- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെ എ എസ് നടപ്പാക്കിയിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ പാര്‍ട്രിയാര്‍ക്കിസം! കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിന്റെ രണ്ടാം ഘട്ട വിജ്ഞാപനം ഇറങ്ങേണ്ടിയിരുന്നത് 2021 ഒക്ടോബറില്‍; സെക്രട്ടറിയേറ്റില്‍ നിന്നു തസ്തികകള്‍ കെ.എ.എസിലേക്ക് മാറ്റുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് പിണറായി പ്രസംഗം പിടിവള്ളിയോ? കെ എ എസിന് ഇനി എന്തു സംഭവിക്കും?
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിന്റെ (കെ.എ.എസ്) ആദ്യ ബാച്ചിലെ ചിലര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുമ്പോള്‍ കെ എ എസിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ സര്‍വ്വീസ് സംഘടനകള്‍. വിവിധ വകുപ്പുകളില്‍ കെ.എ.എസുകാരെ നിയമിച്ചത് അവിടെ നിലവിലുള്ള സമ്പ്രദായങ്ങള്‍ അതുപോലെ തുടര്‍ന്നു പോകാനല്ല. തിരുത്താനുള്ളവര്‍ തിരുത്താന്‍ തയാറാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷിക സമ്മേളനവും കെ.എ.എസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിമര്‍ശനം ആയുധമാക്കാനാണ് സര്‍വ്വീസ് സംഘടനകളുടെ തീരുമാനം. മാറ്റമുണ്ടായില്ലെങ്കില്‍ പിന്നെ എന്തിനാണ് കെ എ എസ് എന്ന ചോദ്യം സര്‍വ്വീസ് സംഘടനകള്‍ ഉയര്‍ത്തും.
''ഇത്രയും പ്രക്രിയകളിലൂടെ നിങ്ങളെ തെരഞ്ഞെടുത്ത് വിവിധ വകുപ്പുകളില്‍ നിയമിച്ചത് അവിടെ നിലവിലുള്ള സമ്പ്രദായങ്ങള്‍ അതുപോലെ തുടര്‍ന്നു പോകാനല്ല എന്ന തിരിച്ചറിവുണ്ടാകണം. ആ വകുപ്പുകലില്‍ പുരോഗനാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയണം. പുതുപാത വെട്ടിത്തുറക്കാനാകണം. ചുവപ്പുനാട പഴയതു പോലെ ഇല്ല, പക്ഷേ ചില വകുപ്പുകളില്‍ ഇപ്പോഴും ഉണ്ട്. അത് മാറ്റിയെടുക്കണം. അടുത്ത ബാച്ചിനെ നിയമിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. പാര്‍ട്രിയാര്‍ക്കിസം എന്ന പ്രയോഗം അറിയാമല്ലോ, ഇന്നത് പഴയതുപോലെ നിലനില്‍ക്കുന്നില്ല. എന്നാല്‍ ചില വകുപ്പുകളില്‍ ഏറിയും കുറഞ്ഞുമെല്ലാം അത് നിലനില്‍ക്കുന്നുണ്ട്. അതിനെക്കൂടി ഇല്ലാതാക്കാനാണ് നിങ്ങളെ നിയമിച്ചതെന്ന ഓര്‍മ വേണം. അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ഫയലുകളില്‍ കാലതാമസം പാടില്ല. ജനപ്രതിനിധികളെ വിലകുറച്ച് കാണരുത്. ജനങ്ങള്‍ക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നല്‍കലാകണം ഫയല്‍ നോട്ടത്തിന്റെ മാനദണ്ഡം'' -ഇതാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഗുരുതര പരാമര്‍ശങ്ങളാണ് ഇതിലുള്ളത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ (കെ.എ.എസ്) രണ്ടാം ബാച്ചിന്റെ വിജ്ഞാപനം നീളുന്നതിനിടെയാണ് പിണറായിയുടെ പരാമര്‍ശം. നിരവധി ഉദ്യോഗാര്‍ത്ഥികളാണ് ഇതിനായി കാത്തിരിക്കുന്നത്.രണ്ടാഴ്ച മുമ്പ് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് അടുത്ത കെ.എ.എസ് നിയമനത്തിനുള്ള നടപടികളിലേക്ക് കടക്കാന്‍ ധാരണയായത്.2019 നവംബര്‍ ഒന്നിനായിരുന്നു ആദ്യ വിജ്ഞാപനം. 2021ല്‍ ഒക്ടോബറില്‍ 29 തസ്തികകളിലായി 105 പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നാണ് കെ.എ.എസ് സ്പെഷ്യല്‍ റൂളിലുള്ളത്. ഇതുപ്രകാരം 2021ല്‍ രണ്ടാം വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു. തസ്തികകള്‍ കണ്ടെത്താനാവാതെ വന്നതോടെ അതു പാലിക്കാന്‍ കഴിഞ്ഞില്ല. കെ.എ.എസില്‍ പ്രവേശിക്കുന്നവര്‍ എട്ടുവര്‍ഷം കേഡര്‍ തസ്തികകയില്‍ തുടരുന്നതിനാല്‍ പുതിയ ഒഴിവുകള്‍ കുറവാണ് .
ഇതിനു പരിഹാരമായി രണ്ടാം ബാച്ച് മുതല്‍കേഡര്‍ സ്‌ട്രെംഗ്ത്തായ 105ല്‍ 31 തസ്തികകള്‍ (30 ശതമാനം) ഐ.എ.എസ് മാതൃകയില്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷന്‍ റിസര്‍വ് ആക്കാനാണ് നീക്കം. ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ പോകുമ്പോള്‍ ഒഴിവുവരുന്ന തസ്തികകളില്‍ കേന്ദ്രം നിയമനം നടത്തുന്ന രീതി കെ.എ.എസിലും നടപ്പാക്കാനാണ് നീക്കം. ഇതിനായി കെ.എ.എസ് സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യും. ഡെപ്യൂട്ടേഷന്‍ എല്ലാ വകുപ്പിലും കണ്ടെത്താന്‍ ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇതിനെ സര്‍വ്വീസ് സംഘടനകള്‍ അനുകൂലിക്കുന്നില്ല. പിണറായിയുടെ വിമര്‍ശനം ചര്‍ച്ചയാക്കി കെ എ എസിനെതിരെ പ്രചരണം അവര്‍ ഇനിയും ശക്തമാക്കും. ഡെപ്യൂട്ടേഷന്‍ റിസര്‍വായി 40-ഓളം ഒഴിവ് കണ്ടെത്തിയെങ്കിലും ഇത് കെ.എ.എസില്‍ ഉള്‍പ്പെടുത്തി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സര്‍വീസ് സംഘടനകളുടെ സമ്മര്‍ദമാണ് വിജ്ഞാപനം വൈകാനുള്ള പ്രധാനകാരണം. ഈ വര്‍ഷമെങ്കിലും വിജ്ഞാപനം വന്നില്ലെങ്കില്‍ പ്രായപരിധി പിന്നിടുന്ന വലിയവിഭാഗത്തിന് കെ.എ.എസിനുള്ള അവസരം നഷ്ടപ്പെടും.
സെക്രട്ടറിയേറ്റില്‍ നിന്നു തസ്തികകള്‍ കെ.എ.എസിലേക്ക് മാറ്റരുതെന്നു ആവശ്യപ്പെട്ട് സര്‍ക്കാരിനു സിപിഎം അനുകൂല സംഘടനയുടെ കത്ത് ലഭിച്ചിരുന്നു. കൂടുതല്‍ തസ്തികകള്‍ ഉള്‍പ്പെടുത്തിയാല്‍ സെക്രട്ടറിയേറ്റ് സര്‍വീസ് തന്നെ ഇല്ലാതാകുമെന്നു വാദം. പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികകള്‍ കെ.എ.എസിനായി നീക്കിവെക്കണമെന്നും ബദല്‍ നിര്‍ദേശം. രണ്ടാംഘട്ട കെ.എ.എസ് വിഞ്ജാപനത്തിനായി സെക്രട്ടറിയേറ്റിലെയടക്കം തസ്തികകളാണ് കണ്ടെത്തിയിരുന്നത്. 44 തസ്തികകളും സെക്രട്ടറേറ്റില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍ തസ്തികളും പുതിയ വിഞ്ജാപനത്തിനായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ രംഗത്തെത്തിയത്. ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ കെ.എ.എസിലേക്ക് മാറ്റിയാല്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കും. അതിനാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകള്‍ കെ.എ.എസിലേക്ക് മാറ്റിവെയ്ക്കണമെന്നുമാണ് ബദല്‍ നിര്‍ദേശമായി സമര്‍പ്പിച്ചത്.
കെ എ എസിന് കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ചുവടെ
കെ.എ.എസ് ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളില്‍ നിയമിച്ചത് പുരോഗമനപരമായ മാറ്റങ്ങള്‍ വകുപ്പുകളില്‍ കൊണ്ടുവരാന്‍ വേണ്ടിയാണ്. പഴയതിന്റെ തുടര്‍ച്ചക്ക് അധ്യക്ഷത വഹിക്കുവാനുള്ള സ്ഥാനമല്ല കെ.എ.എസ്. മറിച്ച് മാറ്റങ്ങള്‍ക്കും ജാഗ്രതാ പൂര്‍ണമായ ഇടപെടലുകള്‍ക്കും നവീകരണത്തിനും പുതിയ ചാല് കീറാനുള്ളവരാണ് കെ.എ.എസ് ഉദ്യോഗസ്ഥര്‍. കെ.എ.എസ് ആദ്യ ബാച്ച് എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ക്ക് ഒപ്പം സര്‍ക്കാര്‍ നിന്നിരുന്നു. ഉദ്യോഗസ്ഥര്‍ നേരിട്ട സര്‍വീസ് പ്രശ്നങ്ങളില്‍ വലിയ അളവില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍തന്നെ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പെഷ്യല്‍ റൂള്‍ ഭേദഗതി സംബന്ധിച്ച് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. അതോടൊപ്പം തന്നെ ഓള്‍ ഇന്ത്യ സര്‍വീസ് മാതൃകയില്‍ കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് പിരിയോടിക്കല്‍ ട്രെയിനിങ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കും. അപ്രധാന വകുപ്പുകളെ സുപ്രധാനമുള്ളതാക്കി മാറ്റുവാന്‍ കെ.എ.എസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. ജി 20 ഉച്ചകോടിയുടെ യോഗങ്ങളിലും, കേരളീയം, നവ കേരളസദസ് തുടങ്ങിയ പരിപാടികളിലും കെ.എ.എസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുവാന്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കെ.എ.എസ് ഉദ്യോഗസ്ഥരില്‍ സംസ്ഥാന സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോസിറ്റീവ് സമീപനം പുലര്‍ത്തണം. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൊണ്ട് ഫയലുകളില്‍ തീരുമാനമെടുക്കാനുള്ള കാലതാമസം കുറക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അടുത്ത ബാച്ച് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കുവാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആദ്യ കെ.എ.എസ് ബാച്ച് എന്ന നിലയില്‍ ഇനി വരുന്ന ബാച്ചുകള്‍ക്ക് മാതൃകയാകുന്ന തരത്തിലേക്ക് ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജനാധിപത്യത്തോട് ആദരവ് പുലര്‍ത്തിക്കൊണ്ട് ഭരണ നിര്‍വഹണം നടത്തണം. പുരോഗമന മതേതര മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥ സമൂഹത്തെയാണ് നമുക്ക് വേണ്ടത്. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന് ഉത്തരവാദിത്ത സമീപനമുള്ള ഉദ്യോഗസ്ഥ സംസ്‌കാരം അനിവാര്യമാണ്. ഭരണരംഗത്ത് ചില പുത്തന്‍ കാഴ്ചപ്പാടുകള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, സമഭാവനയോടെയുള്ള പെരുമാറ്റം, പൗരാവകാശത്തെ പറ്റിയുള്ള അവബോധം, ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസം എന്നീ ഗുണങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉയര്‍ന്ന സേവന ബോധം, മതനിരപേക്ഷത മനോഭാവം എന്നിവയോടൊപ്പം പുരോഗമനപരമായ പക്ഷത്ത് ഉദ്യോഗസ്ഥര്‍ നില്‍ക്കണം. നിയമാനുസൃതമായ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ആര്‍ജ്ജവവും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.