കണ്ണൂർ: തലതിരിഞ്ഞ തുഗ്‌ളക്ക് വികസന നയം കാരണം പെരുവഴിയിലായത് അൻപതോളം വ്യാപാരികൾ. മേലെചൊവ്വയിൽ അടിപ്പാതയ്ക്ക് അനുമതി ലഭിക്കാഞ്ഞതോടെ പദ്ധതി മാറ്റി മേൽപ്പാത നിർമ്മിക്കാൻ തീരുമാനിച്ചു. കുടിവെള്ള സംഭരണിയിലേക്കുള്ള പൈപ്പ് ലൈൻ മാറ്റുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളും സുരക്ഷിതത്വവും കണക്കിലെടുത്താണ് അടിപ്പാത വേണ്ടെന്ന് വച്ചത്.

മേൽപ്പാത നിർമ്മിക്കാൻ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് അനുമതി നൽകി സർക്കാർ ഉത്തരവിടുകയായിരുന്നു. ദേശീയ പാതയിൽ മേലെചൊവ്വയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് അടിപ്പാത നിർമ്മിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. 26.86 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്.
എന്നാൽ മേലെചൊവ്വയിലെ ജലസംഭരണിയിലേക്കുള്ള പൈപ്പ് ലൈനിനു കുറുകെയാണ് അടിപ്പാത നിർമ്മിക്കേണ്ടത്.

ഈ പൈപ്പുകൾ മാറ്റുന്നത് സങ്കീർണമാണെന്നും കുടിവെള്ള വിതരണം മുടങ്ങുന്നതടക്കമുള്ള പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്നും വാട്ടർ അഥോറിറ്റി അറിയിച്ചിരുന്നു. കണ്ണൂർ നഗരത്തിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നത് ഈ സംഭരണിയിൽനിന്നാണ്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കുന്നതും ഇവിടെനിന്നാണ്. പൈപ്പ് മാറ്റിയിടുമ്പോൾ കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അടിപ്പാതയ്ക്ക് പകരം മേൽപ്പാത നിർമ്മിക്കാൻ തീരുമാനിച്ചത്.

റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനായിരുന്നു അടിപ്പാത നിർമ്മാണച്ചുമതല. ഇതിനാവശ്യമായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും പൊളിച്ചു മാറ്റിയിരുന്നു. ഇതേ സ്ഥലം ഉപയോഗപ്പെടുത്തിയാണ് മേൽപ്പാത നിർമ്മിക്കുകയെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. വികസനത്തിന്റെ പേരിൽ കടകൾ ഒഴിപ്പിക്കുന്നതിനെതിരെ നേരത്തെ നിരവധി സമരങ്ങൾ വ്യാപാരികളും സംഘടനകളും പ്രക്ഷോഭം നടത്തിയിരുന്നു.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ എ യുടെ നേതൃത്വത്തിൽ യാതൊരു സാധ്യതാ പഠനമോ ചർച്ചകളോയില്ലാതെ പദ്ധതി മുൻപോട്ടു പോവുകയായിരുന്നു. നേരത്തെ തന്നെ വിദഗ്ദ്ധരായ പലരും അടിപ്പാത നിർമ്മിക്കുന്നതിലെ അശാസ്ത്രീയത ചൂണ്ടികാട്ടിയിരുന്നുവെങ്കിലും സിപിഎമ്മിന്റെ ആ ജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്ന എം.എൽ എ യും ഉദ്യോഗസ്ഥരും കേൾക്കാൻ കൂടി തയ്യാറായില്ലെന്ന് ആരോപണമുണ്ട്.