- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടന്നയിലെ സ്വകാര്യ ട്രസറ്റ് വിഷയത്തിലെ ഹൈക്കോടതി വിധി തിരിച്ചടിയായി; കോളേജ് അനുവദിച്ചതിൽ ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിസി വിശദീകരണം നൽകിയെന്നും ആരോപണം; കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ പ്രതിരോധത്തിൽ
കണ്ണൂർ: കാസർകോട് ജില്ലയിലെ പടന്നയിലെ സ്വകാര്യ ട്രസ്റ്റിന് ചട്ടവിരുദ്ധമായി കോളേജ് അനുവദിച്ചത് ന്യായീകരിച്ച് തന്റെ നിലപാടിൽ ഉറച്ചു നിന്ന കണ്ണൂർ വിസി ഡോ: ഗോപിനാഥ് രവീന്ദ്രനും അദ്ദേഹത്തെ പിൻതുണയ്ക്കുന്ന സി.പി., എമ്മും ഹൈക്കോടതി വിധി വന്നതോടെ പ്രതിരോധത്തിലായി. കോളേജ് അനുവദിച്ചതിൽ ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വൈസ് ചാൻസലർ നൽകിയ വിശദീകരണം നൽകിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കാസർഗോഡ് പടന്ന ടി.കെ.സി ട്രസ്റ്റിന് ചട്ടപ്രകാരമുള്ള സ്ഥലവും മറ്റ് അടിസ്ഥാന യോഗ്യതകളും കൂടാതെ വിസി ഏകപക്ഷീയമായി കോളേജിന് ശുപാർശ ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്കു നൽകിയ പരാതിയിൽ ഗവർണർ വിശദീകരണം തേടിയിരുന്നു. അഞ്ചേക്കർ ഭൂമി വേണ്ടിടത്തു് നെൽവയൽ ഉൾപ്പടെ മൂന്നര ഏക്കർ മാത്രമാണുള്ളതെങ്കിലും സിൻഡിക്കേറ്റ് അനുമതി കൂടാതെ വിസി ഇൻസ്‌പെക്ഷൻ നടത്താൻ ഉത്തരവിട്ടിരുന്നു. സർവ്വകലാശാല അഭിഭാഷകൻ തന്നെ പരിശോധന റിപ്പോർട്ട് കോളേജിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും വിസി കോളേജിന് അനുമതി നൽകുകയായിരുന്നുവെന്നാണ് വിവരം.
എന്നാൽ വിസി യിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പുതിയ കോളേജിന് ശുപാർശ ചെയ്തതാണെന്നും താൻ ചെയ്ത നടപടി ശരിയാണെന്നും സർക്കാരാണ് അനുമതി നൽകേണ്ടതെന്നും ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് വൈസ് ചാൻസലർ ഗവർണർക്കു നൽകിയത്. എന്നാൽ വിസിയുടെ ശുപാർശ പ്രകാരം ജൂലൈയിൽ തന്നെ സർക്കാർ കോളേജിന് അനുമതി നൽകിയിരുന്നു. അത് മറച്ചുവച്ചു വിശദീകരണം നൽകിയതിൽ ഗവർണർക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
പുതിയ കോളേജ് അനുവദിച്ചതിലും, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിലും, പഠന ബോർഡ് അംഗങ്ങളെ നിയമിച്ചതിലും കണ്ണൂർ വിസി ഗുരുതരമായ കൃത്യവിലോപം കാട്ടിയിരിക്കുകയാണെന്ന് ഗവർണർ പരസ്യമായിതന്നെ പറഞ്ഞിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങളും, കോളേജ് അനുവദിച്ചതും ഹൈ ക്കോടതി തന്നെ റദ്ദാക്കുകയും, ഗവർണർ മരവിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം കോടതി തന്നെ തടഞ്ഞതോടെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ