- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളാപ്പള്ളിയുടെ പ്രസ്താവന വസ്തുതാപരവുമല്ല; കാന്തപുരം
കോഴിക്കോട്: മുസ്‌ലിംകൾ അനർഹമായത് നേടിയെന്ന എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് മറുപടിയുമായി സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന പ്രസ്താവനകളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുസ്‌ലിംകൾ കേരളത്തിൽ അനർഹമായത് നേടിയെന്ന പ്രസ്താവന ദൗർഭാഗ്യകരമാണ്. അത് വസ്തുതാപരവുമല്ല. ജനങ്ങളിലുണ്ടായ സംശയം ദുരീകരിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ടെന്നും കാന്തപുരം പറഞ്ഞു. രാഷ്ട്രീയാധികാരത്തിലും സർക്കാർ ഉദ്യോഗങ്ങളിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്നും അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.
അതേസമയം പ്രസ്താവന വിവാദമായതോടെ മുസ്‌ലിംകളെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചിരുന്നു. ക്രിസ്ത്യാനിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കാര്യം പറയുമ്പോൾ മുസ്‌ലിം വിരോധിയാക്കരുത്. ജാതി പറഞ്ഞുവെന്ന് പറയരുതെന്നും സാമൂഹിക നീതിയെ കുറിച്ചാണ് താൻ പറയുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നാക്ക സമുദായ സംരക്ഷണ മുന്നണിയുടെ പേരിൽ താൻ മുസ്‌ലിംകളൊപ്പം നടന്നതാണ്. തന്നെ കൊണ്ട് ധാരാളം പണവും മുസ്‌ലിം സമുദായം ചെലവഴിപ്പിച്ചു. മുസ്‌ലിംകൾ പി.എസ്.സിയിൽ അടക്കം കാര്യങ്ങൾ നേടിയെടുത്തു. തന്റെ സമുദായത്തിന് എന്ത് മേടിച്ചുതന്നു. മലപ്പുറം, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഒരു സ്‌കൂൾ പോലും തന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ബിജെപി ഭരണത്തിൽ മുസ്‌ലിം പ്രാതിനിധ്യമില്ലെങ്കിൽ അത് മേടിച്ചെടുക്കണം. അതിനാരും എതിരല്ല. ഇവിടെ ഈഴവർക്ക് എന്താണുള്ളത്. ഈഴവർക്ക് പരിഗണന നൽകിയില്ല. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നു. രാജ്യസഭാംഗങ്ങളുടെ പട്ടിക ഇതിന് ഉദാഹരണമാണ്. പിന്നാക്കക്കാരനും അധഃസ്ഥിതനും ഒന്നുമില്ല. മുസ്‌ലിംകൾ അധികമില്ലാത്ത സിപിഐ സീറ്റ് കൊടുത്തത് ആർക്കാണ്. സിപിഎമ്മിന്റെ സീറ്റ് പോലും കേരള കോൺഗ്രസിന് കൊടുത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവർ സിപിഎമ്മിൽ നിന്ന് അകന്ന് പോയെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ആകുന്ന നിലയിൽ സഹായിച്ചെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയരുന്നു. ജാതി പറയുന്നത് അപമാനമല്ല അഭിമാനമാണെന്നും ഇനിയും പറയുമെന്നും വ്യക്തമാക്കിയ വെള്ളാപ്പള്ളി, നവോത്ഥാന സമിതിയുടെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും ലക്ഷ്യങ്ങൾ രണ്ടാണെന്നും പറഞ്ഞു. എൻ.ഡി.എ കൺവെൻഷനിൽ ഭാര്യ പങ്കെടുത്തത് അറിഞ്ഞില്ല. കൺവെൻഷനിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് ഭാര്യയെ ഉപേക്ഷിക്കാൻ സാധിക്കുമോ. തനിക്ക് തന്റെ അഭിപ്രായമെന്നും ഭാര്യക്ക് ഭാര്യയുടെ അഭിപ്രായമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
മുസ്ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചത്. ഇടതു സർക്കാർ മുസ്ലിം പ്രീണനം നടത്തിയതു കൊണ്ടാണ് ഈഴവർ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതെന്നും അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നവോത്ഥാന സമിതിയിൽ നിന്ന് വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ രാജിവെച്ചിരുന്നു.