ന്യൂഡൽഹി: തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിച്ചു നീക്കുന്ന നടപടി തുടരുന്നതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 54 കോട്ടേജുകളിൽ 34 എണ്ണമാണ് ഇതുവരെ പൊളിച്ചത്. മാർച്ച് 25നകം ശേഷിക്കുന്ന 20 കോട്ടേജുകൂടി പൊളിക്കുമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.

ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ചുമതലപെടുത്തിയതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ആണ് കാപികോ റിസോർട്ട് പൊളിക്കലിനെ സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. 2022 സെപ്റ്റംബർ 15-ന് റിസോർട്ടിന്റെ പൊളിക്കൽ നടപടി ആരംഭിച്ചെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. 8081 ചതുരശ്ര മീറ്റർ നിർമ്മാണമാണ് പൊളിക്കുന്നത്. പൊളിച്ച അവശിഷ്ടങ്ങൾ ദ്വീപിൽ നിന്ന് മാറ്റുന്ന നടപടി മാർച്ച് ഒന്ന് മുതൽ ആരംഭിക്കുമെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ഘട്ടംഘട്ടമായാണ് പൊളിക്കൽ നടപടി പുരോഗമിക്കുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. റിസോർട്ടിന്റെ പ്രധാന കെട്ടിടം സമയബന്ധിതമായി പൊളിക്കാൻ റിസോർട്ട് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. സമീപത്തെ ജലാശയങ്ങളെ മലിനമാക്കാത്ത രീതിയിലാണ് പൊളിക്കൽ നടക്കുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തീരദേശനിയമം ലംഘിച്ച് പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് മാർച്ച് 28നകം പൊളിച്ചു നീക്കണമെന്ന് ഫെബ്രുവരി 24ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. മാർച്ച് 28നകം റിസോർട്ട് പൊളിച്ചു നീക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച റിസോർട്ട് പൊളിക്കുന്നതിന് 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, വിധി പുറപ്പെടുവിച്ച് രണ്ട് വർഷത്തിന് ശേഷമാണ് റിസോർട്ട് പൊളിച്ചുനീക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഉടമകളിൽ നിന്ന് പണം ഈടാക്കിയാണ് റിസോർട്ട് പൊളിച്ചു നീക്കുന്നതെന്നും പ്രകൃതിക്ക് കുഴപ്പം സംഭവിക്കാത്ത തരത്തിൽ പൊളിച്ചു നീക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നുമാണ് നടപടികൾ വൈകാൻ കാരണമായി സർക്കാർ വിശദീകരിക്കുന്നത്. 2022 സെപ്റ്റംബർ 15 മുതലാണ് കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങിയത്.

റിസോർട്ടിനായി കൈയേറിയ സർക്കാർ പുറമ്പോക്ക് ഭൂമി കലക്ടർ വി.ആർ. കൃഷ്ണതേജ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിന് പട്ടയമുള്ളതിൽ ശേഷിച്ച 2.9397 ഹെക്ടർ സ്ഥലമാണ് കലക്ടർ ഏറ്റെടുത്തത്. തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച റിസോർട്ട് പൊളിക്കുന്നതിന് 2020 ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

35,900 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതിൽ നീന്തൽക്കുളങ്ങൾ ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യവുമുണ്ട്. പൊളിച്ച സാധനങ്ങൾ കൊണ്ടു പോകുന്നതിന് ഉടമകൾ കരാർ നൽകിയിരിക്കുകയാണ്. പൊളിക്കുന്ന അവശിഷ്ടങ്ങൾ റിസോർട്ട് ഉടമകളുടെ നേതൃത്വത്തിൽ തന്നെ നീക്കം ചെയ്യണം. കായലിലേക്ക് വീണും മറ്റും പരിസര മലിനീകരണം പാടില്ലെന്ന് നിർദേശമുണ്ട്.

റിസോർട്ട് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജനസമ്പർക്ക സമിതിയെന്ന സംഘടന കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് മാർച്ച് 28-നുമുൻപ് കാപികോ റിസോർട്ട് പൊളിച്ചുനീക്കണമെന്ന് അന്ത്യശാസനം നൽകിയിരുന്നു.