- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ ബാങ്ക് ഇ ഡി നടപടി തുടരുമ്പോഴും നിക്ഷേപകർ ഇപ്പോഴും ദുരിതത്തിൽ; ലക്ഷം രൂപ നിക്ഷേപമുള്ളപ്പോഴും ചികിത്സയ്ക്കു ബുദ്ധിമുട്ടി കുടുംബം; നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടു രണ്ട് മാസം മുമ്പ് ബാങ്കിനെ സമീപിച്ചപ്പോൾ പഞ്ഞത് സിപിഎം അംഗങ്ങളുമായി എത്താൻ
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിലെ അഴിമതികൾക്കെതിരെ ഇഡി നടപടി പുരോഗമിക്കുമ്പോഴും അവിടെ പണം നിക്ഷേപിച്ചവർ ഇപ്പോഴും ദുരിത ജീവിതത്തിൽ. ജീവിതസമ്പാദ്യം മുഴുവൻ സ്വരുക്കൂട്ടി നിക്ഷേപിച്ചവർക്ക് അവശ്യഘട്ടത്തിൽ പണം നൽകാൻ ബാങ്ക് അധികൃതർക്കാ സാധധിക്കുന്നില്ല. ചികിത്സക്കായി പണം ആവശ്യപ്പെട്ടിട്ടും അത് തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ് പള്ളിപ്പുറത്തെ കുടുംബം.
ഒരു ലക്ഷത്തിൽപരം രൂപ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപമുള്ളപ്പോൾ ഹൃദ്രോഗിയായ ഭർത്താവിന്റെ തുടർ ചികിത്സയ്ക്ക് പണമില്ലാതെ വീട്ടമ്മ വലയുന്നു. ഇഷ്ടിക കമ്പനി തൊഴിലാളി പള്ളിപ്പുറത്ത് വത്സലയാണു ഭർത്താവ് നന്ദനന്റെ തുടർ ചികിത്സയ്ക്ക് പണമില്ലാതെ വലയുന്നത്. കടം വാങ്ങിയാണ് ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടത്തിയത്.
നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടു 2 മാസം മുൻപ് ബാങ്കിന്റെ മാപ്രാണം ശാഖയിൽ എത്തിയപ്പോൾ സിപിഎം അംഗങ്ങളെ ആരെയെങ്കിലും കൊണ്ടുവരണമെന്നാണത്രെ ബാങ്ക് ജീവനക്കാർ നിർദേശിച്ചത്. തുടർന്ന് വത്സലയും മകൻ അശ്വിനും ചേർന്ന് നന്ദനന്റെ ചികിത്സയ്ക്കുള്ള തുക മറ്റു വഴികളിലൂടെ കണ്ടെത്തുകയായിരുന്നു.
12 വർഷം മുൻപ് 65,000 രൂപയാണ് മാപ്രാണം ശാഖയിൽ വത്സല നിക്ഷേപിച്ചത്. ഇതിൽ ഭർത്താവിന്റെ പേരിൽ നിക്ഷേപിച്ചിരുന്ന 20,000 ആദ്യമേ പിൻവലിച്ചിരുന്നു. ബാങ്കിലെ അഴിമതി പുറത്തുവന്ന കാലത്തെ പ്രശ്നങ്ങൾക്കിടയിൽ 10,000 രൂപ വത്സലയ്ക്കു ലഭിച്ചു. എന്നാൽ അത്യാവശ്യഘട്ടത്തിൽ ലഭിക്കേണ്ട ബാക്കി പണം അധികൃതർ നൽകിയില്ല. പാർട്ടി നേതാക്കളെ കൊണ്ടുവന്നാൽ മാത്രമേ തുക ലഭിക്കൂ എന്നു പറഞ്ഞതെന്തുകൊണ്ടെന്നു മനസ്സിലായിട്ടില്ലെന്നും വത്സല പറയുന്നു.
നിത്യരോഗിയായ ഭർത്താവിന്റെ തുടർചികിത്സയ്ക്ക് ഇപ്പോഴും കുടുംബം ബുദ്ധിമുട്ടുകയാണ്. വത്സലയുടെയും ഓട്ടോറിക്ഷാ ഡ്രൈവറായ മകന്റെയും വരുമാനത്തിലാണു കുടുംബം മുന്നോട്ടുപോകുന്നത്. അതേസമയം എസി മൊയ്തീനെ സംരക്ഷിക്കാൻ പാർട്ടി രംഗത്തുവന്നിട്ടുണ്ട്. മൊയ്തീന്റെ വീട്ടിൽ മുക്കിലും മൂലയിലും പരിശോധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഇഎംഎസിന്റെ സമ്പൂർണ കൃതികളും മുഴുവൻ വായിച്ചിട്ടുണ്ടാകാം എന്നും അതാണ് പരിശോധന കൊണ്ടുണ്ടായേക്കാവുന്ന ഏക മെച്ചമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പ്രതികരിച്ചത്.
എ.സി.മൊയ്തീനെതിരായ ഇഡി നടപടികൾക്കെതിരെ സംഘടിപ്പിച്ച എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഇ.ഡി ബിജെപിക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യുന്ന ഇലക്ഷൻ ഡിപ്പാർട്മെന്റ് ആയിരിക്കുകയാണ്. ഇ.ഡി എന്ന സ്ഥാപനത്തോട് കേരളം ബഹുമാനം വച്ചു പുലർത്തുന്നില്ല.
ഒരുറുപ്പിക സ്വന്തം പോക്കറ്റിൽ ഇടില്ല എന്ന് ഉറപ്പുള്ളതിനാലാണ് എ.സി.മൊയ്തീൻ ഇന്ന് ഈ വേദിയിൽ ഇരിക്കുന്നത്. പാർട്ടിയിലെ എല്ലാ നേതാക്കളെപ്പറ്റിയും പാർട്ടിക്ക് ആ വിശ്വാസം ഉണ്ട്. പാർട്ടിക്ക് സ്വന്തം പൊലീസും കോടതിയും ഉണ്ടെന്നല്ല; തെറ്റുകൾ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത കാണിക്കുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി എന്നാണ് അതിന്റെ അർഥം. ഇ.ഡി വന്നതിന്റെ പേരിൽ ആഹ്ലാദിക്കുന്ന ചില കോൺഗ്രസുകാർ ഉണ്ട്. ഞങ്ങളോടിതു വേണ്ട എന്ന് അവരോടു മിതമായ ഭാഷയിൽ പറഞ്ഞുവയ്ക്കുകയാണ്- വിജയരാഘവൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ