി.
കീച്ചേരിയില്‍ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലീജിഷ് ആണെന്ന് വ്യക്തമായത്. ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. കീച്ചേരിയില്‍ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. വളപടണം കേസില്‍ പ്രതി പിടിയിലായതോടെ മറ്റൊരു മോഷണ കേസിന്റെ ചുരുള് കൂടിയാണ് പൊലീസ് അഴിച്ചെടുത്തത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്