- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂപരിഷ്‌കരണ നിയമപ്രകാരം കമ്പനിക്കു കൈവശം വയ്ക്കാവുന്നത് 15 ഏക്കർ; പരിധി വിട്ട് 75 കോടിയുടെ തൃക്കുന്നത്തുപുഴയിലെ കണ്ണായ ഭൂമി കർത്തയ്ക്ക് വേണം; സിപിഎം അനുകൂലം; കൊടുക്കില്ലെന്ന് സിപിഐ മന്ത്രി; വീണ്ടും കരിമണൽ വിവാദം
കൊല്ലം : മാസപ്പടി വിവാദത്തിൽപ്പെട്ട കരിമണൽ കമ്പനിക്കു ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകൾ മറികടന്നു കോടികൾ വില മതിക്കുന്ന ഭൂമി കൈവശം വയ്ക്കാൻ അനുവാദം നൽകാനുള്ള ശുപാർശ വിവാദത്തിൽ. അതിനിടെ ഈ നീക്കത്തിന് സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പ് തടയിടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും വീണയുടെ കമ്പനി എക്‌സാലോജിക്കിനും സിഎംആർഎൽ കമ്പനി 1.72 കോടി രൂപ നൽകിയെന്ന വിവാദത്തിനു പിന്നാലെയാണ് 'ഭൂമിദാന' നീക്കവും പുറത്തായത്.
ഭൂപരിഷ്‌കരണ നിയമപ്രകാരം കമ്പനിക്കു കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. വാങ്ങിയ ആവശ്യത്തിനു നിശ്ചിത കാലയളവിനുള്ളിൽ ഭൂമി വിനിയോഗിച്ചില്ലെങ്കിൽ കൂടുതലുള്ള ഭൂമി സർക്കാരിന് ഏറ്റെടുക്കാം. എന്നാൽ സർക്കാർ ഉത്തരവുണ്ടെങ്കിൽ ഈ നിയമം മറികടക്കാം. ഇതിനുള്ള ശ്രമമാണ് കരമണൽ കമ്പനി നടത്തിയത്. ഇതിന് എല്ലാ അർത്ഥത്തിലും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അനുകൂല നീക്കവുമുണ്ടായി. ഇതാണ് അഴിമതിയുടെ സാധ്യതകൾ ചർച്ചയാക്കുന്നത്.
പരിധിയിലധികം ഭൂമി കൈവശം വയ്ക്കാൻ അനുവദിക്കേണ്ടതില്ലെന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിപിഐയുടെ റവന്യു മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കരിമണൽ കമ്പനിയുടെ ആവശ്യത്തിനായുള്ള ഫയലിൽ എഴുതിയിട്ടും രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും കമ്പനിയെ സഹായിക്കാൻ നീക്കം നടന്നുവെന്നതാണ് വസ്തുത. രണ്ടാം വെർഷനിലും സിപിഐ മന്ത്രി ഉടക്കിടുകയാണ്. ഇതോടെ നീക്കം ഏതാണ്ട് പൊളിഞ്ഞു. അതിനിടെയാണ് വിഷയം വാർത്തയായി മാറുന്നതും. അതുകൊണ്ട് തന്നെ മാസപ്പടി ചർച്ചകളുടെ കാലത്ത് കാലത്ത് ഇത് പുതിയ തലത്തിൽ ചർച്ചയാകും.
സിഎംആർഎൽ കമ്പനി രൂപീകരിച്ച കേരള റെയർ എർത്സ് ആൻഡ് മിനറൽസ് ലിമിറ്റഡിന് (കെആർഇഎംഎൽ) ആലപ്പുഴ തൃക്കുന്നപ്പുഴയിലുള്ള 51 ഏക്കർ (20.84 ഹെക്ടർ) ഭൂമി കൈവശം വയ്ക്കാൻ ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവു തേടിയാണു കമ്പനി സർക്കാരിനെ സമീപിച്ചത്. ഈ ഭൂമിക്ക് 75 കോടിയെങ്കിലും വില വരും. നിയമ പ്രകാരം ഈ വസ്തു സർക്കാരിന് ഏറ്റെടുക്കാം. ഇതൊഴിവാക്കാനാണ് അണിയറയിൽ നീക്കം നടന്നത്. കർത്തയുടേതാണ് സിഎംആർഎൽ കമ്പനി.
കരിമണൽ വ്യവസായ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനാണ് കെആർഇഎംഎൽ തൃക്കുന്നപ്പുഴയിൽ 20.84 ഹെക്ടറും ആറാട്ടുപുഴയിൽ 3.67 ഹെക്ടറും ഭൂമി വാങ്ങിയത്. കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളൂവെന്നു കേന്ദ്രനിയമത്തിൽ ഭേദഗതി വന്നതോടെ പദ്ധതി നടക്കാതെ പോയി. തുടർന്നാണു തൃക്കുന്നപ്പുഴയിലെ ഭൂമിക്ക് ഇളവ് ആവശ്യപ്പെട്ടു 2019 മേയിൽ സർക്കാരിനെ സമീപിച്ചത്. കലക്ടർ ചെയർമാനായ ജില്ലാതല സമിതി ഇളവിനു ശുപാർശ ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി 2021 മേയിൽ റവന്യു വകുപ്പ് അപേക്ഷ നിരസിച്ചു. ഈ ഫയലിൽ അന്നത്തെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകും ഒപ്പിട്ടു.
രണ്ടാം പിണറായി സർക്കാർ വന്നതോടെ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രി പി.രാജീവിനും കമ്പനി വീണ്ടും അപേക്ഷ നൽകി. പിന്നാലെ, ജില്ലാതല സമിതി 2022 ജൂൺ 15 ന് യോഗം ചേർന്ന് ഇളവു നൽകാൻ ശുപാർശ ചെയ്തു. ലാൻഡ് ബോർഡിൽ കേസ് നിലവിലുള്ളത് ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി റവന്യു വകുപ്പു രണ്ടാം നീക്കത്തിനും തടയിട്ടുവെന്നാണ് മനോരമ വാർത്ത. രേഖകൾ സഹിതമാണ് ഈ വാർത്ത. അതുകൊണ്ട് തന്നെ കരിമണൽ കമ്പനിക്ക് വസ്തു നൽകാൻ നീക്കം നടന്നുവെന്ന് വ്യക്തം.
കൈവശം വയ്ക്കാവുന്നത് 15 ഏക്കർ മാത്രമാണെങ്കിലും പൊതുതാൽപര്യം മുൻനിർത്തി സർക്കാരിന് ഇളവ് അനുവദിക്കാമെന്ന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കെആർഇഎംഎലിന്റെ അപേക്ഷ. പരിധിക്കു മുകളിൽ വരുന്ന ഓരോ ഏക്കറിനും 10 കോടി രൂപ വീതം നിക്ഷേപം നിർബന്ധമാക്കണമെന്നും 20 വീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നുമാണു വ്യവസ്ഥ. പരിധിയിലധികം ഭൂമി കൈവശം വച്ചാൽ അതുസംബന്ധിച്ചു 3 മാസത്തിനകം ലാൻഡ് ബോർഡിൽ റിട്ടേൺ ഫയൽ ചെയ്യണം. ഇതു സംബന്ധിച്ചാണു ലാൻഡ് ബോർഡിൽ കേസ് നിലവിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ