കണ്ണൂർ: കണ്ണൂരിൽ കളിമൈതാനത്തെ ചൊല്ലി കോൺഗ്രസും സി.പി. എമ്മും കൊമ്പുകോർക്കുമ്പോൾ ഇരുപാർട്ടികളുടെയും സർക്കാരുകൾ സംസ്ഥാനവും കോർപറേഷനും മാറിമാറി ഭരിച്ചിട്ടും തങ്ങൾക്ക് നല്ലൊരു സ്റ്റേഡിയമില്ലെന്ന പരിദേവനമാണ് കായിക പ്രേമികളിൽ നിന്നും ഉയരുന്നത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്ന കണ്ണൂർ ജവഹർസ്റ്റേഡിയം ഇപ്പോൾ തെരുവുനായ്ക്കൾക്കും പശുക്കൾക്കും വിശ്രമിക്കാനും മാലിന്യവണ്ടി നിർത്തിയിടാനുള്ള വണ്ടിത്താവളവും മാത്രമാണ്.

നൂറുകണക്കിന് കായികതാരങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായിരുന്ന ജവഹർ സ്റ്റേഡിയത്തെ വിവിധ പാർട്ടി സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തി തകർക്കാൻ മത്സരിക്കുകയായിരുന്നു ഈർക്കിൽ പാർട്ടികൾ പോലും. ഫലത്തിൽ ഒന്നു മേലനങ്ങി വിയർക്കണമെങ്കിൽ കണ്ണൂരില കായിക പ്രേമികൾക്ക് ഇപ്പോൾ മൈതാനമില്ലാത്ത അവസ്ഥയാണ്. കലക്ടറേറ്റ് മൈതാനവും പൊലിസ് മൈതാനവും വിവിധ മേളക്കാർ കൈയടക്കി. പൊലിസ് പരേഡ് ഗ്രൗണ്ടിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല കോട്ടമൈതാനവും വിളക്കുംതറ മൈതാനവും പട്ടാളത്തിന്റെ കൈവശമാണ്്.

പയ്യാമ്പലം ബീച്ചിന്റെ ഒരുഭാഗം മുഴുവൻ കടലെടുത്തുകഴിഞ്ഞു. മേലെചൊവ്വ പാതിരപ്പറമ്പ് മൈതാനത്തിൽ പുറത്തുനിന്നും വരുന്നവർക്ക് കർശനനിയന്ത്രണങ്ങളുണ്ട്. ഈസാഹചര്യത്തിൽ അവശേഷിച്ച ഏകആശ്രയമായ ജവഹർസ്റ്റേഡിയത്തിൽ രാഷ്ട്രീയപാർട്ടികളം വലുതും ചെറുതുമായ പരിപാടികൾ നടത്തി മേയുന്നത്. ഇപ്പോൾ സി.പി. എം നടത്തിയ പതിനാലും പാർട്ടികോൺഗ്രസിന്റെ പൊതുസമ്മേളനം നടത്തിയതിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കാതെ അവിടെ നിന്നും തോരണങ്ങൾ പോലും മാറ്റാതെ ഇവൻ്ഡ് മാനേജ്മെന്റ് കമ്പിനികൾ കാശും വാങ്ങി കടന്നുകളഞ്ഞതാണ് വിവാദമായത്. ഇതോടെയാണ് പരിപാടി നടത്തിയ സംഘാടകരായ സി.പി. എം നേതാക്കൾക്കെതിരെ പിഴ നടപടിയുമായി കോൺഗ്രസ് ഭരിക്കുന്ന കോർപറേഷൻ രംഗത്തുവന്നത്.

കാടുപിടിച്ച സ്റ്റേഡിയം വെട്ടിതെളിച്ചതാര്?

കഴിഞ്ഞ ഏപ്രിലിൽ പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി വാടകയ്ക്കെടുത്തപ്പോൾ ഫുട്ബോൾ പരിശീലനം നടക്കുന്ന അൽപ്പഭാഗമൊഴിച്ച് എല്ലായിടവും കാടുപിടിച്ച് മനുഷ്യർക്ക് കയറാൻ പറ്റാത്ത നിലയിലായിരുന്നുവെന്നാണ് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറയുന്നത്. നൂറുകണക്കിന് പ്രവർത്തകർ ദിവസങ്ങളോളം അധ്വാനിച്ചാണ് കാടുവെട്ടി വൃത്തിയാക്കിയത്. പവിലിയനും ഗാലറികളുമൊക്കെ വെള്ളപൂശി ആകർഷവുമാക്കി. തിരിച്ചുനൽകുമ്പോൾ ഒരുപോറൽപോലും വരുത്തിയിട്ടുമില്ല.

എന്നിട്ടും പിഴയെന്ന് ആരോപിച്ച് കെട്ടിവച്ച കാശ് തിരിച്ചുനൽകാത്തവർ നവീകരണത്തിന് ഇനിയും നടപടി സ്വീകരിക്കുന്നുമില്ല. സ്റ്റേഡിയത്തിലെ പടവുകൾ ഇടിഞ്ഞുതീരുകയാണ്. കോംപ്ലക്സിലെ കടകളിൽ മിക്കതും പവിലിയനും ചോർന്നൊലിക്കുന്നു. ഇതൊന്നും കാണാൻ കോർപറേഷന് കണ്ണില്ലെയെന്നാണ് ജയരാജന്റെ ചോദ്യം.

അത്ര ചെറുതല്ല ജവഹർസ്റ്റേഡിയം

കേരളത്തിലെ തന്നെ കായിക പ്രേമികളുടെ മനസിൽ സവിശേഷമായൊരു ഇടം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിനുണ്ട്. മറഡോണ പന്ത് തട്ടിയ രാജ്യത്തെ രണ്ടാമത്തെ മൈതാനം. ഐ എം വിജയൻ സിസർകട്ടിലൂടെ ഗോൾനേടിയ പുൽത്തകിടി. മോഹൻബഗാനും ഈസ്റ്റ്ബംഗാളും മുഹമ്മദൻസും ജെസിടിയും സാൽഗോക്കറും കേരള പൊലീസും അടക്കിവാണ ഗ്രൗണ്ട്. കായികലോകം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലേക്ക് കണ്ണുനട്ട ഇന്നലെകൾക്ക് വല്ലാത്ത തിളക്കം തന്നെയുണ്ടായിരുന്നു.

സന്തോഷ്് ട്രോഫി, ഫെഡറേഷൻ കപ്പ്, ഇ.കെ നായനാർ കപ്പ്്, ശ്രീനാരായണ കപ്പ്്, സംസ്ഥാന സ്‌കൂൾ കായിക മേള എന്നിങ്ങനെ നിരവധി ടൂർണമെന്റുകൾ ഇവിടെ നടന്നിട്ടുണ്ട്. കണ്ണൂർ കോർപറേഷൻ ഏഴുവർഷം മുൻപ്് പുതുതായി രൂപീകരിച്ചപ്പോൾ അട്ടിമറിയിലൂടെയാണ് കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിൻതുണയോടെ ഭരണം എൽ. ഡി. എഫ് പിടിച്ചെടുത്തത്. ഒന്നാം പിണറായി സ ർക്കാർ സംസ്ഥാനഭരണം നടത്തുകയും കണ്ണൂർ കോർപറേഷൻ എൽ. ഡി. എഫ്് ഭരിക്കുകയും ചെയ്ത സവിശേഷ സാഹചര്യത്തിൽ സ്റ്റേഡിയം ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ശരിയാകുമെന്ന് കായിക പ്രേമികൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നുംശരിയാക്കാതെ ഇടതുഭരണം നാലരവർഷത്തിനു ശേഷം പി.കെ രാഗേഷ് കാലുമാറിയതോടെ വീണു.

തെരുവുനായകളുടെ ലേബർറൂം

കണ്ണൂർ നഗരത്തിലെ തെരുവുനായ്ക്കളുടെ ലേബർ റൂമാണ് കണ്ണൂർ ജവഹർസ്റ്റേഡിയം.മാറിമാറി ഭരിച്ചവരുടെ അനാസ്ഥയുടെയും അവഗണനയുടെയും സ്മാരകമാണ് ഇപ്പോൾ ഈ കളിയിടം. ഫുട്ബോൾ പരിശീലനം നടക്കുന്ന അൽപ്പഭാഗമൊഴിച്ച് എല്ലയിടവും കാടുമൂടി. പടവുകൾ ഇടിഞ്ഞുതീരുന്നു. കോംപ്ലക്സിലെ കടകളിൽ മിക്കതും പവിലിയനും ചോർന്നൊലിക്കുന്നു. സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് നിരവധിതവണ വേദിയായ മൈതാനത്തിനാണ് ഈ ഗതികേട്. ഫെഡറേഷൻ കപ്പും ശ്രീനാരായണ ഫുട്ബോളും നടന്ന മൈതാനത്ത് കളിയൊച്ച നിലച്ചിട്ട് കാലമേറെയായി. നഗരഹൃദയത്തിലെ വിശാലമായ ഗ്രൗണ്ട് സംരക്ഷിക്കുന്നതിനോ പരിപാലിക്കുന്നതിനോ കായിക പ്രേമികൾക്കല്ലാതെ മറ്റാർക്കും താൽപര്യമില്ല.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങളിലെ സ്റ്റേഡിയം നവീകരിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാൽ ആദ്യ കോർപറേഷൻ ഭരിച്ച എൽ. ഡി. എഫ്് തന്നെ ഇതിന് വലിയ താൽപര്യമെടുക്കാത്തത് തിരിച്ചടിയായി. ഇ.പി ലതയായിരുന്നു അന്ന് മേയർ. 13 കോടി രൂപ നവീകരിക്കുന്നതിന് അനുവദിച്ചതാണ്. മേയർ ചെയർമാനായ കമ്മിറ്റിക്കായിരുന്നു ചുമതല. സ്റ്റേഡിയത്തിൽനിന്നുള്ള വരുമാനം കമ്മിറ്റി കൈകാര്യം ചെയ്യണമെന്നായിരുന്നു തീരുമാനം.

കോർപറേഷന് സർക്കാർ പണിയോ?

എന്നാൽ ഈ തീരുമാനം കോർപറേഷനിൽ നിന്നും സ്റ്റേഡിയത്തെ തട്ടിയെടുക്കാനുള്ള ഗൂഡതന്ത്രമാണെന്നും അന്നത്തെ ഇടതു മേയറും കൗൺസിലും തന്നെ ഈക്കാര്യം തള്ളിയതാണെന്നുമാണ് ഇപ്പോഴത്തെ മേയർ ടി. ഒ മോഹനന്റെ വിശദീകരണം. പുതുതായി പണിയുന്ന സ്റ്റേഡിയത്തിന്റെ ഷോപ്പിങ് കോപം്ളക്സിന്റെ വരുമാനം സ്പോർട്്്സ് കൗൺസിിലിന്റെ നേതൃത്വത്തിലുള്ളകമ്മിറ്റിക്ക് നൽകുന്നത് കോർപറേഷന്റെ നട്ടെല്ലൊടിക്കുമെന്നും സ്റ്റേഡിയം പുനർനിർമ്മാണത്തിനു മറ്റു ഫണ്ട് കണ്ടെത്തുമെന്നും മേയർ ചൂണ്ടിക്കാട്ടി.

കണ്ണൂർ കോർപറേഷൻ ആസ്ഥാനമന്ദിര്ത്തിന്റെ പ്രവൃത്തി പുരോഗമിച്ചുവരികയാണ്. ഇതുകഴിഞ്ഞാൽ സ്റ്റേഡിയം പുതുക്കിപണിയാനാണ് കോർപറേഷന്റെ തീരുമാനം. എന്നാൽ കോർപറേഷൻ വാഗ്ദ്ധാനം നൽകുകയല്ലാതെ മറ്റൊന്നും നടപ്പാക്കുന്നില്ലെന്നാണ്കായിക പ്രേമികളുടെ ആരോപണം. കായികതാരങ്ങളുടെ പരിശീലനത്തിനും കളികൾക്കും ഉപയോഗിക്കുന്നതിനുപകരം അധികൃതർ കോർപ്പറേഷന്റെ മാലിന്യവണ്ടികളുടെ പാർക്കിങ് ഏരിയയാക്കി സ്റ്റേഡിയത്തെ മാറ്റിയിരിക്കുകയാണെന്നാന്നും കായിക പ്രേമികൾ ചൂണ്ടിക്കാട്ടുന്നു.