കൊച്ചി: ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സിയുടെ മറവില്‍ പല ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ അറസ്‌റിലായത് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വൈറല്‍ താരം. പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക പ്രദീപാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. പതിനായിരത്തിലധികം പേരാണ് കാര്‍ത്തികയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളാ ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ വിഡിയോസും റീല്‍സുമായി നിറഞ്ഞ് നില്‍ക്കുന്ന വൈറല്‍ താരമാണ് കാര്‍ത്തിക. ജോലി ഡോക്ടറാണെന്ന് പറഞ്ഞ് തട്ടിച്ചത് കോടികളാണ്. കഴിഞ്ഞ ദിവസമാണ് കാര്‍ത്തിക പ്രദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സിയുടെ സിഇഒ ആയിരുന്നു കാര്‍ത്തിക പ്രദീപ്. പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു തൃശൂര്‍ സ്വദേശിനിയുടെ പരാതി. ഈ പരാതിയില്‍ എല്ലാ കരുതലും എടുത്താണ് കാര്‍ത്തികയെ പോലീസ് അറസ്റ്റു ചെയ്തത്. ഈ വര്‍ഷം മാര്‍ച്ചിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തൃശൂര്‍ കരളം സ്വദേശി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ആഗസ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പല തവണകളായാണ് പ്രതി അപര്‍ണയുടെ കയ്യില്‍ നിന്നും പണം കൈപ്പറ്റുന്നത്. യു കെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി തരപ്പെടുത്തിയ നല്‍കാമെന്ന് പറഞ്ഞ് 5,23,000 രൂപയാണ് തട്ടിയത്. സമാനമായ രീതിയില്‍ നിരവധി ഉദ്യോഗാര്‍ത്ഥികളെയാണ് പ്രതി കബളിപ്പിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അപര്‍ണയുടെ പരാതിയില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു മാസത്തിലേറെയായി കാര്‍ത്തിക ഒളിവിലായിരുന്നു. 'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. പല ജില്ലകളില്‍ നിന്നും നിരവധി ഉദ്യോഗാര്‍ത്ഥികളാണ് കാര്‍ത്തികയുടെ മോഹ വാഗ്ദാനത്തില്‍ വീണത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പോലീസ് അറസ്റ്റിലേക്ക് നീങ്ങി. രക്ഷപ്പെടാന്‍ ഒരു പഴുതും നല്‍കിയില്ല. അപ്രതീക്ഷിത നീക്കത്തില്‍ കാര്‍ത്തിക അറസ്റ്റിലാവുകയും ചെയ്തു.

മൂന്ന് മുതല്‍ എട്ട് ലക്ഷംവരെയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയത്. തട്ടിയെടുത്ത പണം കാര്‍ത്തിക ആഢംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചത്. കാര്‍ത്തിക പ്രദീപിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട് നിന്നാണ് അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇവര്‍ തൃശൂരിലാണ് താമസിക്കുന്നത്. യുകെ, ഓസ്‌ട്രേലിയ, ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടി. യുക്രെയിനില്‍ ഡോക്ടറാണ് എന്ന് പറഞ്ഞായിരുന്നു കാര്‍ത്തികയുടെ തട്ടിപ്പ്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. മൂന്ന് മുതല്‍ എട്ട് ലക്ഷംവരെയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങിയത്. പണം തിരികെ ചോദിച്ചതോടെ കൊച്ചിയിലെ ഓഫിസ് പൂട്ടി കഴിഞ്ഞ മാസം കാര്‍ത്തിക മുങ്ങി. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാര്‍ പറയുന്നു. ഇന്നലെ രാത്രി കാര്‍ത്തികയെ കൊച്ചിയില്‍ എത്തിച്ചു. ഇതിന് ശേഷം വിശദമായി ചോദ്യം ചെയ്തു. ഇതോടെ തട്ടിപ്പിന്റെ കണാപ്പുറങ്ങള്‍ പുറത്തായി. പണവും രേഖകളും നല്‍കിയതിന് ശേഷം ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചത്. താന്‍ യുക്രെയിനില്‍ ഡോക്ടറാണെന്നാണ് കാര്‍ത്തിക അവകാശപ്പെടുന്നത്. ഇവരുടെ സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍ നിന്നായി വാങ്ങിയതെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് ജോണ്‍ പറഞ്ഞു. അഞ്ച് കേസുകളാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കാര്‍ത്തികയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ടെന്നാണ് വിവരം. ഇവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

2022ലും കാര്‍ത്തികക്കെതിരെ സമാനമായ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെ പ്രതി ഭീഷണിപ്പെടുത്തിയതായും തട്ടിപ്പിനിരയായവര്‍ പരാതിപ്പെട്ടിരുന്നു. കാര്‍ത്തികയുടെ വെല്ലുവിളിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. 'അതെ പറ്റിച്ച് ജീവിക്കുകയാണ്, എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്. മേലാല്‍ ഇങ്ങനെയുള്ള ..... വര്‍ത്തമാനവുമായി മെസ്സേജ് അയച്ചേക്കരുത്'. ഇങ്ങനെ നിരവധി സന്ദേശങ്ങളും, കോള്‍ റെക്കോര്‍ഡുകളുമാണ് തട്ടിപ്പിനിരയായ ഉദ്യോഗാര്‍ത്ഥികളുടെ പക്കലുള്ളത്. 'അതെ ഞാന്‍ പറ്റിക്കാന്‍ വേണ്ടിയിട്ടാണ്, എന്തെ താന്‍ കൂടുന്നുണ്ടോ ?. വായോ ഞാന്‍ സ്ഥലം പറഞ്ഞ് തരാം. ഉണ്ടാക്കാന്‍ വേണ്ടിയിട്ട് നില്‍ക്കരുത്. ഇത്രയും നാള്‍ ഞാന്‍ പ്രതികരിക്കില്ലെന്ന് വെച്ച് എന്റെ മേല്‍ക്ക് @@@കൊണ്ട് വന്നാലുണ്ടല്ലോ, ഏതവനായാലും പറയാനുള്ളത് ഞാന്‍ @@അടിച്ച് തന്നെ തരും'. ഇത് മറ്റൊരു ശബ്ദ സന്ദേശമായിരുന്നു. പണവും സ്വാധീനവുമുള്ളതിനാല്‍ തന്നെ ആര്‍ക്കും തൊടാനാവില്ല എന്ന അഹങ്കാരം കൂടിയുണ്ടായിരുന്നു ഈ വെല്ലുവിളികളില്‍ വ്യക്തമായത്. പക്ഷെ കാര്‍ത്തിക പോലീസിന്റെ പിടിയിലായി. ഡോക്ടറാണെന്നാണ് കാര്‍ത്തിക പറയുന്നത്. പോലീസിനോടും ഇതേ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. യുക്രെയിനില്‍ നിന്നും എംബിബിഎസ് എടുത്തുവെന്നാണ് പറയുന്നത്. രണ്ട് ആശുപത്രികളില്‍ ജോലി ചെയ്തുവെന്നും പറയുന്നു. എന്നാല്‍ യുക്രെയിനില്‍ കാര്‍ത്തിക പഠനം പൂര്‍ത്തിയാക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ത്തികയുടെ എംബിബിഎസ് പോലീസ് അന്വേഷണ വിധേയമാക്കും.

വ്യാജമാണ് ഡോക്ടര്‍ അവകാശ വാദമെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ വകുപ്പുകളും കേസുകളും വരും. ഇപ്പോഴത്തെ തട്ടിപ്പ് കേസിനേക്കാള്‍ ഗൗരവമുള്ള കുറ്റകൃത്യമായി ഇത് മാറും. അര്‍മേനിയയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബിഗ് വിങ്സ് എന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ പാര്‍ട്ണര്‍ ആണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലായിരുന്നു ഫറോഖ് സ്റ്റേഷനില്‍ 2022ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിരവധി പേരാണ് അന്ന് തട്ടിയിപ്പിനിരയായത്. വെറും 7 ദിവസം കൊണ്ട് ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. കാര്‍ത്തികയുടെ തട്ടിപ്പ് ആദ്യം പുറത്തു കൊണ്ടു വന്നത് മറുനാടന്‍ മലയാളിയാണ്. ഈ വാര്‍ത്ത വന്നതോടെയാണ് അന്വേഷണം പുതിയ തലത്തിലെത്തി. കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും നടപടികളൊന്നും എടുത്തിരുന്നില്ല. മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന് കാര്‍ത്തിക പ്രതിസന്ധിയിലായി. മറുനാടനില്‍ ഫോണ്‍ വിളിച്ച് ഭീഷണിയും ഉയര്‍ത്തി. മറുനാടനെതിരെ കേസ് കൊടുക്കുമെന്നായിരുന്നു വെല്ലുവിളി. ഇതിനിടെയാണ് പോലീസ് കാര്‍ത്തികയുടെ ഒളിയടം കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും.