തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം ഗതികിട്ടാതെ ഇപ്പോഴും അലയുകയാണ്. സിപിഎം ഭരിച്ച ബാങ്കിന്റെ ചതിയിൽ പെട്ടവർ ഏറെയും സഖാക്കൾ തന്നെയായിരുന്നു. അങ്ങനെയുള്ള സഖാക്കൾ പാർട്ടി നേതാക്കളെ തന്നെ പ്രാകുന്ന അവസ്ഥയാണ് ഉള്ളത്. 82 ലക്ഷം നിക്ഷേപമുള്ള ബാങ്കിൽ ജോഷി ആന്റണി എന്നയാളുടെ വാക്കുകളിൽ പാർട്ടി ചതിച്ചതിന്റെ അമർഷം മുഴുവൻ വ്യക്തമാണ്.

ചികിത്സാവശ്യത്തിന് ജോഷി തന്റെ നിക്ഷേപത്തിൽ നിന്നും പണം ആവശ്യപ്പെട്ടിട്ട് ലഭിച്ചത് നാമമാത്രമായ തുകയാണ്. ഈ സാഹചര്യത്തിലാണ് വൈകാരികമായി കത്തിലൂടെ ജോഷി പ്രതികരിക്കുന്നത്. ബാങ്കിന്റെ മാപ്രാണം ശാഖാ മാനേജർ, അഡ്‌മിനിസ്‌ട്രേറ്റർ എന്നിവർ വാട്‌സാപ്പിലൂടെ അയച്ച കത്ത് ചർച്ചയാകുന്നു. ചികിത്സയ്ക്കുപോലും നിക്ഷേപം ഉപകരിക്കാതെവന്നതിലുള്ള അമർഷമാണ് കത്തിലുള്ളത്. രണ്ടുലക്ഷം മാത്രമാണ് ബാങ്ക് നൽകിയത്.

കുടുംബസ്വത്ത് ഭാഗംവെച്ചപ്പോൾ കിട്ടിയതും തന്റെ അധ്വാനത്തിലൂടെ സമ്പാദിച്ചതുമാണ് ബാങ്കിൽ നിക്ഷേപിച്ചത്. സിപിഎം ഭരിക്കുന്ന കരുവന്നൂർ ബാങ്കിലാണ് നിക്ഷേപം. ഈ വിഷയത്തിൽ ഹൈക്കോടതിയിൽ ജോഷിക്കെതിരേ ബാങ്കിന്റെ വക്കീലും കൂടെ സർക്കാർവക്കീലും പൊരുതുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടിയെ വിമർശിച്ച് കൊണ്ട് കത്ത് എഴുതിയത്.

''അടുത്തൊരു സ്ട്രോക്കിൽ ഞാൻ ഇല്ലാതായാലും ഒരാളും പാർട്ടിയുടെ പേരുപറഞ്ഞ് വീട്ടിൽ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം'' കത്തിലുള്ളതാണിത്. ജോഷി മസ്തിഷ്‌കാഘാതത്തെത്തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. ഇടതുചെവിയുടെ ശേഷി നഷ്ടമായി. ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞു. മുഖം കോടിപ്പോയി. മരുന്നും ഫിസിയോതെറാപ്പിയുമായി കഴിയുകയാണ്. സ്‌കാനിങ്ങിന് വിധേയനായപ്പോഴാണ് കഴുത്തിൽ ട്യൂമർ വളരുന്നത് കണ്ടെത്തിയത്. 2016-ൽ ഒരുതവണ ട്യൂമർ നീക്കിയതാണ്. ഇവിടെനിന്ന് ഡിസ്ചാർജ് ആയാൽ അമൃത ആശുപത്രിയിൽ ട്യൂമർ സർജറിക്കു പോകണം.

2002 നവംബർ 29-ന് ചൊവ്വൂരിലെ വാഹനാപകടത്തിൽ ജോഷി മരിച്ചെന്നുകരുതിയതാണ്. ഇപ്പോൾ നെടുപുഴ പൊലീസ്സ്‌റ്റേഷനിൽ എസ്‌.െഎ. ആയ സി.ഡി. ഡെന്നിയാണ് റോഡിൽക്കിടന്ന ജോഷിയെ ആശുപത്രിയിലെത്തിച്ചത്. രണ്ടാഴ്ചയോളം അബോധാവസ്ഥ. പതിനഞ്ചോളം ശസ്ത്രക്രിയ. ഏഴരവർഷം ക്രെച്ചസ് ഉപയോഗം. ഇക്കാലത്ത് ജോഷി വീട്ടിലിരുന്ന് സിവിൽ എൻജിനിയറിങ് ഡ്രോയിങ് പഠിച്ചു. പിന്നീട് നിർമ്മാണമേഖലയിലേക്കിറങ്ങി സമ്പാദ്യം ഉണ്ടാക്കി. പാവങ്ങൾക്ക് അഞ്ച് വീടും നിർമ്മിച്ചുനൽകി. കുടുംബസ്വത്ത് ഭാഗംവെച്ചപ്പോൾ സഹോദരങ്ങളുടെ പങ്കും ജോഷിയുടെ പേരിലാണ് ബാങ്കിലിട്ടത്. അതാണ് കൂടുതൽ വിഷമമുണ്ടാകാൻ കാരണം.

പാർട്ടിയെയും ബാങ്കിനെയും വിശ്വസിച്ചതാണ് എന്റെ തെറ്റ്. 16 വയസ്സു മുതൽ പൊലീസ് കേസുകളും കൊടിയ മർദനങ്ങളും സഹിച്ചതുമെല്ലാം പാർട്ടിക്കുവേണ്ടിയാണ്. പറ്റുമെങ്കിൽ ഈ കത്ത് പിണറായി വിജയന്റെയോ കെ. രാധാകൃഷ്ണന്റെയോ ശ്രദ്ധയിൽ പെടുത്തണമെന്നും കത്തിലൂടെ ജോഷി ആവശ്യപ്പെടുന്നുണ്ട്. കരുവന്നൂർ ബാങ്കിൽ സഹകരണ മേഖലയ്ക്കു തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ ജോഷിയുടെ കത്ത് സിപിഎമ്മിനും സഹകരണ സ്ഥാപനങ്ങൾക്കും വെല്ലുവിളി സൃഷ്ടിക്കുകയാണ്. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികൾ.