കോഴിക്കോട്: കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡില്‍ വാടക വീട്ടിലെ കൊല നാടിനാകെ ഞെട്ടലാകുന്നു. കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡ് പുറത്തണ്ടേരി പറമ്പ് 'പൗര്‍ണമി' വീട്ടില്‍ താമസിക്കുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ പ്രമോദിനെ (62) കാണാനില്ല. സഹോദരിമാരെ കൊന്ന് പ്രമോദ് സ്ഥലം വിട്ടുവെന്നാണ് സൂചന. മൂന്ന് സഹോദരങ്ങളും അവിവാഹിതരാണ്. വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി 62 വയസ്സുവരെ ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്.

കൊല്ലപ്പെട്ടവരുടെ മൃതദേഹം കിടത്തിയിരുന്നത് എല്ലാ ആദരവോടെയും ആയിരുന്നു. മൃതദേഹങ്ങള്‍ വെള്ളത്തുണി പുതപ്പിച്ച് നിലത്തു കിടത്തിയ നിലയിലായിരുന്നു. 2 പേരും ശ്വാസംമുട്ടിയാണു മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ. വിവരം അറിഞ്ഞു പുലര്‍ച്ചെ ബന്ധുക്കളും നാട്ടുകാരും വീട്ടില്‍ എത്തിയപ്പോള്‍ വെള്ളത്തുണി പുതപ്പിച്ചു കിടത്തിയതാണ് കണ്ടത്. പ്രമോദിനെ കണ്ടെത്തിയെങ്കില്‍ മാത്രമേ കാര്യങ്ങളില്‍ വ്യക്തത വരൂ. പ്രായമായ ശ്രീജയ അവശ നിലയിലാണെന്നും പുഷ്പലളിതയ്ക്ക് പ്രായാധിക്യത്തിന്റെ അസുഖങ്ങള്‍ ഉണ്ടെന്നും പ്രമോദ് എല്ലാവരോടും പറഞ്ഞിരുന്നു.

ബന്ധുവിനോട് ശ്രീജയ മരിച്ച വിവരം മാത്രമാണ് ഫോണില്‍ പ്രമോദ് പറഞ്ഞത്. വീടിന്റെ മുന്‍വശം അടച്ചെങ്കിലും താക്കോല്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. 3 വര്‍ഷം മുന്‍പാണ് ഇവര്‍ ഫ്‌ലോറിക്കന്‍ റോഡിലെ വി.ഉണ്ണിക്കൃഷ്ണ മേനോന്റെ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇംഗ്ലിഷ് പള്ളിക്ക് സമീപം മൂലക്കണ്ടിയില്‍ നിന്നു 47 വര്‍ഷം മുന്‍പ് വീട് ഭാഗം ചെയ്താണ് ഇവര്‍ 3 പേരും മലാപ്പറമ്പിലും പിന്നീട് വേങ്ങേരി കണ്ണാടിക്കല്‍ റോഡില്‍ നായര്‍ ബസാറിലും താമസം തുടങ്ങിയത്.

പ്രമോദ് എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കല്‍ ജോലി ചെയ്തിരുന്നു.പിന്നീട് ശ്രീജയക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടില്‍ ഇരുവരെയും ശ്രുശ്രൂഷിക്കുകയായിരുന്നു. ആരോഗ്യ വകുപ്പില്‍ നിന്നു വിരമിച്ച ശ്രീജയയുടെ പെന്‍ഷനാണ് ഏക വരുമാന മാര്‍ഗം. സ്വത്ത് ഭാഗം വച്ചതില്‍ 3 പേര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും അതു ബാങ്കില്‍ ഉണ്ടാകുമെന്നും ബന്ധുക്കള്‍ പറയുന്നു. പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഫറോക്ക് പാലം ജംക്ഷന്‍ വരെ എത്തിയതായി മനസ്സിലായിട്ടുണ്ട്. തുടര്‍ന്നു മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ നഷ്ടമായി. മാസങ്ങള്‍ക്ക് മുന്‍പ് അപകടം പറ്റിയതിനാല്‍ പ്രമോദിന് നടക്കാനും പ്രയാസമുണ്ട്.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ശനി പുലര്‍ച്ചെ അഞ്ചോടെ പ്രമോദ് തന്റെ സുഹൃത്തിനെയും അകന്ന ബന്ധുവായ ശ്രീജിത്തിനെയും വിളിച്ച് ശ്രീജയ മരിച്ചുവെന്ന് അറിയിച്ചിരുന്നു. പ്രായമായതിനാല്‍ സ്വാഭാവിക മരണമെന്നാണ് ഇരുവരും കരുതിയത്. സുഹൃത്ത് എത്തിയപ്പോള്‍ വീട്ടില്‍ ആരെയും കാണാതെ വന്നതിനെ തുടര്‍ന്ന് അയല്‍വാസികളോട് അന്വേഷിച്ചെങ്കിലും അവര്‍ക്കറിയില്ലായിരുന്നു. പിന്നീട് ബന്ധുവായ ശ്രീജിത്ത് എത്തിയപ്പോഴാണ് വീട് തുറുന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശ്രീജിത്തും നാട്ടുകാരും അകത്തുകയറി നോക്കിയപ്പോഴാണ് രണ്ടുമുറികളിലായി ശ്രീജയയെയും പുഷ്പലളിതയെയും വെള്ളത്തുണി പുതപ്പിച്ച് കിടത്തിയിരിക്കുന്നതായി കണ്ടത്. ഇതോടെ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി പ്രമോദിനെ വിളിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മറ്റു രണ്ടു സഹോദരങ്ങളായ വാസന്തി(മൂഴിക്കല്‍), വിവേകാനന്ദന്‍(മീഞ്ചന്ത) എന്നിവരും സ്ഥലത്തെത്തി.

ശ്രീജയ ബീച്ച് ആശുപത്രിയില്‍നിന്ന് ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ജോലിചെയ്ത് വിരമിച്ചയാളായിരുന്നു. സാമ്പത്തിക പ്രശ്നം പ്രമോദിനെ അലട്ടിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കുറച്ചുനാള്‍ ഇയാള്‍ ലോട്ടറി കച്ചവടം നടത്തിയിരുന്നു.