- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് ഒരു മാസം പിന്നിട്ടു; നന്നാക്കുന്നതിൽ അനാസ്ഥ; മരിച്ച രോഗിയുടെ മൃതദേഹം താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികൾ; ആരോഗ്യ മന്ത്രി ഇടപെട്ടിട്ടും പരിഹാരമില്ലെന്ന് ആക്ഷേപം
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായി ഒരുമാസം പിന്നിട്ടിട്ടും പരിഹാരം കാണുന്നതിൽ അധികൃതർ അനാസ്ഥ തുടർന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. ഇന്ന് ആശുപത്രിയിൽ ചികിൽസിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമന്ന് താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികളാണ്. കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഓപ്പറേഷൻ തീയറ്റർ, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയിൽ റാമ്പ് സംവിധാനം ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ആരോഗ്യ മന്ത്രി ഇടപെട്ടിട്ടും കേടായ ലിഫ്റ്റ് നന്നാക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്നാണ് ആക്ഷേപം.
ലിഫ്റ്റ് തകരാർ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്റെ അനാസ്ഥ മൂലമാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചിരുന്നു. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലുമെടുക്കും ഇത് ശരിയാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം. അതുവരെ രോഗികളും കൂട്ടിരിപ്പുകാരും പടികൾ കയറി ഇറങ്ങണം.
ജനറൽ ആശുപത്രിയിലെ കേടായ ലിഫ്റ്റിന് പകരം ആസ്തി വികസന ഫണ്ടിൽ നിന്ന് പുതിയത് നൽകാൻ തയ്യാറാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞിരുന്നു. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്.
ജനങ്ങളും രോഗികളും നേരിടുന്ന പ്രശ്‌നത്തിൽ പരിഹാരം കാണാൻ ആസ്തി വികസന ഫണ്ടിൽ നിന്ന് പണം നൽകാൻ തയ്യാറാണെന്ന് എംഎൽഎ പറഞ്ഞെങ്കിലും ധനവകുപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിലേ ഇത് സാധ്യമാകൂ. എംഎൽഎയുടെ വാഗ്ദാനത്തിനോട് ഇതുവരെ ഇടത് സർക്കാർ പ്രതികരിച്ചിട്ടില്ല.
ലിഫ്റ്റ് സ്ഥാപിച്ച കമ്പനി വാർഷിക അറ്റകുറ്റപ്പണി കരാർ ഏറ്റെടുക്കാതിരുന്നതോടെ കഴിഞ്ഞ വർഷം പുറമേ നിന്നുള്ള കമ്പനിക്കായിരുന്നു കരാർ. ഈ കമ്പനി ഒരിക്കൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പിന്നെയും ലിഫ്റ്റ് കേടായതാണു പ്രതിസന്ധിക്കു കാരണം.
കേടുപാട് പരിഹരിക്കാൻ കമ്പനിയിൽ നിന്ന് എസ്റ്റിമേറ്റ് രേഖാമൂലം ആശുപത്രി അധികൃതർക്കു കിട്ടിയിരുന്നു ഇതിന്മേൽ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ ഉപദേശം കൂടി ലഭ്യമാക്കിയാണ് അനുമതി നൽകേണ്ടത്. മറ്റു 2 കമ്പനികളുടെ കൂടി എസ്റ്റിമേറ്റ് പ്രതീക്ഷിക്കുന്നുമുണ്ട്. ഇതിനെല്ലാം ശേഷമായിരിക്കും തുടർനടപടി.
ലിഫ്റ്റ് സ്ഥാപിച്ച ശേഷം അറ്റകുറ്റപ്പണി കരാർ സ്വീകരിക്കാത്ത കമ്പനി അധികൃതരെ ആരോഗ്യവകുപ്പ് ഓഫിസ് അധികൃതർ വിളിപ്പിച്ചു. തുടർന്ന് കമ്പനിയുമായി ബന്ധപ്പെട്ടവർ ജനറൽ ആശുപത്രിയിലെത്തി ലിഫ്റ്റ് കേടുപാട് പരിശോധിച്ചു. കേടായ സാമഗ്രികളുടെ പട്ടിക ജനറൽ ആശുപത്രി അധികൃതർക്കു നൽകി. പരിശോധിച്ചു എന്നതിനു സാക്ഷ്യപത്രം വാങ്ങിയാണ് സംഘം മടങ്ങിയത്. എന്നാൽ കേടുപാട് പരിഹരിക്കുന്നതിനു ആവശ്യമായ ചെലവ് ഉൾപ്പെടെയുള്ള വിവരം നൽകിയിട്ടില്ല.
ജനറൽ ആശുപത്രിയിൽ നിലവിൽ കേടായ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ സാധ്യമാണെങ്കിൽ അത് നിലനിർത്താനും പുതിയ ലിഫ്റ്റ് വാങ്ങാനും അധികൃതർ ശ്രമം നടത്തുന്നുണ്ട്.ആസ്തി വികസന ഫണ്ടിൽ നിന്ന് പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിനു ഫണ്ട് അനുവദിക്കാമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, ഫണ്ട് കിട്ടണമെങ്കിൽ ധനവകുപ്പിന്റെ അനുമതി വേണം.
മറുനാടന് മലയാളി ബ്യൂറോ