- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരീക്ഷക സംഘം രേഖപ്പെടുത്തിയ എംഎൽഎമാരുടെ 'വോട്ടുകൾ' ഹൈക്കമാൻഡിന്റെ ടേബിളിൽ; രാജസ്ഥാനിലും ഛത്തിസ്ഗഡിലും പാളിയ 'ഫോർമുല' കർണാടകത്തിൽ പരീക്ഷിക്കില്ല; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി പാർട്ടിയെ നയിക്കുക ഡി.കെ.ശിവകുമാറോ? പ്രഖ്യാപനം ഇന്ന് രാത്രിയോടെ; സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന
ന്യൂഡൽഹി: കർണാടക നിയമസഭയിൽ കേവലഭൂരിപക്ഷം നേടി കോൺഗ്രസിന്റെ മിന്നും ജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും രംഗത്ത് വന്നതോടെ ഇരുവരെയും സമവായത്തിലെത്തിച്ച് തീരുമാനം ഇന്നു രാത്രി എഐസിസി പ്രഖ്യാപിക്കും. തീരുമാനത്തിന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം ഇന്നലെ നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കിയിരുന്നു.
രാഹുൽ ഗാന്ധിയുമായി ഇന്നു ഡൽഹിയിൽ ചർച്ച നടത്തിയശേഷമാകും പ്രഖ്യാപനം. ഡൽഹിയിൽ തിരിച്ചെത്തിയ ഖർഗെ ഇന്നലെത്തന്നെ സോണിയ ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തി. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണു നിലവിലെ തീരുമാനം.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി എംഎൽഎമാരുടെ അഭിപ്രായം തേടാൻ ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷക സംഘം വിവരങ്ങൾ ശേഖരിച്ച ശേഷം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവായി ഓരോ എംഎൽഎമാരും നിർദ്ദേശിക്കുന്ന ആളുടെ പേര് വോട്ടായി തന്നെ നിരീക്ഷക സംഘം ഞായറാഴ്ച രേഖപ്പെടുത്തിയെന്നാണ് വിവരം. നിരീക്ഷകർ സമാഹരിച്ച എംഎൽഎമാരുടെ വോട്ടുകൾ ഹൈക്കമാൻഡ് പരിശോധിക്കും. നിരീക്ഷക സംഘം തങ്ങളുടെ റിപ്പോർട്ട് ഖാർഗെ, സോണിയ, രാഹുൽ, പ്രിയങ്ക തുടങ്ങിയവരുടെ മുന്നിൽ വെച്ച ശേഷം ചർച്ചകൾ നടത്തും.
ഇതിന് ശേഷമായിരിക്കും ഡി.കെ.ശിവകുമാറിനേയും സിദ്ധരാമയ്യയേയും നേതൃത്വം ഔദ്യോഗികമായി ഡൽഹിയിലേക്ക് വിളിപ്പിക്കുക. ക്ഷണിച്ചാലുടൻ ഡൽഹിയിലേക്ക് പുറപ്പെടാൻ ഇരുനേതാക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബറിയ, ജിതേന്ദ്ര സിങ് അൽവാർ എന്നിവരെയാണ് ഹൈക്കമാൻഡ് നിരീക്ഷകരായി നിയോഗിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ മുതിർന്ന നേതാവ് സിദ്ധരാമയ്യക്കാണെന്ന് സൂചന. എന്നാൽ അപ്പോഴും ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ് പോയ കോൺഗ്രസ് എന്ന സംഘടനെ വീണ്ടെടുത്ത് തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച ഡികെ ശിവകുമാർ എന്ന കരുത്തനായ നേതാവിന് അവഗണിക്കാൻ കോൺഗ്രസിന് കഴിയില്ല.
സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തുമെന്നാണ് സൂചന. വൈകീട്ട് 3.30 ഓടെ ഇരുവരും ഹൈക്കമാൻഡിനെ കണ്ടേക്കും. ആര് മുഖ്യമന്ത്രിയാവണം എന്നതിൽ ഞായറാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമായിരുന്നില്ല.
സിദ്ധരാമയ്യ ഇന്നു വൈകിട്ട് ഡൽഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എന്നാൽ ഡൽഹിയിൽ പോകണോ എന്നു തീരുമാനിച്ചിട്ടില്ലെന്നാണ് ശിവകുമാറിന്റെ പ്രതികരണം. ബെംഗളൂരുവിലെ ഹോട്ടലിൽ ഡി.കെ.ശിവകുമാർ എംഎൽഎമാരുമായി ചർച്ച നടത്തുന്നുണ്ട്.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം പിരിയുകയായിരുന്നു. തീരുമാനത്തിനു ഖർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം സിദ്ധരാമയ്യയാണ് അവതരിപ്പിച്ചത്. സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും അനുയായികൾ യോഗസ്ഥലത്തിനു പുറത്തു വെവ്വേറെ പ്രകടനം നടത്തി.
ജനകീയതയും പ്രായവും കണക്കിലെടുത്തു സിദ്ധരാമയ്യയെ (75) മുഖ്യമന്ത്രിയാക്കാനാണു സാധ്യതയെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാനായി ശിവകുമാർ (60) തൽക്കാലം പിസിസി പ്രസിഡന്റായി തുടരുന്നതാണ് ഉചിതമെന്നും വിലയിരുത്തലുണ്ട്. ഇരുനേതാക്കൾക്കും സ്വീകാര്യമായ തീരുമാനത്തിനാണു നേതൃത്വം ശ്രമിക്കുന്നത്.
ഇതിനിടെ ഡി.കെ.ശിവകുമാറിനേയും സിദ്ധരാമയ്യയേയും പിന്തുണച്ച് അവരുടെ വസതികളിൽ പ്രവർത്തകർ ഇന്ന് രാവിലെയും തടിച്ചുകൂടിയിട്ടുണ്ട്. വസതിയിലെത്തിയ പ്രവർത്തകരുടെ പൂമാല സ്വീകരിച്ച ശേഷം ശിവകുമാർ എംഎൽഎമാരെ കാണാനായി ബെംഗളൂരുവിലെ ഹോട്ടലിലെത്തി.
ശിവകുമാറിന് ഇപ്പോൾ ഉപമുഖ്യമന്ത്രിപദവും രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രിപദവും നൽകുന്നതു പരിഗണനയിലുണ്ടെങ്കിലും രാജസ്ഥാനിലും (മുഖ്യമന്ത്രി അശോക് ഗെലോട്ട് സച്ചിൻ പൈലറ്റ്) ഛത്തിസ്ഗഡിലും (മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ടി.എസ്.സിങ് ദേവ്) ഈ ഫോർമുല നേതാക്കൾ തമ്മിലുള്ള പോരിനു വഴിവച്ചതു നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. സാമുദായികപ്രാതിനിധ്യം ഉറപ്പാക്കിയായിരിക്കും ഉപമുഖ്യമന്ത്രിയെ തീരുമാനിക്കുക.
മറുനാടന് മലയാളി ബ്യൂറോ