പൂച്ചാക്കൽ: സുപ്രീംകോടതി വീണ്ടും നിലപാട് കടുപ്പിച്ചതോടെ അനധികൃത നിർമ്മാണത്തെത്തുടർന്നു കണ്ടുകെട്ടിയ പാണാവള്ളി കാപ്പികോ റിസോർട്ട് പൊളിക്കൽ വീണ്ടും സജീവമായി. പൊളിക്കൽ നടപടികൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും 80 ശതമാനത്തോളം പൂർത്തിയായതായും കലക്ടർ വി.ആർ.കൃഷ്ണതേജ അറിയിച്ചു. മലിനീകരണ പ്രശ്‌നങ്ങൾ ഇല്ലാതെ വേണം ജോലി ചെയ്യാനെന്നും വിശദീകരിച്ചു. വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിൽ നിയമംലംഘിച്ചു നിർമ്മിച്ച കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങിയത് സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ്. തീരപരിപാലന നിയമംലംഘിച്ച് നിർമ്മിച്ചതെന്നു കണ്ടെത്തിയതിനെത്തുടർന്നാണു റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.

വേമ്പനാട്ടുകായലിൽ പാണാവള്ളി നെടിയതുരുത്തിൽ കാപികോ റിസോർട്ടിനായി കൈയേറിയ 2.93 ഹെക്ടർ പുറമ്പോക്കുഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. കളക്ടർ വി.ആർ. കൃഷ്ണതേജ സ്ഥലത്തെത്തി 'സർക്കാർ വക ഭൂമി' എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പിന്റേതാണ് ഈ കെട്ടിടം. അവർ തന്നെയാണ് കെട്ടിടം പൊളിക്കുന്നത്. മരടിൽ ഫ്‌ളാറ്റ് പൊളിച്ചതു സർക്കാരിന്റെ നേതൃത്വത്തിലായിരുന്നു. ഇവിടെ ഉത്തരവാദിത്തം മുത്തൂറ്റ് ഏറ്റെടുക്കുകയായിരുന്നു. പൊളിക്കാൻ ആറുമാസം കാലാവധി നൽകുമെന്നതിനാൽ മരടിലെപ്പോലെ ഒറ്റദിവസത്തെ ഇടിച്ചുനിരത്തൽ വേണ്ടിവരില്ല. ആറുമാസം കൊണ്ട് പൊളിക്കൽ പൂർത്തിയാകണം. എന്നാൽ പൊളിക്കൽ താമസിച്ചു. ഇതോടെ വീണ്ടും സുപ്രീംകോടതി നിലപാട് എടുത്തു.

പൊളിക്കലിനു വേഗം പോരെന്നും മാലിന്യം സമയബന്ധിതമായി നീക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ റിസോർട്ട് വളപ്പിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഉടമകളുടെ തന്നെ മറ്റൊരു സ്ഥലത്തേക്ക് ബാർജിൽ മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെട്ടിടങ്ങളിലെ പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി നീക്കുന്നുണ്ട്. ഇതാണ് പൊളിക്കൽ വൈകിക്കുന്നത്. ഇതിനെതിരെയാണ് സുപ്രീംകോടതി വീണ്ടും നിലപാട് എടുത്തത്.

റിസോർട്ട് നടത്തിപ്പുകാരുടെ ചെലവിലാണ് പൊളിക്കൽ. പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും ദോഷകരമാകാത്തവിധം കെട്ടിടാവശിഷ്ടങ്ങൾ മാറ്റുമെന്നു നടത്തിപ്പുകാർ ജില്ലാഭരണകൂടത്തിനുറപ്പു കൊടുത്തിട്ടുണ്ട്. ആദ്യം വില്ലകൾക്കുള്ളിലെ ഉപകരണങ്ങൾ നീക്കിയ ശേഷം ചുറ്റുമതിലും പിന്നെ വില്ലകളും എന്ന ക്രമത്തിലാണു പൊളിക്കുന്നത്. പത്ത് തൊഴിലാളികൾ സെപ്റ്റംബർ 15 മുതൽ ഇവിടെയുണ്ട്. 6 മാസത്തിനകം പൊളിക്കൽ പൂർത്തിയാക്കുന്നതിനാണു സുപ്രീം കോടതി നിർദേശമെന്നും സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാകുമെന്നും കലക്ടർ അറിയിച്ചു.

മാർച്ച് 15നാണു കാലാവധി പൂർത്തിയാകുക. റിസോർട്ട് ഉടമകളുടെ ചെലവിലാണു പൊളിക്കൽ നടത്തുന്നത്. ആകെയുള്ള 54 വില്ലകളിൽ 34 എണ്ണം പൂർണമായും പൊളിച്ചു നീക്കി. ബാക്കിയുള്ളവ ഉടൻ പൊളിച്ചുനീക്കും. പഞ്ചായത്ത് റവന്യു വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ ഭരണകൂടവും പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. 54 വില്ലകൾ ഉൾപ്പെടുന്ന 35900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടങ്ങളാണു പൊളിക്കുന്നത്. 2007ൽ നിർമ്മാണം തുടങ്ങി പൂർത്തിയായപ്പോൾ 320 കോടി രൂപയോളം ചെലവായതായാണു വിവരം. റിസോർട്ട് നിർമ്മിക്കാൻ കയ്യേറിയതായി കണ്ടെത്തിയ 2.9397 ഹെക്ടർ സ്ഥലം

സർക്കാരിലേക്ക് ഏറ്റെടുത്തിരുന്നു. തുരുത്തിലെ ആകെ സ്ഥലം 7.0212 ഹെക്ടറാണ്. സ്ഥലം കയ്യേറിയും തീരപരിപാലന നിയമം ലംഘിച്ചും നിർമ്മിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. റിസോർട്ട് പൊളിച്ച് നീക്കം ചെയ്ത് സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് 2013ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് 2020 ജനുവരി 10ന് സുപ്രീംകോടതി ശരിവച്ചിരുന്നു. കോവിഡ് കാലത്തെ തുടർന്നാണു പൊളിക്കൽ വൈകിയത്. 2007ൽ നിർമ്മാണം തുടങ്ങിയ റിസോർട്ട് 2012ൽ പൂർത്തിയാക്കി. യന്ത്രങ്ങളും സൗകര്യങ്ങളും 90 ശതമാനവും പ്രവർത്തന യോഗ്യമാക്കിയപ്പോഴാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

ഇത് മത്സ്യത്തൊഴിലാളി പോരാട്ടത്തിന്റെ വിജയം

കാപികോ റിസോർട്ട് നിർമ്മിച്ച 17.34 ഏക്കറിൽ 7.26 ഏക്കർ സർക്കാർ പുറമ്പോക്കാണെന്നു രേഖകൾ നേരത്തെ പുറത്തു വന്നിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആലപ്പുഴ കളക്ടറുടെ നിർദ്ദേശപ്രകാരം നടന്ന സർവേയിലാണ് ഇതു കണ്ടെത്തിയത്. പാണാവള്ളി പഞ്ചായത്തിൽപെട്ട വേമ്പനാട്ട് കായലിലെ സ്വകാര്യ ദ്വീപിൽ ചട്ടങ്ങൾ ലംഘിച്ച് പണിതുയർത്തിയ കാപികോ റിസോർട്ട് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പിന്നിലെ പ്രധാന ചാലക ശക്തിയായി നിലകൊണ്ടത് സാധാരണക്കാരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. അതിജീവനത്തിനായി അവർ നടത്തിയ നിയമപോരാട്ടമാണ് വിജയം കാണുന്നത്.

ഇതിൽ കാപികോ കേരള റസോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മോഹനൻ വെട്ടത്ത് ആർ.ഡി.ഒ.യ്ക്ക് ഹർജി നൽകിയിരുന്നു. ഇതു തള്ളി, സർക്കാർഭൂമി പിടിച്ചെടുക്കാൻ ചേർത്തല അഡീഷണൽ തഹസിൽദാരോട് 2013 ഒക്ടോബർ ആറിന് ആർ.ഡി.ഒ. ഉത്തരവ് നൽകിയിട്ടുള്ളതാണെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഉന്നത സ്വാധീനംകൊണ്ടാണ് കാപികോ ഇതുവരെ കുലുങ്ങാതിരുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുണ്ടെന്ന് ശാസ്ത്ര സമൂഹം ഒരേ പോലെ സമ്മതിക്കുന്ന വേമ്പനാട്ട് കായലിനെ വിഴുങ്ങും വിധമായിരുന്നു നെടിയതുരുത്ത് ദ്വീപിൽ കാപികോ റിസോർട്ട് സമുച്ചയം പണിതുയർത്തിയത്.

2006 ലാണ് പരിസ്ഥിതി സംരക്ഷണത്തിന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ജൈവബദലായ കണ്ടൽകാടുകളും മത്സ്യസമ്പത്തുകൊണ്ട് വേറിട്ട കായൽ ജലാശയവും തീരദേശ പരിപാലന നിയമം നഗ്‌നമായി ലംഘിച്ച് കൈയേറി നിർമ്മാണം തുടങ്ങിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ ഊന്നിവലകൾ വരെ പരസ്യമായി നശിപ്പിച്ചായിരുന്നു നിർമ്മാണം. നിയമങ്ങൾ കാറ്റിൽ പറത്തി നേടിയെടുത്ത ഭൂമിയിൽ തീർത്ത റിസോർട്ടിന് ചുറ്റും മത്സ്യബന്ധനം പോലും തടയാൻ റിസോർട്ട് അധികൃതർ ധൈര്യപ്പെട്ടു.

മുത്തൂറ്റിന്റെ കാപ്പികോ

ഡീലക്‌സ് ഉൾപ്പടെ 54 വില്ലകളാണ് കാപ്പികോയിൽ ഒരുക്കിയിരുന്നത്. ഡീലക്‌സ് വില്ലകളിൽ രണ്ട് നീന്തൽക്കുളങ്ങൾ വീതമാണ് ഒരുക്കിയിരുന്നത്. മിനി മുത്തൂറ്റ് ഗ്രൂപ്പിൽനിന്നാണ് കാപികോ ഗ്രൂപ്പായി വികസിക്കുന്നത്. 1996-ൽ തന്നെ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഇവിടെ ഹോട്ടലിനായി പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. 2007-ലാണ് മിനി മുത്തൂറ്റ് ഗ്രൂപ്പ് സിങ്കപ്പൂരിലെ അന്താരാഷ്ട്ര ഹോട്ടൽ വ്യവസായ സംരംഭകരായ ബന്യൻട്രീ, കുവൈത്തിലെ കാപികോ എന്നിവരുമായി കൈകോർത്ത് കാപികോ കേരള റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. 2007 ജൂലായിൽ പുതിയ സംരംഭത്തിന് അനുമതിതേടി. ഗ്രൂപ്പ് ആദ്യം ലക്ഷ്യമിട്ടത് 150 കോടിയുടെ പദ്ധതിയാണെങ്കിലും പൂർത്തിയായപ്പോൾ 350 കോടി കടന്നതായാണ് കണക്കുകൾ. ഇതിനെതിരെയുള്ള നിയമ പോരാട്ടം ആദ്യം മാധ്യമങ്ങൾ വാർത്തയാക്കിയില്ല. ഒന്നും പുറം ലോകത്തുമെത്തിയില്ല. പക്ഷേ കോടതി ഇടപെടലുകൾ നിർണ്ണായകമായി.

കാപികോ റിസോർട്ടിൽ കായൽ കടന്ന് വൈദ്യുതി എത്തിക്കാൻ കേബിൾ ഇട്ടതിന് മാത്രം ഒന്നരക്കോടി രൂപയാണ് ചെലവഴിച്ചത്. വൈദ്യുതി എത്തിച്ചതിനുള്ള ആകെ ചെലവ് രണ്ടുകോടി രൂപയോളം വരും. വേമ്പനാട്ട് കായലിലെ നെടിയതുരുത്തിലേക്ക് കൊല്ലൻകൂമ്പ് ഭാഗത്തുനിന്ന് വൈദ്യുതി എത്തിക്കാൻ ഹൈടെൻഷൻ കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്.1007 മീറ്റർ കായലിലും 165 മീറ്റർ കരയിലുമായാണ് കേബിൾ ഇട്ടിരിക്കുന്നത്. മാക്കേകവലയിലെ സബ്‌സ്റ്റേഷനിൽ നിന്നും റോഡരികിലൂടെ ഇട്ടിരിക്കുന്ന കേബിൾ വേറെയും. വൈദ്യുതി കണക്ഷൻ ഫീസായി 13 ലക്ഷം രൂപ കെ.എസ്.ഇ.ബി.യിൽ അടച്ചു. വൈദ്യുതി മുടങ്ങാതിരിക്കാൻ 1000 കെ.വി., 250 കെ.വി. തുടങ്ങിയ ജനറേറ്ററുകളും സജ്ജമാക്കിയിരുന്നു.

അതീവ പരിസ്ഥിതി ലോല പ്രദേശം, യുനസ്‌കോയുടെ റാംസർ കൺവൻഷൻ പ്രകാരമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ചതുപ്പ് നിലംഈ വിശേഷണങ്ങളുള്ള ചേർത്തല നെടിയ തുരുത്തിലാണ് മുത്തൂറ്റ് കാപ്പികോ റിസോർട്ട് കെട്ടിപ്പൊക്കിയത്. 150 കോടി ചെലവിൽ സെവൻ സ്റ്റാർ റിസോർട്ട് പണിതുയർത്താൻ തീരദേശ പരിപാലന നിയമം, മാത്രമല്ല, 1957ലെ ഭൂസംരക്ഷണ നിയമവുംലംഘിച്ച് ഹെക്ടറുകണക്കിന് സർക്കാർ ഭൂമിയും കൈയേറിയെന്നും ആരോപണമുണ്ടായി. മരടിലെ ഫ്‌ളാറ്റുകളുടെ അതേ വിധി കേരളത്തിലെ മുത്തൂറ്റ്, കുവൈത്തിലെ കാപ്പികോ ഗ്രൂപ്പുകളുടെ ഈ സംയുക്ത സംരംഭത്തെ തേടിയെത്തി..

ചേർത്തലയ്ക്കടുത്ത പാണാവള്ളിയിൽ വേമ്പനാട്ടു കായലിലെ ആൾവാസം കുറഞ്ഞ നെടിയതുരുത്ത് ദ്വീപിനെ കാപ്പിക്കോ കണ്ണു വെക്കുന്നത് തൊണ്ണൂറുകളിലാണ്. വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ശരിക്കും ഒറ്റപ്പെട്ട തുരുത്ത്. ഇവിടേക്ക് എത്തിപ്പെടുക അത്ര എളുപ്പവുമല്ല. വൈദ്യുതിയില്ലാത്ത തുരുത്തിൽ കുടിവെള്ളവും പ്രശ്‌നമായിരുന്നു. അതിനാൽ സ്ഥലം വാങ്ങാൻ റിസോർട്ട് സംഘം എത്തിയപ്പോൾ അവിടെയുള്ള ഏതാനും താമസക്കാർ രണ്ടാമതൊന്ന് ആലോചിച്ചില്ല. കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടി. പോരാത്തത് കൈയേറി, കായൽ കരയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ 50 റിസോർട് ഇവിടെ പണിതുയർത്തി. കാപ്പികോ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തുന്നത് 2012ലാണ്.

2.0939 ഹെക്ടർ സർക്കാർ ഭൂമി റിസോർട്ട് കൈയേറിയെന്ന് സർവേ ഡെപ്യുട്ടി ഡയറക്ടർ റിപ്പോർട്ട് നൽകി. തുടർന്ന് ചേർത്തല ഡെപ്യൂട്ടി തഹസിൽദാർ കൈയേറ്റം സംബന്ധിച്ച് നോട്ടീസ് നൽകി. ഇതിനെതിരെ കാപ്പികോ ഹൈക്കോടതിയിൽനിന്ന് അപ്പീൽ നൽകാൻ ഉത്തരവ് നേടി. കൈയേറ്റം നടന്നതായാണ് ആർഡിഒ റിപ്പോർട്ട്. 7.0212 ഹെക്ടർ ഭൂമിയുള്ളതിൽ 2.0397 ഹെക്ടർ സർക്കാർ ഭൂമിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീം കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. ഒടുവിൽ സുപ്രീം കോടതിതന്നെ പൊളിക്കാനും അനുമതി നൽകി. കെട്ടിപ്പൊക്കിയ നക്ഷത്ര സൗധങ്ങൾ ഒന്നുപോലും തുറക്കാതെ, ഒരു അതിഥിയെപോലും താമസിപ്പിക്കാതെയാണ് മുത്തൂറ്റ് കാപ്പികോ തകർന്ന് വീഴാൻ പോകുന്നത്.