- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂരിൽ കൈപൊള്ളിയപ്പോൾ കലത്തിലെ കറുത്ത വറ്റുകളെല്ലാം നുള്ളിയെടുക്കാൻ സിപിഎം; കണ്ണൂരിൽ അടക്കം സഹകരണബാങ്കുകളിൽ വൻനിക്ഷേപ ചോർച്ച; ചോർച്ചയ്ക്ക് കടിഞ്ഞാണിടാൻ പുതിയ നീക്കം
കണ്ണൂർ: കരുവന്നൂർ സഹകരണ ബാങ്ക് കുംഭകോണത്തെ തുടർന്ന് വെട്ടിലായ സി പി എം, സഹകരണമേഖലയെന്ന സ്വർണപാത്രത്തിൽ വീണ കറുത്ത വറ്റുകൾ നീക്കം ചെയ്യാൻ അടിയന്തര നടപടിക്കൊരുങ്ങുന്നു. കണ്ണൂർ ജില്ലയിലുൾപ്പെടെയുള്ള സഹകരണബാങ്കുകളിൽ വൻനിക്ഷേപ ചോർച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ബാങ്കിൽ നിന്നും ലക്ഷങ്ങൾ പിൻവലിക്കുന്ന പ്രവണതയ്ക്കു തടയിടാനാണ് അടിയന്തര നടപടിയുമായി പാർട്ടി നേതൃത്വം രംഗത്തുവന്നത്.
കരുവന്നൂർ ബാങ്കിലെ നിക്ഷേപ തട്ടിപ്പുവാർത്തകൾ പുറത്തുവരികയും അതിനോട് പാർട്ടി നേതാക്കൾ നടത്തുന്ന ധാർഷ്ട്യത്തോടെയുള്ള പ്രതികരണവുമാണ് സഹകരണ ബാങ്കുകളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചവരെ ആശങ്കയിലാക്കിയത്. ഇതോടെയാണ് പലരും പലകാരണങ്ങൾ പറഞ്ഞു ഇത്തരം ബാങ്കുകളിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിച്ചു പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റി തുടങ്ങിയത്. ഇതുവൻ തിരിച്ചടിയാണ് സിപിഎം നിയന്ത്രിത സഹകരണ ബാങ്കുകൾക്കുണ്ടായിരിക്കുന്നത്.
വർഷത്തിൽ നിക്ഷേപസമാഹരണം നടത്തി ശേഖരിക്കുന്ന കോടികളാണ് ഇങ്ങനെ പിൻവലിഞ്ഞു പോകുന്നത്. ഇതിനു തടയിടുന്നതിനാണ് കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ അടിമുടി പരിശോധനയ്ക്ക് സി.പി. എം ഒരുങ്ങുന്നത്. കരുവന്നൂർ ബാങ്ക് വിവാദത്തെ തുടർന്നാണ് സി.പി. എം ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയിലും ഇതു ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെടുക്കുന്നതെന്നു പ്രമുഖസഹകാരിയായ ഒരു സി.പി. എം നേതാവ് വ്യക്തമാക്കി.
ഓരോസ്ഥാപനത്തിലും ക്രമക്കേടുനടന്നിട്ടുണ്ടോയെന്ന കാര്യം അന്വേഷണിക്കുന്നതിന് അതത് പ്രാദേശിക പാർട്ടി ഘടകങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ മുഴുവൻ ബാങ്ക് ഡയറക്ടർമാരുടെയം ജീവനക്കാരുടെയും യോഗം സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റി വിളിച്ചിട്ടുണ്ട്. 14,15 ദിവസങ്ങളിൽ ജില്ലയിലെ ഏരിയാകേന്ദ്രങ്ങളിലാണ് യോഗം നടക്കുക.സി.പി. എം സംസ്ഥാന നേതാക്കൾ ഉൾപ്പെടെ യോഗങ്ങളിൽ പങ്കെടുക്കും. ജില്ലാനേതാക്കൾക്കാണ് ഓരോ കേന്ദ്രങ്ങളിലെയും സഹകരണസ്ഥാപന പ്രതിനിധികളുടെ യോഗത്തിന്റെ ചുമതല.
നിലവിൽ പാർട്ടിഅംഗങ്ങളായ സഹകരണ ജീവനക്കാരുടെ യോഗമാണ് വിളിച്ചു ചേർത്തിട്ടുള്ളത്. സഹകരണവകുപ്പിൽ ജോലി ചെയ്യുന്ന അനുഭാവി സഖാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടു വിപുലമായ മേഖലായോഗങ്ങൾ നവംബറിൽ ചേരും. സഹകരണബാങ്ക് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള സ്ഥാപനം നിയന്ത്രിക്കുന്നവർ മുഴുവൻ യോഗത്തിൽ പങ്കെടുക്കണമെന്ന നിർദ്ദേശമുണ്ട്. വായ്പാക്രമക്കേടു നടന്നുവെന്നു ആരോപണമുള്ള സഹകരണബാങ്കുകളിൽ പാർട്ടി പ്രാദേശിക നേതൃത്വം റിപ്പോർട്ട് ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട സഹകരണബാങ്ക് മേധാവികളുമായി കൂടിയാലോചിച്ചു അടിയന്തര തിരുത്തലുകളുണ്ടാവും.കരുവന്നൂർ സഹകരണ ബാങ്ക് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ഇടപെടാനും തിരുത്തൽ വരുത്താനും സിപിഎം സംസ്ഥാന തലത്തിൽ തന്നെ തീരുമാനിച്ചത്. ഇതിന്റെ തുടക്കമാണ് കണ്ണൂരിൽ ഈമാസം നടക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്