കണ്ണൂർ: കൊടിയ അപമാനവും വിശപ്പും ട്രെയിൻ കത്തിക്കാൻ തന്നിലുള്ള വൈരാഗ്യത്തെ ആളിക്കത്തിച്ചുവെന്ന് കണ്ണൂർ ട്രെയിൻ കത്തിക്കൽ കേസിലെ പ്രതിയായ ബംഗാൾ സ്വദേശിയായ യുവാവിന്റെ കുറ്റസമ്മതമാഴി. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അപമാനങ്ങളുടെയും കൊടും സഹനങ്ങളാണ് ട്രെയിൻ കത്തിക്കലിന് കാരണമായെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എട്ടാം നമ്പർ യാർഡിൽ നിർത്തിയിട്ട കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിന്റെ ജനറൽ കംപാർട്ട്‌മെന്റിലെ മൂന്ന് ബോഗികൾക്ക് തീ വെച്ച കേസിൽ പൊലിസ് അറസ്റ്റു ചെയ്ത പശ്ചിമ ബംഗാൾ സ്വദേശിയുടെ കുറ്റസമ്മത മൊഴി പുറത്തു വന്നെങ്കിലും ഇതിലെ വൈരുദ്ധ്യങ്ങൾ പൊലിസിനെ കുഴയ്ക്കുന്നുണ്ട്.

ഭിക്ഷാടകരെ ഒന്നും നൽകാതെ ആട്ടിപ്പായിക്കുന്ന മലയാളികളുടെ മോശം പെരുമാറ്റം തന്നിൽ വൈരാഗ്യം സൃഷ്ടിച്ചുവെന്നാണ് ഇയാൾ പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നത്. എറണാകുളത്ത് നിന്ന് മൂന്ന് ദിവസം മുൻപാണ് തലശേരിയിലെത്തിയത്. ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്. തലശേരിയിൽ നിന്നും ആരും സഹായിക്കാതെ പട്ടിണിയിലായപ്പോൾ കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചു. ബസിന് കാശില്ലാത്തതിനാൽ തലശേരിയിൽ നിന്നും നടന്നാണ് എത്തിയതെന്നും അറസ്റ്റിലായ പ്രസൂൺജിത്ത് സിദ്ഗർ (40)മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ കഷ്ടപ്പെട്ടു കണ്ണൂരിലെത്തിയപ്പോൾ സ്ഥിതി കൂടുതൽ കഷ്ടമായി. ഭാരത് പെട്രോളിയം ജീവനക്കാരും റെയിൽവെ പൊലിസുമൊക്കെ ഭിക്ഷ യാചിച്ചു നടന്ന തന്നെ ആട്ടിപ്പായിക്കുകയായിരുന്നു. യാത്രക്കാരും ഒന്നും തന്നില്ല. കൈയിൽ കാശില്ലാത്തതിന്റെ മനോവിഷമവും വിശപ്പും ഭ്രാന്തമായ അവസ്ഥയിലെത്തിച്ചു. ഇതു പകയായി മാറുകയായിരുന്നു. സ്ഥിരമായി ബീഡി വലിക്കുന്നതു കൊണ്ടു കൈയിൽ തീപ്പെട്ടിയുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് തീ കൊളുത്തിയത്.

ട്രെയിനിന്റെ എമർജൻസി ജനൽ കല്ലു കൊണ്ടു അടിച്ചു തകർത്ത് അതിലൂടെയാണ് അകത്തേക്ക് കയറിയത് സീറ്റ് കുത്തി കീറി ചകിരി വാരി നിലത്തു കൂട്ടിയിട്ടാണ് ബോഗിക്ക് തീയിട്ടത്. പെട്രോളോ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചിട്ടില്ല. കൈയിലുള്ള സ്റ്റീൽ പാത്രം ഭക്ഷണം വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. ഇതാണ് പെട്രോൾ കാന്നായി തോന്നിയത്. തീവെച്ചതിനു ശേഷം എട്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പിടിയിലായ പ്രസൂൺജിത്ത് സിദ് ഗർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

കൊൽക്കത്തയിലെ 24 ഫർ ഗാന സ്വദേശിയായ ഇയാൾ ഇലക് ട്രീഷ്യൻ ജോലി ചെയ്താണ് ജീവിച്ചിരുന്നത്. പിന്നീട് നല്ല തൊഴിലിനായി നാടുവിട്ടു. ഡൽഹി, ആഗ്ര, മുംബൈ എന്നിവടങ്ങളിൽ പല ജോലികളും ചെയ്തു ജീവിച്ചു. സെയിൽ സ്മാൻ , സപ്‌ളെയർ തുടങ്ങി പല ജോലികളും ചെയ്തു. ലഹരിക്ക് അടിമയായതോടെയാണ് ജോലി നഷ്ടപ്പെട്ട് ഭിക്ഷാടനത്തിനിറങ്ങിയത്. ഇങ്ങനെയാണ് കേരളത്തിലെത്തിയതെന്നും എന്നാൽ മലയാളികളുടെ ഭിക്ഷാടകരെ ആട്ടിപ്പായിക്കുന്ന സ്വഭാവം തന്നിൽ പകയും വൈരാഗ്യവും വളർത്തിയെന്നും പ്രസൂൺജിത്ത് സിദ് ഗർ തന്റെ കുറ്റസമ്മത മൊഴിയിൽ പറയുന്നു. എന്നാൽ പ്രതി നൽകിയ മൊഴി പൂർണമായും പൊലിസ് വിശ്വസിച്ചിട്ടില്ല.

പ്രതിയായ യുവാവിന്റെ ജീവിത പശ്ചാത്തല മറിയാൻ കണ്ണൂർ സിറ്റിയിലെ സിഐ യുടെ നേതൃത്വത്തിൽ കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് അന്വേഷണം ഊർജ്ജിതമാക്കുകയെന്ന് ഉത്തര മേഖലാ ഐ.ജി നീരജ് കുമാർ ഗുപ്ത കണ്ണൂരിൽ പറഞ്ഞു. പ്രതിയെ അടുത്ത ദിവസം തന്നെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കും. റെയിൽവെ സ്റ്റേഷന് സമീപത്തെ ഭാരത് പെട്രോളിയം ലിമിറ്റഡിലെ ജീവനക്കാരനാണ് പ്രധാന സാക്ഷി.