വിളപ്പിൽശാല: പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിലൂടെ വിൽക്കുന്ന കുപ്രസിദ്ധ കുറ്റവാളിയായ കംപ്യൂട്ടർ വിദഗ്ധനാണ് കരാട്ട ജോണി. മോഷണവും പിടിച്ചുപറിയും പതിവാക്കിയ ഈയാളെ ഗുണ്ടാപട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കരാട്ട ജോണിയെ വിളപ്പിൽശാല പൊലീസ് ആലപ്പുഴയിൽ കെണിയൊരുക്കി പിടികൂടി. പൂവാർ കലാപത്തിലെ മുഖ്യസൂത്രധാരകരിൽ ഒരാളും വധശ്രമം, മോഷണം, പിടിച്ചുപറി, ഭവനഭേദനം, പൊലീസ് ഉദ്യോഗസ്ഥരെ മാരകമായി പരിക്കേൽപ്പിച്ചത് എന്നിവയുൾപ്പെടെയുള്ള കേസുകളിൽ പ്രതിയുമായ കരാട്ടെ ജോണി എന്നറിയപ്പെടുന്ന പൂവാർ, പൊന്നുനട വീട്ടിൽ ജെ.ജോൺസണെ(42)യാണ് വിളപ്പിൽശാല പൊലീസ് പുന്നപ്രയിൽനിന്നു സാഹസികമായി പിടികൂടിയത്.

വിളപ്പിൽശാല ചെറുകോട് സ്വദേശിയായ ഷിജുമോന്റെ ആഡംബരവാഹനം ജോണി വാടകയ്ക്കെടുത്ത് പണയംവെച്ചതിനെത്തുടർന്ന് ഷിജു വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ചെറുകോട് സ്വദേശിയായ ഷിജുമോന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഷിജു തന്റെ സുഹൃത്തായ അനീഷിനാണ് വിവാഹ ആവശ്യത്തിനാണ് ആദ്യം കാർ കൈമാറിയത്. അനീഷ് ഇതു ജോണിയുടെ കൂട്ടാളിയായ അനുരാഗിന് വാടകയ്ക്ക് നൽകി. അനുരാഗ് ഇത് 4.20 ലക്ഷത്തിന് ജോണിക്കു പണയം വച്ചു.

അന്വേഷണത്തിൽ വാഹനം കരാട്ടെ ജോണിയുടെ കൈവശമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ ജോണി വാഹനം തമിഴ്‌നാട്ടിലേക്കുകടത്തി പൊളിച്ചുവിൽക്കാൻ പദ്ധതിയിട്ടു. ഇതു മനസ്സിലാക്കിയ പൊലീസ് തമിഴ്‌നാട്ടിലും വാഹനത്തെ പിന്തുടർന്നതോടെ ജോണി തന്റെ രഹസ്യസങ്കേതമുള്ള ആലപ്പുഴയിലെത്തി. ഇവിടെയും പൊലീസ് ജോണിയെ പിന്തുടർന്നെത്തുകയായിരുന്നു.

കേസിലുൾപ്പെട്ട വാഹനം ഓടിച്ചുപോയ ജോണിയെ വഴിയിൽ തടയാൻ ശ്രമിച്ച പൊലീസിനു നേരേ ഇയാൾ വാഹനമോടിച്ചു കയറ്റാൻ ശ്രമിച്ചു. തുടർന്ന് പുന്നപ്രയിൽ പൊലീസ് റോഡിൽ കൃത്രിമമായി ഗതാഗതക്കുരുക്കുണ്ടാക്കി വാഹനം തടഞ്ഞിട്ട് ജോണിയെ പിടികൂടുകയായിരുന്നു. ഈ നീക്കത്തിന് പുന്നപ്ര പൊലീസിന്റെ സഹായവുമുണ്ടായി. കാറുമായി കടന്ന ജോണിയെ ആലപ്പുഴയിൽ നിന്ന് പൊലീസ് പിടികൂടിയത് സാഹസികമായി പിടികൂടുകയായിരുന്നു.

ജോണിയാണ് കാർ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന ആൾ കടന്നു കളഞ്ഞു. പൂവാർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിലുള്ള ആളാണ് ജോണി. മതസ്പർധ ഉണ്ടാക്കി കലാപം, വധ ശ്രമം , മോഷണം, പൊലീസിനെ ആക്രമിക്കൽ അടക്കം ഒട്ടേറെ കേസുകൾ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനിൽ ഉണ്ടെന്ന് വിളപ്പിൽ ഇൻസ്‌പെക്ടർ എൻ.സുരേഷ് കുമാർ പറഞ്ഞു.

പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിലൂടെ വിൽക്കുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് കരാട്ടെ ജോണി. 2014 ൽ തുമ്പയിലെ ഒരു പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഈ ദിശയിൽ അന്വേഷണം നടത്തിയപ്പോഴാണ് പ്രതി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി 2013 സെപ്റ്റംബർ മുതൽ 2014 മെയ് വരെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതി വിവാഹിതനാണെന്നറിഞ്ഞപ്പോഴാണ് പൊലീസിനെ സമീപിച്ചത്.