- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി സ്ഥാനത്തിനായി നിലപാട് കടുപ്പിച്ച് ഡി.കെ.ശിവകുമാർ; വീതംവയ്പ് എങ്കിൽ ആദ്യ ടേം തന്നെ ലഭിക്കണം; സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ നിർത്തിവച്ചു; മടക്കയാത്ര റദ്ദാക്കി സിദ്ധരാമയ്യ; പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ല; മുഖ്യമന്ത്രി ആരെന്ന് ഖാർഗെ പറയുമെന്നും ഡികെ
ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ദിവസങ്ങൾ നീണ്ട ചർച്ചകൾ നടത്തിയിട്ടും അനിശ്ചിതത്വം തുടരുന്നു. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറയുമെന്നുമാണ് ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാൻ കഴിയില്ലെന്ന കടുത്ത നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാൻഡിനും പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ വന്നിരിക്കുന്നത്. തീരുമാനം വരാത്ത സാഹചര്യത്തിൽ നേതാക്കൾ ഡൽഹിയിൽ തന്നെ തുടരാനാണ് തീരുമാനം.
നാളെ സത്യപ്രതിജ്ഞയുണ്ടാകില്ലെന്ന വ്യക്തമായതോടെ ബംഗളൂരുവിൽ നടന്ന ഒരുക്കങ്ങൾ നിർത്തിവച്ചു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു സത്യാപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരുന്നത്. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങി.
മുഖ്യമന്ത്രിപദത്തിൽ വീതംവയ്പ് ഫോർമുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡികെ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുമായി ചർച്ചയ്ക്കുശേഷം മടങ്ങി. വീതംവയ്പാണെങ്കിൽ ആദ്യ ടേം തന്നെ ലഭിക്കണമെന്ന ആവശ്യവും ശിവകുമാർ ഉന്നയിച്ചു. സോണിയ ഗാന്ധിയും ഓൺലൈനായി ചർച്ചകളിൽ പങ്കെടുത്തതായാണ് വിവരം.
സിദ്ധരാമയ്യ ഇന്നു വൈകിട്ട് ബെംഗളൂരുവിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും യാത്ര റദ്ദാക്കി. അന്തിമതീരുമാനം വരുന്നതുവരെ നേതാക്കൾ ഡൽഹിയിൽ തുടരും.
രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിങ് സുർജേവാല വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സുർജേവാല പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് സുർജെവാല മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിച്ചത്. വാർത്തകൾ പ്രചരിച്ചതോടെ സിദ്ധരാമയ്യയെ അനുകൂലിക്കുന്നവർ ബെംഗളൂരുവിൽ ആഘോഷം തുടങ്ങിയിരുന്നു
അടുത്ത 48 - 72 മണിക്കൂറിനുള്ളിൽ മന്ത്രിസഭ നിലവിൽ വരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല പറഞ്ഞു. മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'കർണാടകയിൽ മുഖ്യമന്ത്രി ആര് എന്ന് ഇന്നല്ലെങ്കിൽ വ്യാഴാഴ്ച പ്രഖ്യാപിക്കും. 72 മണിക്കൂറിനുള്ളിൽ മന്ത്രിസഭ രൂപവത്കരിക്കും'- അദ്ദേഹം പറഞ്ഞു.
ടേം വ്യവസ്ഥയിലായിരിക്കും കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കുക എന്നും ആദ്യം സിദ്ധരാമയ്യയും ശേഷം ഡികെ ശിവകുമാറും ആയിരിക്കും എന്ന വാർത്തകളാണ് പ്രചരിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകൾക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.
ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആദ്യം പുറത്തുവന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഫോർമുല. ഇത് അംഗീകരിക്കാതിരുന്ന ഡി.കെയ്ക്ക് മുമ്പിൽ വൻ ഓഫറുകളും നേതൃത്വം മുന്നോട്ട് വെച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഉപമുഖ്യമന്ത്രി സ്ഥാനം, ആറ് പ്രധാന വകുപ്പുകൾ അടക്കം ഡി.കെയ്ക്ക് മുമ്പിൽ നേതൃത്വം വെച്ചു. എന്നാൽ ഇതിനിടെ ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും എന്നുള്ള സൂചനകളും പുറത്തുവന്നിരുന്നു. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ട്, ഈ വ്യവസ്ഥകൾ ഡി.കെ. തള്ളിക്കളഞ്ഞു എന്നാണ്. ഒരു ഉപമുഖ്യമന്ത്രി ആണെങ്കിൽ മാത്രമേ സ്വീകരിക്കൂ എന്ന നിലപാടിലാണ് ഡി.കെ. എന്നാണ് റിപ്പോർട്ട്.
കൂടാതെ ആഭ്യന്തരം വേണമെന്നും രണ്ടുവർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറും എന്ന് പരസ്യമായിത്തന്നെ പ്രഖ്യാപിക്കുകയും വേണമെന്ന് ഡി.കെ. ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ പുറത്തുകേൾക്കുന്നതൊക്കെ വെറും ഊഹാപോഹങ്ങളാണെന്നും ഇതുവരെ കേട്ടതൊന്നും സത്യമല്ലെന്നും വ്യക്തമാക്കി ഡി.കെ തന്നെ രംഗത്തെത്തിയത് എതിർക്യാമ്പിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
കർണാടകയിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നും അതിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം കോൺഗ്രസ് നേതൃത്വം തള്ളി. കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഡികെ ക്യാമ്പ് അറിയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ