കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയായ 'വിശ്വാസപൂർവം' ചില വെളിപ്പെടുത്തലുകൾകൊണ്ട് വിവാദമാവുമായാണ്. ചേകന്നൂർ മൗലവി തിരോധാന കേസിൽ തന്നെ വേട്ടയാടിയതും ഗൂഢാലോചനയ്ക്കു നേതൃത്വം നൽകിയവരെയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

ഒപ്പം കേരളത്തിലെ മുസ്ലിം രാഷ്ട്രീയ, സാമുദായിക ചരിത്രത്തിലേക്കു കൂടുതൽ വെളിച്ചംനൽകുന്ന അനുഭവങ്ങളും രേഖകളും ആത്മകഥയിലുണ്ട്. ഇ.കെ.അബൂബക്കർ മുസ്ലിയാരുടെ രാഷ്ട്രീയനിലപാടുകളും അവയുടെ പരിണാമങ്ങളും, സമസ്ത പ്രസിഡന്റായിരുന്ന സ്വദഖത്തുള്ള മുസ്ലിയാരുടെ രാഷ്ട്രീയനിലപാടുകൾ, സമസ്തയിലും ലീഗിലും സിപിഎമ്മിലുമുണ്ടാക്കിയ പ്രതിധ്വനികൾ, സ്വദഖത്തുള്ള മുസ്ലിയാർ സമസ്തയിൽനിന്നു രാജിവെച്ചത്, ഇ.കെ.അബൂബക്കർ മുസ്ലിയാർ സമസ്ത ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെച്ച സംഭവം തുടങ്ങി ഇതുവരെ പുറംലോകമറിയാത്ത ഒട്ടേറെ സംഭവവികാസങ്ങളിലൂടെയും രേഖകളിലൂടെയും പുസ്തകം കടന്നുപോകുന്നു.

ഇ.കെ.അബൂബക്കർ മുസ്ലിയാർക്കെതിരേ നടന്ന രാഷ്ട്രീയ ഗൂഢാലോചനകളെ ഒരുമിച്ചു പ്രതിരോധിച്ച കാലത്തെക്കുറിച്ചുള്ള അനുഭവങ്ങൾ, ഇകെ ഹസ്സൻ മുസ്ലിയാർ, അവേലത്ത് സയ്യിദ് അബ്ദുൽ ഖാദർ തങ്ങൾ എന്നിവരുമായുള്ള ആത്മബന്ധം, മർകസിന്റെ സ്ഥാപനം, വിവിധ രാഷ്ട്രീയസംഘടനാ നേതാക്കളുമായുള്ള ബന്ധം, വിവിധ പ്രധാനമന്ത്രിമാർ, വിവിധ രാഷ്ട്രനേതാക്കൾ, വി.പി.സിങ്ങുമായുള്ള ബന്ധം എന്നിവയും പുസ്തകത്തിൽ പരാമർശിക്കുന്നു.

ലീഗും സമസ്തയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രമാണ് മറ്റൊരു പ്രധാന ഭാഗം. കോഴിക്കോട് നഗരത്തിന്റെ രൂപപരിണാമങ്ങൾ, പൂനൂർ എസ്റ്റേറ്റ് കേന്ദ്രീകരിച്ചു നടന്ന തൊഴിലാളിസംഘടനകളുടെ രൂപവത്കരണം, മുസ്ലിം ലീഗിലെ പിളർപ്പുകൾ എന്നിവയിലൂടെയും ആത്മകഥ കടന്നുപോകുന്നുണ്ട്.

കമ്യൂണിസ്റ്റുകാർക്കെതിരെ ഫത്വ

വിമോചന സമര കാലത്ത് കമ്യൂണിസ്റ്റുകാർക്കെതിരെ ഫതവ് പുറപ്പെടുവിക്കാൻ ചില രാഷ്ട്രീയ നേതാക്കൾ മുസ്ലിം പണ്ഡിതരെ സമീപിച്ച കാര്യം ആത്മകഥയിൽ പറയുന്നുണ്ട്. വിമോചന സമരത്തെ തുടർന്ന് ഇഎംഎസ് സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടതോടെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞുവന്നു. ലീഗ്- കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി. ഈ ഘട്ടത്തിൽ കമ്യൂണിസ്റ്റുകാർക്കെതിരെ ഒരു ഫത്വ സംഘടിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രീയ നേതൃത്വത്തിൽ ഉണ്ടായിരുന്ന ചിലർ സമസ്ത ജംഇയ്യത്തുൽ ഉലമയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇത് ചെറുത്ത് തോൽപിച്ചത് സമസ്തയുടെ സ്ഥാപകാംഗമായ കെ കെ സ്വദഖത്തുല്ല മുസ്ല്യാരായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു.

കമ്യൂണിസ്റ്റുകാർക്ക് വോട്ടുചെയ്യുന്നവർ മുസ്ലീങ്ങളല്ലെന്നും അവരുമായി വിവാഹബന്ധം പാടില്ലെന്നും സമസ്ത തീരുമാനമെടുക്കണമെന്നായിരുന്നു ആവശ്യം. കമ്യൂണിസ്റ്റുകാരന്റെ ഭാര്യയെ മറ്റൊരാൾക്ക് നിക്കാഹ് ചെയ്യാൻ ആദ്യ ഭർത്താവിന്റെ ത്വലാഖ് ആവശ്യമില്ലെന്നും തീരുമാനമുണ്ടാവണമെന്നും ആവശ്യപ്പെട്ടിരുന്നു. ചിലർ ഈ ആവശ്യം മുശാവറയിലും അവതരിപ്പിച്ചു. എന്നാൽ കെ കെ സ്വദഖത്തുല്ല മുസ്ല്യാർ ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇന്നു ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി സമസ്ത ഒരു തീരുമാനമെടുത്താൽ ഇന്നതിന് പ്രേരിപ്പിക്കുന്നവർ മറ്റൊരവസരത്തിൽ അവരുടെ രാഷ്ട്രീയ താത്പര്യ നിർവഹണത്തിന് വേണ്ടി കമ്യൂണിസ്റ്റുകാരോടൊപ്പം ചേർന്നെന്നു വരാം. അപ്പോൾ സമസ്ത ഈ തീരുമാനം മാറ്റേണ്ടിവരുമോ എന്നായിരുന്നു സ്വദഖത്തുല്ല മുസ്ല്യാരുടെ ചോദ്യം. ഈ ചോദ്യത്തിലൂടെ അത്തരമൊരു നീക്കം തന്നെ ഇല്ലാതാവുകയായിരുന്നുവെന്നും കാന്തപുരം വ്യക്തമാക്കുന്നു.

1950കൾ കോൺഗ്രസും ലീഗും തമ്മിൽ വലിയ സംഘർഷമുണ്ടായിരുന്ന കാലമായിരുന്നു. മുസ്ലിം ലീഗിനെ കൂടെക്കൂട്ടുന്നത് ഭാരമാകുമോയെന്നായിരുന്നു കോൺഗ്രസിന്റെ ആശങ്ക. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാൽ രാജ്യത്തെ മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ പാർട്ടി ആകാൻ കഴിയുമോയെന്നായിരുന്നു ലീഗിന്റെ ചിന്ത. ഇരു പാർട്ടികളും തമ്മിലുള്ള എതിർപ്പുകൾ മലബാറിൽ കൂടുതൽ ശക്തിയാർജിച്ചു. സഖ്യത്തിന് വേണ്ടിയുള്ള പ്രാദേശികമായ നീക്കുപോക്കുകൾ നടക്കുമ്പോഴും മുസ്ലീങ്ങളെ പ്രതിനിധീകരിക്കാനുള്ള പൂർണ അവകാശം എന്നതായിരുന്നു ലീഗിന്റെ ആവശ്യം. അതുകൊണ്ട് തന്നെ കോൺഗ്രസിലെ മുസ്ലിം നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ലീഗിന്റെ പ്രവർത്തനങ്ങളെന്നും ആത്മകഥയിൽ പറയുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. മുഖ്യമന്ത്രിയിൽ നിന്ന് ശശി തരൂർ എംപി പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു.