- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകർപ്പവകാശ പരാതി ഉയർന്ന വീഡിയോകൾ പിൻവലിച്ചു; ഭാരത് ജോഡോ യാത്രയുടെയും കോൺഗ്രസ്സിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി; കോൺഗ്രസ്സ് ഹർജ്ജി സമർപ്പിച്ചത് സിവിൽ കോടതി ഉത്തരവ് ഏകപക്ഷീയമാണെന്ന് ആരോപിച്ച്; ഹൈക്കോടതി ഇടപെടലിൽ കോൺഗ്രസിന് ആശ്വാസം
ബെംഗളൂരു: കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. പകർപ്പവകാശ പരാതി ഉയർന്ന വീഡിയോകൾ പിൻവലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം, കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടർന്നാണ് കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ സിവിൽ കോടതി ഉത്തരവിട്ടത്.
ഇതിന് പിന്നാലെ സിവിൽ കോടതി ഉത്തരവ് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. സിവിൽ കോടതി ഉത്തരവ് ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.അനീതിയാണ് നടന്നതെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.ഈ ഹർജ്ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഡിയോകളിൽ പകർപ്പവകാശം ലംഘിച്ച് കന്നഡ സിനിമയായ കെജിഎഫ് ടുവിൽനിന്നുള്ള സംഗീതം ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിലാണ് സിവിൽ കോടതി അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചത്.കെജിഎഫ് ടുവിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരു ആസ്ഥാനമായുള്ള എംആർടി മ്യൂസിക് യശ്വന്ത്പുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെയാണ് പരാതി.കെജിഎഫിലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്.പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.വൻ തുക നൽകിയാണ് കെജിഎഫ് ടുവിന്റെ ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയതെന്നു കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു.
നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത്, ഗാനങ്ങൾ പാർട്ടിയുടേതാണെന്നു തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എംആർടി മ്യൂസിക്കിന്റെ അഭിഭാഷകൻ പറഞ്ഞു.പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നു കമ്പനി ചൂണ്ടിക്കാട്ടി.
'എംആർടി മ്യൂസിക്കിനു പകർപ്പവകാശമുള്ള ഗാനമാണ് നിയമവിരുദ്ധമായി ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. കെജിഎഫ് ടുവിന്റെ ഹിന്ദി പതിപ്പിലെ ഗാനം നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത് അത് പാർട്ടിയുടേതാണെന്നു തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ ലോഗോയും ഇതേ വിഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല, ഈ വിഡിയോ സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയെല്ലാം പ്രചരിപ്പിക്കുകയും ചെയ്തു' എംആർടി മ്യൂസിക്കിന്റെ അഭിഭാഷകൻ നരസിംഹൻ സമ്പത്ത് ചൂണ്ടിക്കാട്ടി.
''ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ ഈ നടപടി നിയമവ്യവസ്ഥയോടും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയോടുമുള്ള അവരുടെ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. അതേസമയം തന്നെയാണ് സാധാരണക്കാർക്കും വ്യവസായ സംരംഭങ്ങൾക്കുമെല്ലാം നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് രാജ്യം ഭരിക്കാൻ ഇതേ യാത്രയിലൂടെ അവർ അവസരം തേടുന്നത്' അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പ്രവേശിച്ചു. ദേഗ്ലൂർ കലാമന്ദിരത്തിലെ ഛത്രപതി ശിവാജി മഹാരാജ് ശിൽപത്തിന് സമീപത്തുവെച്ച് മഹാരാഷ്ട്രയിലെ നേതാക്കൾ ഭാരത് ജോഡോ യാത്രയെ വരവേറ്റു. അറുപത് ദിവസം കൊണ്ട് 1,500 കിലോമീറ്ററും അഞ്ചു സംസ്ഥാനങ്ങളും പിന്നിട്ടാണ് യാത്ര മഹാരാഷ്ട്രയിൽ എത്തിച്ചേർന്നത്. പതിനായിരങ്ങളാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഐക്യമുന്നേറ്റ യാത്രയിൽ അണിചേരുന്നത്. 3500 ലേറെ കിലോമീറ്ററുകൾ താണ്ടുന്ന പദയാത്ര കശ്മീരിൽ സമാപിക്കും.
മറുനാടന് മലയാളി ബ്യൂറോ