- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ടെ ആരോഗ്യ സംവിധാനം പരിമിതം; പ്രശ്ന പരിഹാരത്തിന് ഫണ്ട് നൽകിയത് സിപിഎം ആശുപത്രിക്കും; സഹകരണ ആശുപത്രിക്ക് പൊതുഖജനാവിൽ നിന്ന് 24.5 കോടി നൽകാൻ നിർദ്ദേശിച്ചത് കോടതിയിൽ എത്തുമ്പോൾ വിചിത്ര മറുപടിയുമായി സർക്കാർ; ഇത് സർക്കാർ ആശുപത്രിയെ മറക്കുന്ന ഇടപെടൽ
കാസർകോട്: കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിക്ക് പൊതുഖജനാവിൽ നിന്ന് 24.5 കോടി നൽകാൻ നിർദ്ദേശിച്ചത് വിവാദത്തിൽ. ആരോഗ്യത്തിലെ 'കേരാളാ മോഡലിന്' തിരിച്ചടിയാണ് ഇത്. ജില്ലയിലെ ആരോഗ്യ രംഗത്തെ പരിമിതി പരിഹരിക്കാനെന്ന വിചിത്ര വാദവുമായാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്. തദ്ദേശ ഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാരിന്റെ ഈ വാദം. ഇതോടെ കാസർകോട് ആരോഗ്യ സംവിധാനം ഒരുക്കുന്നതിൽ പരാജയമായെന്ന് സർക്കാരും സമ്മതിക്കുകയാണ്.
10 വർഷം മുൻപു നിർമ്മാണം തുടങ്ങിയ ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളജ് നിർമ്മാണം അടക്കം ജില്ലയിലെ ആരോഗ്യ മേഖലയിലെ ഒട്ടേറെ പ്രവൃത്തികൾ സർക്കാർ പണം നൽകാതെ നിർമ്മാണം നിലച്ചിരിക്കുകയാണ്. എൻഡോസൾഫാൻ ദുരിത ബാധിതർ പോലും ഇതിൽ പ്രതിഷേധത്തിലാണ്. ഇതിന് വേണ്ടിയാണ് തിരുവനന്തപുരത്ത് ദയാബായിയുടെ നേതൃത്വത്തിൽ സത്യഗ്രഹം പോലും നടത്തിയത്. എന്നാൽ കാസർകോട്ടെ ആരോഗ്യ സംവിധാനം മികച്ചതാണെന്നായിരുന്നു അന്നെല്ലാം സർക്കാർ പറഞ്ഞത്. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്. പൊതു ഖജനാവിൽ നിന്ന് സിപിഎമ്മിന്റെ ആശുപത്രിക്ക് പണം നൽകി ജില്ലയിൽ ആരോഗ്യ പ്രശ്‌നം പരിഹരിക്കുന്നതായി സർക്കാർ പറയുമ്പോൾ അത് മറ്റൊരു വിചിത്രതയായി മാറുന്നു.
കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം കരാറുകാരനു പണം നൽകാത്തതിനാൽ പണി മുടങ്ങിയിട്ട് മാസങ്ങളായി. കരാറുകാരന് കിട്ടാനുള്ളത് 8 കോടി രൂപയാണ്. കാസർകോട് ജനറൽ ആശുപത്രിയിലും സമാന പ്രശ്‌നങ്ങളുണ്ട്. ജില്ലാ ആശുപത്രിക്കായി എൻഡോസൾഫാൻ പാക്കേജിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായി ലിഫ്റ്റിന്റെ നിർമ്മാണ തടസം കാരണം 5 വർഷമായിട്ടും പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വിവിധ താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് സെന്ററുകൾ, കിടത്തി ചികിത്സ, ഡോക്ടർമാരുടെ നിയമനം, മെഡിക്കൽ ഉപകറണങ്ങൾ എന്നിവ വാങ്ങാതെ ബാക്കി കിടക്കുന്നു. പണമില്ലാത്തതിന് ആവശ്യത്തിന് ഡോക്ടർമാരുമില്ല. ഇതിനിടെയാണ് സിപിഎം ആശുപത്രിക്ക് പണം അനുവദിക്കാൻ ശ്രമിച്ചത്.
കാഞ്ഞങ്ങാട്ടെ പ്രവർത്തനം നിലച്ച ഒരു സ്വകാര്യ ആശുപത്രി 2001ൽ സിപിഎം നേതൃത്വത്തിൽ ആരംഭിച്ച സൊസൈറ്റി ഏറ്റെടുത്തിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം പ്രവർത്തനം മുന്നോട്ടുപോയില്ല. 2022 ഫെബ്രുവരിയിൽ സ്വന്തം പാർട്ടിയുടെ ഭരണത്തണലിൽ ആശുപത്രിക്കു പണം അനുവദിക്കാൻ സൊസൈറ്റി സെക്രട്ടറി സർക്കാരിലേക്കു കത്തു നൽകി. അപേക്ഷ കിട്ടി തൊട്ടടടുത്ത മാസം തന്നെ പണം നൽകാൻ അനുവദിച്ച് തദ്ദേശ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ഉത്തരവിറക്കി. കാഞ്ഞങ്ങാട് നഗരസഭ 2 കോടി, മറ്റ് നഗരസഭകളും ഗ്രാമ പഞ്ചായത്തുകളും 50 ലക്ഷം വീതം, 8 ബ്ലോക്ക് പഞ്ചായത്തുകൾ 25 ലക്ഷം വീതം, ജില്ലാ പഞ്ചായത്ത് ഒരു കോടി എന്നിങ്ങനെ നൽകി 24.5 കോടി സമാഹരിക്കാനായിരുന്നു നീക്കം. എന്നാൽ പാർട്ടി നേതൃത്വത്തിലുള്ള സ്വകാര്യ സംരംഭത്തിന് ഇത്രയും തുക അനുവദിക്കാനുള്ള നീക്കം വിവാദമായി.
സർക്കാർ ഉത്തരവിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് നൽകിയ റിട്ട് ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സർക്കാർ നൽകിയ എതിർ സത്യവാങ്മൂലത്തിലാണു ജില്ലയിലെ ആരോഗ്യചികിത്സാ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ഈ വികസിപ്പിച്ച് സൗകര്യമൊരുക്കിയാൽ ആശ്വാസമാകുമെന്നും പറഞ്ഞത്. എന്നാൽ ഈ ആശുപത്രിയിൽ സാധാരണക്കാർക്ക് ചികിൽസിക്കണമെങ്കിൽ പണം നൽകിയേ മതിയാകൂ. ജില്ലയിലെ ആരോഗ്യ മേഖല പരിതാപകരമാണെന്നും അതിനാൽ സഹകരണ ആശുപത്രികൾക്ക് ഫണ്ട് നൽകി അത്തരം ആശുപത്രികൾ വികസിപ്പിക്കാനാണ് ഫണ്ട് നൽകാൻ നിർദ്ദേശിച്ചതെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.
സർക്കാർ ഉത്തരവിനെ തുടർന്ന് ചില തദ്ദേശ സ്ഥാപനങ്ങൾ ആശുപത്രിക്ക് പണം നൽകാനൊരുങ്ങിയിരുന്നു. എന്നാൽ യുഡിഎഫ് ബിജെപി പാർട്ടികൾ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും ഉത്തരവിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ വരികയും ചെയ്തതോടെ നഗരസഭകൾക്കും വിവിധ പഞ്ചായത്തുകൾക്കും പണം നൽകാനായില്ല. ജില്ലയിലെ ചികിത്സാ രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണെങ്കിൽ പണം നൽകേണ്ടത് ഇവിടത്തെ സർക്കാർ ആശുപത്രികൾക്കാണ്. പഞ്ചായത്തിനു കീഴിൽ തന്നെ പിഎച്ച്‌സികളുണ്ട്.
ജില്ലാ പഞ്ചായത്തിനു കീഴിൽ ജില്ലാ ആശുപത്രിയുണ്ട്. വിവിധ താലൂക്ക് ആശുപത്രികളുണ്ട്. ഇവിടേക്കൊന്നും സർക്കാർ പണം നൽകാതെ അടിസ്ഥാന സൗകര്യങ്ങൾ മുടങ്ങിക്കിടക്കുമ്പോഴാണ് പാർട്ടി വക ആശുപത്രിക്കു പണം നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ