- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹനുമാൻ പതാക നീക്കം ചെയ്തതോടെ പച്ചക്കൊടിയും മാറ്റണം; സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കർണാടകയിൽ സംഘർഷാന്തരീക്ഷം; പതാക വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കുത്തിത്തിരിപ്പ് വിവാദമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു : കർണാടകയിലെ കോൺഗ്രസ് സർക്കാറിനും ബിജെപിക്കും ഹൈന്ദവ സംഘടനകൾക്കിടയിൽ പുതിയ സംഘർഷം. മാണ്ഡ്യയിൽ ഹനുമാൻ പതാക നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ കർണാടക സംസ്ഥാനം മുഴുവനും കത്തിപ്പടർന്നുകൊണ്ടിരിക്കുന്നത്.
മാണ്ഡ്യ ജില്ലയിലെ പൊതുസ്ഥലത്ത് പുതുതായി സ്ഥാപിച്ച ഹനുമാൻ പതാക അധികൃതർ നീക്കം ചെയ്തതിന് പിന്നാലെയാണ് വിവാദവും സംഘർഷവും ആരംഭിച്ചത്. ഇതിനിടയിൽ ഹനുമാൻ പതാകക്ക് പകരമായി നഗരത്തിലെ ചിലയിടങ്ങളിൽ പച്ചക്കൊടി സ്ഥാപിച്ചതും പ്രകോപനത്തിന് കാരണമായി മാറി.
ചിക്കബെല്ലാപൂർ നഗരത്തിലെ ദൊഡ്ഡഭജമേ മാനെ പ്രദേശത്തിന് സമീപത്ത് സ്ഥാപിച്ച കൊടിമരത്തിലാണ് പച്ചക്കൊടി ഉയർത്തിയത്.ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ അധികൃതർ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. കോലാർ നഗരത്തിലെ അതിപ്രശസ്തമായ ക്ലോക്ക് ടവറിൽ സ്ഥാപിച്ചിട്ടുള്ള അർദ്ധ ചന്ദ്രനും നക്ഷത്ര ഘടനയും നീക്കം ചെയ്യണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. കുടക്-മൈസൂരു ബിജെപി എംപി പ്രതാപ് സിംഹയും മൈസൂരു നഗരത്തിലെ പച്ചക്കൊടി എല്ലാം അഴിച്ചു മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
പ്രതാപ് സിംഹയുടെ പ്രതികരണം ഇങ്ങനെ..
''മൈസൂരു നഗരത്തിലെ കൈലാസപുരത്ത് അംബേദ്കർ പാർക്കിന് സമീപം പച്ചക്കൊടി കാണുന്നില്ലേ? എന്തുകൊണ്ടാണ് നിങ്ങൾ ഒരു പതാക നീക്കം ചെയ്തിട്ട് മറ്റൊന്ന് ഇവിടെ വയ്ക്കാൻ അനുവദിച്ചത്? ' പ്രതാപ് സിംഹാസ ചോദിച്ചു..
അതേസമയം ബംഗളൂരുവിലെ ശിവാജിനഗറിലെ ചാന്ദ്നി ചൗക്കിൽ ഉണ്ടായിരുന്ന പച്ചക്കൊടി എടുത്തു മാറ്റി അധികൃതർ ദേശീയ പതാക ഉയർത്തി. ജില്ലയിൽ ഇന്ന് മുതൽ മാണ്ഡ്യയിൽ ഹനുമ ധ്വജ് പ്രചാരണം ആരംഭിക്കുമെന്ന് ബജ്റംഗ്ദൾ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തുടനീളം കാവിക്കൊടി പ്രചാരണം നടത്തുമെന്നും എല്ലാ വീടുകളിലും പതാകകൾ ഉയർത്തുമെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘപ്രവർത്തകരുടെ വീടുകളിൽ കാവിക്കൊടി ഉയർന്നു തുടങ്ങി.
ഹനുമാൻ പതാക നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 7 ന് മാണ്ഡ്യയിൽ ബന്ദിന് സമാന മനസ്കര വേദികെ ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി ഘടകം നേരത്തെ തന്നെ സംസ്ഥാന വ്യാപകമായി വിഷയവുമായി ബന്ധപ്പെട്ട ബന്ദ് ആചരിച്ചിരുന്നെങ്കിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി വിവാദത്തിന് വഴിവച്ച മാണ്ഡ്യ ജില്ലയിലെ കേരഗോഡു ഗ്രാമത്തിൽ 200 ലധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഗ്രാമത്തിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ തുടരും. കൊടികളുടെ പേരിൽ സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും വികസനം തടസ്സപ്പെടുത്തുന്ന ആൾക്കാരുമായി സന്ധിയില്ല എന്ന തീരുമാനത്തിലാണ് കർണാടക സർക്കാർ. മാത്രമല്ല ലോകസഭ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള കരുതിക്കൂട്ടിയുള്ള വിവാദമാണെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത് .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്